ദുബൈയിൽ ഭാരത് മാർട്ട് നിർമാണം തുടങ്ങി
text_fieldsശൈഖ് ഹംദാന്റെ സാന്നിധ്യത്തിൽ ഭാരത് മാർട്ടിന്റെ വെർച്വൽ മാതൃക അനാച്ഛാദനം ചെയ്യുന്നു
ദുബൈ: ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ആഗോള വിപണി കണ്ടെത്താൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ഭാരത് മാർട്ടിന്റെ നിർമാണം ദുബൈയിൽ തുടങ്ങി. ജബൽ അലി ഫ്രീസോണിൽ (ജാഫ്സ) ആകെ 27 ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ നിർമിക്കുന്ന വ്യാപാര സമുച്ചയം 2026ൽ തുറക്കും. പദ്ധതിയുടെ ആദ്യഘട്ടം 13 ലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് നിർമാണം പൂർത്തീകരിക്കുക. ഡി.പി വേൾഡിനാണ് നിർമാണച്ചുമതല. ഇന്ത്യയിലെ 1500ലധികം ചെറുകിട സ്ഥാപനങ്ങളുടെ ഷോറൂമുകളാണ് ഇവിടെ പ്രവർത്തിക്കുക.
കൂടാതെ ഏഴു ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ വെയർ ഹൗസുകൾ, ചെറുകിട വ്യവസായ യൂനിറ്റുകൾ, ഓഫിസ് ഇടങ്ങൾ എന്നിവയും ഒരുക്കും. ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഇന്ത്യ സന്ദർശനത്തിലായിരുന്നു ഭാരത് മാർട്ട് തുറക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ശൈഖ് ഹംദാന്റെയും ഇന്ത്യന്‍ വാണിജ്യവ്യവസായ മന്ത്രി പീയൂഷ് ഗോയലിന്റെയും സാന്നിധ്യത്തില്‍ പദ്ധതിയുടെ വെര്‍ച്വല്‍ മാതൃക അനാച്ഛാദനം ചെയ്തു.
ഭാരത് മാര്‍ട്ട് നിർമാണം സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചതായി ഡി.പി വേള്‍ഡ് ഗ്രൂപ് ചെയര്‍മാനും സി.ഇ.ഒയുമായ സുല്‍ത്താന്‍ അഹ്മദ് ബിൻ സുലായം അറിയിച്ചു.വിപുലമായ സൗകര്യങ്ങളാണ് ഭാരത് മാർട്ടിൽ ഒരുക്കുക. ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്ന എല്ലാ വസ്തുക്കളും ഈ കേന്ദ്രത്തിൽ ലഭ്യമാകും. ചൈനയുടെ ഡ്രാഗൺ മാർട്ട് മാതൃകയിൽ ഇന്ത്യൻ ഉൽപന്നങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിശാലമായ സംഭരണ കേന്ദ്രമായിരിക്കുമിത്. സംഭരണം, ചില്ലറ വില്പന, വിവിധ കമ്പനികളുടെ ഓഫിസുകള്‍ തുടങ്ങി എല്ലാം ഇവിടെയുണ്ടാകും.
ആഗോള വിപണിയിലേക്ക് ചരക്കുകള്‍ ലഭ്യമാകുന്നതിന് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമും ഒരുക്കും. പശ്ചിമേഷ്യ, ആഫ്രിക്ക, യുറേഷ്യ മേഖലകളിലേക്ക് ഇന്ത്യൻ വ്യാപാരം വ്യാപിക്കാൻ ഭാരത് മാർട്ട് സഹായകമാവുമെന്നാണ് വിലയിരുത്തൽ. ഡി.പി വേള്‍ഡിന്റെ കീഴിലുള്ള ഉപകമ്പനിയാണ് ജബല്‍ അലി ഫ്രീസോണ്‍ മേഖല. ഭാരത് മാര്‍ട്ട് വലിയ വിതരണ കേന്ദ്രമായി മാറുമെന്ന് ഡി.പി വേൾഡ് ജി.സി.സി സി.ഇ.ഒ അബ്ദുല്ല അൽ ഹശ്മി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമും ചേര്‍ന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഭാരത് മാർട്ടിന് തറക്കല്ലിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

