വീൻ അൽ മർജാൻ ദ്വീപ് പാലം നിർമാണം പാതി പിന്നിട്ടു
text_fieldsവീൻ അൽ മർജാൻ ദ്വീപ് മേൽപാലം
ദുബൈ: റാസൽഖൈമയിലെ വീൻ അൽ മർജാൻ ദ്വീപിനെ ദുബൈയിലെ പ്രധാന ഹൈവേകളായ ഇ311, ഇ611 എന്നിവയുമായി ബന്ധിപ്പിക്കുന്ന വീൻ മേൽപാലത്തിന്റെ നിർമാണം പാതി പിന്നിട്ടു. 548 മീറ്റർ നീളമുള്ള പാലത്തിന്റെ നിർമാണം പൂർണമാകുന്നതോടെ ദുബൈയിൽ നിന്ന് ആഡംബര ദ്വീപായ വീൻ അൽ മർജാനിലേക്കുള്ള യാത്ര എളുപ്പമാകും. പാലത്തിന്റെ നിർമാണം ഏതാണ്ട് 48 ശതമാനം പൂർത്തിയായതായാണ് വീൻ റിസോർട്ട് അധികൃതർ വെളിപ്പെടുത്തിയിരിക്കുന്നത്.
പാലത്തിന്റെ പത്ത് സപ്പോർട്ടിങ് കോളങ്ങളിൽ ഒമ്പത് എണ്ണവും ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. 2026 അവസാനത്തോടെ നിർമാണം പൂർത്തിയാക്കി അടുത്ത വർഷം ഉദ്ഘാടനത്തിന് മുന്നോടിയായി തുറന്നുകൊടുക്കാനാണ് പദ്ധതിയെന്ന് വീൻ റിസോർട്ട് പ്രസ്താവനയിൽ അറിയിച്ചു. യു.എ.ഇയിലെ ആദ്യ സംയോജിത റിസോർട്ടും കാസിനോയും ഉൾപ്പെടുന്നതാണ് വീൻ അൽ മർജാൻ ദ്വീപ്. 60 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ദ്വീപിൽ നിർമിക്കുന്ന സിഗ്നേച്ചർ ടവറിന്റെ നിർമാണവും അതിവേഗത്തിൽ പുരോഗമിക്കുകയാണ്.
റൂമുകൾ, സ്യൂട്ടുകൾ, ടൗൺഹൗസുകൾ, മറീന എസ്റ്റേറ്റുകൾ എന്നിവ ഉൾപ്പെടെ ഏതാണ്ട് 1530 അതിഥികൾക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുങ്ങുന്നത്. ഇതോടൊപ്പം മർജാൻ ദ്വീപ്, വീൻ ബൊളീവാർഡ് എന്നിവക്ക് സമീപം താമസിക്കുന്ന ജീവനക്കാർക്കായി ഒയാസിസ് എന്ന പേരിൽ വീൻ കമ്യൂണിറ്റിയും വികസിപ്പിക്കുന്നുണ്ട്.
ഈ വർഷം വേനൽ കാലമാകുന്നതോടെ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. 26 ഏക്കർ വരുന്ന പദ്ധതിയിൽ 7,000 ജീവനക്കാർക്ക് താമസിക്കാവുന്ന 15 റസിഡൻഷ്യൽ കെട്ടിടങ്ങളാണ് നിർമിക്കുക. 15,00 ലധികം താമസ സൗകര്യങ്ങൾ കൂടാതെ ഒന്നിലധികം ഡൈനിങ് വേദികൾ, ആഡംബര, വെൽനസ് സൗകര്യങ്ങൾ, ഇവന്റ് സ്ഥലങ്ങൾ, നീന്തൽകുളങ്ങൾ, സ്വകാര്യ ബീച്ചുകൾ, ഡീപ് വാട്ടർ മറീന എന്നിവയും ഉൾക്കൊള്ളുന്നതാണ് വീൻ അൽമർജാൻ ദ്വീപ്. യു.എ.ഇയിലെ ആഡംബര ദ്വീപുകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരിക്കും ഇതെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

