ലഗേജിൽ നിയന്ത്രിത മരുന്ന്: യാത്രക്കാരന് തടവും പിഴയും
text_fieldsദുബൈ: യു.എ.ഇയിൽ നിയന്ത്രണമുള്ള ഗുളിക ലഗേജിൽ സൂക്ഷിച്ചതിന് വിമാന യാത്രക്കാരന് ദുബൈ ക്രിമിനൽ കോടതി രണ്ടു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ചുമത്തി. നാൽപത്തിയഞ്ചുകാരനായ ഏഷ്യക്കാരനാണ് ശിക്ഷ ലഭിച്ചത്.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരിശോധനയിൽ ഇയാളുടെ ലഗേജിൽ നിന്ന് 480 മരുന്ന് ക്യാപ്സ്യൂളുകൾ കസ്റ്റംസ് വിഭാഗം കണ്ടെത്തിയിരുന്നു. ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ രാജ്യത്ത് നിയന്ത്രണത്തിലുള്ള മരുന്നുകളാണ് ഇവയെന്ന് കണ്ടെത്തി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകൾ കൊണ്ടുവരുന്നതിന് നിരോധനമുണ്ട്. മരുന്ന് കൈവശം വെച്ചതിന് കൃത്യമായ മെഡിക്കൽ രേഖകളും ഇയാളുടെ കൈവശമില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. യു.എ.ഇയിലെ ചിലർക്ക് വിതരണം ചെയ്യാനാണ് സ്വന്തം രാജ്യത്തുനിന്ന് മരുന്ന് കൊണ്ടുവന്നതെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ വ്യക്തമാക്കിയത്.
ജയിൽ ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടു കടത്താനും കോടതി ഉത്തരവിട്ടു. ജയിൽ മോചിതനായി രണ്ടു വർഷത്തിനു ശേഷവും യു.എ.ഇ സെൻട്രൽ ബാങ്കിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും മുൻകൂർ അനുമതിയില്ലാതെ പ്രതി നേരിട്ടോ അല്ലാതെയോ അക്കൗണ്ടിലൂടെ പണം കൈമാറുന്നതിൽനിന്നും കോടതി വിലക്കേർപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

