കായിക മേഖലയുടെ ദുബൈക്ക് സംഭാവന 900 കോടി ദിർഹം
text_fieldsദുബൈ ഗ്ലോബ് സോക്കർ പുരസ്കാരം മുഹമ്മദ് സലാഹിന് സമ്മാനിക്കുന്നു (ഫയൽ ചിത്രം)
ദുബൈ: കായിക മേഖലയിലൂടെ കഴിഞ്ഞ വർഷം ദുബൈക്ക് ലഭിച്ചത് 900 കോടി ദിർഹം. ദുബൈ സൂപ്പർ കപ്പ്, വേൾഡ് ടെന്നിസ്ലീഗ് ഉൾപെടെ ഇവിടെ നടന്ന രാജ്യാന്തര, പ്രാദേശിക ടൂർണമെന്‍റുകളിൽ നിന്നാണ് ഇത്രയേറെ വരുമാനം ലഭിച്ചത്. ദുബൈ സ്പോർട്സ് കൗൺസിലാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. മത്സരങ്ങൾക്ക് പുറമെ കായിക മേഖലക്ക് ഊർജം പകർന്ന് അന്താരാഷ്ട്ര കോൺഫറൻസുകളും പരിശീലനങ്ങളും ദുബൈയിൽ നടന്നിരുന്നു.
ദുബൈയുടെ ജി.ഡി.പിയിൽ 2.3 ശതമാനം സംഭാവന നൽകാൻ സ്പോർട്സിന് കഴിഞ്ഞു. 105 ഇനം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കായിക മേഖലക്ക് സാധിച്ചു. സ്പോർട്സിനൊപ്പം ടൂറിസം മേഖലക്കും ഇത് ഏറെ ഉപകാരപ്പെട്ടു. മുൻവർഷങ്ങളെ അപേക്ഷിച്ച് കായിക മത്സരങ്ങളുടെ എണ്ണത്തിലും വൻ വർധനവുണ്ടായി. 103 അന്താരാഷ്ട്ര കായിക മേളകളാണ് ദുബൈയിൽ നടന്നത്. വേൾഡ് പാഡൽ ചാമ്പ്യൻഷിപ്പ്, വേൾഡ് ഗോൾഫ് ചാമ്പ്യൻഷിപ്പ്, വേൾഡ് ടെന്നിസ് ലീഗ് എന്നിയാണ് മുൻപന്തിയിൽ നിൽക്കുന്നത്. ഇന്‍റർകോണ്ടിനന്‍റൽ ബീച്ച് സോക്കർ കപ്പും ശ്രദ്ധേയമായി. ദുബൈ ആൽ മക്തൂം സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ കപ്പിൽ ലിവർപൂൾ, ആഴ്സനൽ, എ.സി മിലാൻ, ഒളിമ്പിക് ലിയോൺ എന്നീ വമ്പൻ ടീമുകൾ ഏറ്റുമുട്ടി. 50,000ഓളം കാണികളാണ് ഈ മത്സരം സ്റ്റേഡിയത്തിലെത്തി വീക്ഷിച്ചത്. ലോകകപ്പിനിടയിലായിരുന്നു ഈ മത്സരം.
സ്പോർട് ഇവന്‍റ്, ട്രെയിനിങ് സ്ഥാപനങ്ങളുടെ എണ്ണം വർധിച്ചതായും കണക്കുകൾ പറയുന്നു. സ്പോർട്സ് ഇവന്‍റ് കമ്പനികളുടെ എണ്ണം 700 ആയി ഉയർന്നു. അക്കാദമികളുടെ എണ്ണം 400, ജിമ്മുകളുടെയും ഫിറ്റ്നസ് സെന്‍ററുകളുടെയും എണ്ണം 400, ക്ലബ്ബുകളുടെ എണ്ണം 100 എന്നിങ്ങനെയാണ് കഴിഞ്ഞ വർഷം അവസാനിക്കുമ്പോഴുള്ള കണക്ക്.
അന്താരാഷ്ട്ര ട്രെയിനിങ് ക്യാമ്പുകളുടെ എണ്ണത്തിലുണ്ടായ വർധനവാണ് മറ്റൊരു സവിശേഷത. ദേശീയ ടീമുകളും ഒളിമ്പിക്സ് ചാമ്പ്യൻമാരുമെല്ലാം ദുബൈയിൽ പരിശീലനക്കളരി കണ്ടെത്തി. 120 അന്താരാഷ്ട്ര പരിശീലന ക്യാമ്പുകളാണ് കഴിഞ്ഞ വർഷം ദുബൈയിൽ നടന്നത്. ഹംദാൻ സ്പോർട്സ് കോംപ്ലക്സ്, നാദൽ ഷെബ സ്പോർട്സ് കോംപ്ലക്സ്, ദുബൈ ക്ലബ്സ് ആൻഡ് റിസോർട്ട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ക്യാമ്പ്.
വിവിധ ഭൂഖണ്ഡങ്ങളിലെ കായിക താരങ്ങൾ ഒഴുകിയെത്തിയ വർഷം കൂടിയാണ് 2022. 31,000 അത്ലറ്റുകളാണ് ദുബൈയിൽ എത്തിയത്. ലക്ഷക്കണക്കിന് കാണികളും മത്സരങ്ങൾ കാണാനെത്തി. ഭൂരിപക്ഷം പേരും വിദേശികളായിരുന്നു. സ്പോർട്സ് ടൂറിസത്തിനും മികച്ച വരവേൽപാണ് ലഭിച്ചത്. താരങ്ങളുടെ പരിശീലനത്തിനൊപ്പം വിശ്രമ, വിനോദ കേന്ദ്രം കൂടിയായി ദുബൈ മാറി. 12 സപോർട്സ് കോൺഫറൻസുകളും എക്സിബിഷനും നടന്നു. 17ാം അന്താരാഷ്ട്ര സ്പോർട്സ് കോൺഫറൻസാണ് ഇതിൽ പ്രധാനം. ഗ്ലോബൽ സോക്കർ അവാർഡിൽ മുഹമ്മദ് സലാ, സെർജിയോ റാമോസ് ഉൾപെടെയുള്ള പ്രമുഖർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

