നിർമിത ബുദ്ധിയിലെ സംഭാവന: സാം ആല്‍ട്ട്മാന്‍ ഹോണററി ഡോക്ടറേറ്റ്
text_fieldsഓപണ്‍ എ.ഐ സി.ഇ.ഒ സാം ആല്‍ട്ട്മാന്‍ മുഹമ്മദ് ബിന്‍
സായിദ് യൂനിഫോഴ്സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹോണററി ഡോക്ടറേറ്റ് സമ്മാനിക്കുന്നു
അബൂദബി: മുഹമ്മദ് ബിന്‍ സായിദ് യൂനിഫോഴ്സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി (എം.ബി.ഇസെഡ്.യു.എ.ഐ) ന്റെ ആദ്യ ഹോണററി ഡോക്ടറേറ്റിന് അര്‍ഹനായി ഓപണ്‍ എ.ഐ സി.ഇ.ഒ സാം ആല്‍ട്ട്മാന്‍. അബൂദബിയിലെ യൂനിവേഴ്സിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സാം ആല്‍ട്ട്മാന്‍ ഹോണററി ഡോക്ടറേറ്റ് ഏറ്റുവാങ്ങി. അബൂദബി കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് ചടങ്ങില്‍ സംബന്ധിച്ചു.
യൂനിവേഴ്സിറ്റി നല്കിയ ആദരവിന് നന്ദി പറഞ്ഞ സാം ആല്‍ട്ട്മാന്‍ എ.ഐ ഗവേഷണത്തില്‍ യു.എ.ഇയും യൂനിവേഴ്സിറ്റിയും കാഴ്ചവയ്ക്കുന്ന പ്രതിബദ്ധതയെ പ്രശംസിക്കുകയും ചെയ്തു. ഗവേഷണ ലാബുകളില്‍ നിന്ന് യഥാര്‍ഥ ലോകത്തിലേക്ക് നിര്‍മിതബുദ്ധിയെ അഭൂതപൂര്‍വമായ തോതില്‍ പരിവര്‍ത്തനം ചെയ്യുന്നതിലും ചാറ്റ് ജിപിറ്റിയിലൂടെയും ഓപണ്‍ ഐയുടെ മറ്റ് ഉല്‍പ്പന്നങ്ങളിലൂടെയും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കള്‍ക്ക് നിര്‍മിത ബുദ്ധി ലഭ്യമാക്കിയതില്‍ അദ്ദേഹം വഹിച്ച പങ്കിനെ മാനിക്കുന്നതിനുമാണ് ഹോണറിറി ഡോക്ടറേറ്റ് സമ്മാനിക്കുന്നതെന്ന് യൂനിവേഴ്സിറ്റി വ്യക്തമാക്കി. നിര്‍മിത ബുദ്ധിയില്‍ ബിരുദകോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന ആദ്യ ഗവേഷണ യൂനിവേഴ്സിറ്റിയായ മുഹമ്മദ് ബിന്‍ സായിദ് യൂനിഫോഴ്സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് 2019ലാണ് അബൂദബിയില്‍ ആരംഭിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ വിഷന്‍, മെഷീന് ലേണിങ്, നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിങ്, റോബോട്ടിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഡാറ്റ സയന്‍സ് എന്നിവയില്‍ ബിരുദ, ബിരുദാനന്തര, പി.എച്ച്ഡി പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്ന സര്‍വകലാശാല പുതിയ തലമുറയിലെ എ.ഐ പ്രതിഭകളേയും വിദഗ്ധരെയും സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

