ബ്ലൂലൈൻ തുരങ്കപാതയുടെ നിർമാണം തുടങ്ങി
text_fieldsമെട്രോ ബ്ലൂലൈനിന്‍റെ ടണൽ നിർമാണം ഉദ്ഘാടനം ചെയ്യാനെത്തിയ ശൈഖ് മുഹമ്മദിനൊപ്പം മറ്റ് ശൈഖുമാരും ഉദ്യോഗസ്ഥരും
ദുബൈ: മെട്രോ ബ്ലൂലൈനിന്‍റെ ടണൽ നിർമാണം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും പുതിയതും ഏറ്റവും ഭംഗിയുള്ളതുമായ മെട്രോ ലൈനായിരിക്കും ബ്ലൂലൈൻ എന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. 30 കിലോമീറ്റർ നീളമുള്ള ബ്ലൂലൈനിൽ 15.5 കിലോമീറ്റർ ഭൂഗർഭപാതയാണ്. ബാക്കി 14.5 കിലോമീറ്ററാണ് ഭൂമിക്ക് മുകളിലൂടെ സഞ്ചരിക്കുക. 2050 കോടി ദിർഹമാണ് പദ്ധതിയുടെ ആകെ ചെലവ്. 2029 സെപ്റ്റംബർ ഒമ്പതിന് പദ്ധതി ജനങ്ങൾക്കായി തുറന്നു നൽകും. ഇതിനായി 10,000ത്തോളം ജീവനക്കാരാണ് പ്രവർത്തിച്ചുവരുന്നത്. റെഡ് ലൈനിൽ സെൻട്രൽ പോയിന്‍റ് സ്റ്റേഷനുമായും ഗ്രീൻ ലൈനിൽ ക്രീക്ക് സ്റ്റേഷനുമായും ബ്ലൂലൈനിലെ ബന്ധിപ്പിക്കും. രണ്ട് റൂട്ടുകൾക്കിടയിൽ 14 സ്റ്റേഷനുകളാണ് ഉൾപ്പെടുക. ബ്ലൂ ലൈൻ വരുന്നതോടെ യാത്ര സമയം 20 ശതമാനം വരെ കുറയുമെന്നാണ് പ്രതീക്ഷ. ദുബൈ അന്താരാഷ്ട്ര വിമാനത്താവളവും ഒമ്പത് പ്രധാന പ്രദേശങ്ങളും തമ്മിൽ നേരിട്ടുള്ള ബന്ധം സ്ഥാപിക്കുന്നതിനാൽ യാത്രക്ക് 10 മുതൽ 25 മിനിറ്റ് വരെ മാത്രമേ എടുക്കൂ. 2029 ഓടെ 50,000ത്തിലധികം വിദ്യാർഥികളെ ഉൾകൊള്ളാൻ കഴിയുന്ന അകാദമിക് സിറ്റി, എമിറേറ്റിലെ പ്രധാന നഗര കേന്ദ്രമായ ദുബൈ സിലിക്കൻ ഒയാസിസ് എന്നിവയുമായും ബ്ലൂ ലൈനിനെ ബന്ധിപ്പിക്കുന്നുണ്ട്. ബ്ലൂലൈനിലെ പ്രധാന സ്റ്റേഷനിൽ ഒന്നായ ഇമാർ പ്രോപ്പർട്ടീസ് ലോകത്തെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷനായിരിക്കും. ഗതാഗത രംഗത്തെ നിക്ഷേപം ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് ഉദ്ഘാടന ശേഷം ശൈഖ് മുഹമ്മദ് വ്യക്തമാക്കി. പുതിയ പാത കൂടുതൽ ബന്ധിതവും കാര്യക്ഷമവും സുസ്ഥിരവുമായ നഗരത്തെ നിർമിക്കും. കൃത്യമായ പ്ലാനും മാർഗ നിർദേശങ്ങളും അന്താരാഷ്ട്ര നിലവാരവും അനുസരിച്ചാണ് പദ്ധതി മുന്നോട്ടുപോകുന്നത്. 180 റെയിൽവേ വിദഗ്ധരും എൻജിനീയർമാരുമാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നതെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു. ഇന്‍റർനാഷനൽ സിറ്റി 1 സ്റ്റേഷൻ സൈറ്റിലെത്തിയ അദ്ദേഹത്തെ ആർ.ടി.എ ചെയർമാൻ മതാർ അൽ അൽ തായർ സ്വീകരിച്ചു.
തുടർന്ന് ടണൽ ബോറിങ് മെഷീനിന്‍റെ പ്രവർത്തനം തുടങ്ങുന്നതിനായുള്ള സിഗനൽ ശൈഖ് മുഹമ്മദ് നൽകി. 163 മീറ്റ നീളമുള്ള മെഷീന് 2000 ടണ്ണാണ് ഭാരം. പ്രതിദിനം ഏതാണ്ട് 13 മുതൽ 17 മീറ്റർ വരെ കുഴിക്കാൻ ശേഷിയുണ്ട്. ബ്ലൂനൈൻ കൂടാതെ ഗോൾഡ് ലൈനും അടുത്തിടെ ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു. 3400 കോടി ദിർഹമാണ് ചെലവ്. ദുബൈ മെട്രോ ശൃംഖലയും ഇത്തിഹാദ് റെയിലും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ലൈനാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

