ദുബൈയിൽ നാല് പാലങ്ങളുടെ നിർമാണം അന്തിമഘട്ടത്തിൽ
text_fieldsഗർന് അൽ സബ്ഖ സ്ട്രീറ്റിൽ നിർമാണം പുരോഗമിക്കുന്ന പാലങ്ങളിലൊന്ന്
ദുബൈ: നഗരത്തിലെ പ്രധാന കവലയിൽ യാത്രാസമയവും ഗതാഗതക്കുരുക്കും കുറക്കുന്ന സുപ്രധാന പദ്ധതിയുടെ ഭാഗമായ നാല് പാലങ്ങളുടെ നിർമാണം 75 ശതമാനം പൂർത്തിയായതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഗർന് അൽ സബ്ഖ-ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് കവല വികസന പദ്ധതിയുടെ ഭാഗമായാണ് നിർമാണം പുരോഗമിക്കുന്നത്.
ആകെ 2.8 കി.മീറ്റർ നീളത്തിലാണ് ഇവിടെ പാലങ്ങൾ ഒരുങ്ങുന്നത്. പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ മണിക്കൂറിൽ 17,600 വാഹനങ്ങൾക്ക് പാലങ്ങളിലൂടെ കടന്നുപോകാൻ സാധിക്കും. പാലങ്ങളുടെ അടിത്തറയുടെയും തൂണുകളുടെയും നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്.
നിലവിൽ പാലത്തിന്റെ ഭിത്തികൾ സ്ഥാപിക്കൽ, ഇരുമ്പ് സപ്പോർട്ടുകൾ സ്ഥാപിക്കൽ, റോഡുകൾ വികസിപ്പിക്കൽ, ലൈറ്റിങ് ജോലികൾ, മഴവെള്ളം ഒഴുകിപ്പോകുന്ന സംവിധാനം, നിർമാണം പൂർത്തിയാക്കുന്നതിന് ആവശ്യമായ ഗതാഗതം വഴിതിരിച്ചുവിടൽ തുടങ്ങിയ ജോലികൾ ചെയ്തുവരികയാണ്. പാലങ്ങളിലൊന്ന് ഈ വർഷം രണ്ടാം പാദത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശൈഖ് സായിദ് റോഡിനെയും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന നിർണായക പദ്ധതിയായ ഗർന് അൽ സബ്ഖ സ്ട്രീറ്റിനെ മെച്ചപ്പെടുത്തുകയാണ് നിർമാണം ലക്ഷ്യമിടുന്നത്. ഇതുവഴി ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ റോഡ്, അൽ അസായിൽ സ്ട്രീറ്റ് എന്നിവിടങ്ങളിൽ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കാനാവും. പദ്ധതി പൂർത്തിയായാൽ ഗർന് അൽ സബ്ഖ സ്ട്രീറ്റിൽനിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡുവഴി അൽ ഖുസൈസ്, ദേര ഭാഗത്തേക്ക് പോകുന്നതിന്റെ ദൂരവും യാത്രാസമയവും 40 ശതമാനം കുറയും.
നിലവിലെ 20 മിനിറ്റ് യാത്രാസമയം 12 മിനിറ്റായാണ് കുറയുക. അതോടൊപ്പം ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് വലത്തോട്ട് അൽ യലായിസ് സ്ട്രീറ്റിലേക്ക് ജബൽ അലി തുറമുഖത്തേക്ക് പോകുന്നതിന്റെ യാത്രസമയം 21 മിനിറ്റിൽനിന്ന് 7 മിനിറ്റായും കുറയുമെന്ന് ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
ദുബൈയിലെ നഗര-ജനസംഖ്യ വളർച്ച പരിഗണിച്ച് റോഡ് ശൃംഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുവേണ്ടി, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരം നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണിത് നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

