അബൂദബി-ദുബൈ റെയിൽവേ ശൃംഖല നിർമാണം പൂർത്തിയായി
text_fieldsഇത്തിഹാദ് റെയിലിന്റെ അബൂദബി- ദുബൈ റെയിൽവേ ശൃംഖലയിലെ ജോലികൾ വിലയിരുത്താനെത്തിയ ശൈഖ്
മഖ്തൂം ബിൻ മുഹമ്മദും ശൈഖ് ത്വയ്യിബ് ബിൻ മുഹമ്മദും
അബൂദബി: ഇത്തിഹാദ് റെയിലിന്റെ അബൂദബിയെയും ദുബൈയെയും ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയുടെ നിർമാണം പൂർത്തിയായി.
ദുബൈ ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ശൈഖ് മഖ്തൂം ബിൻ മുഹമ്മദും അബൂദബി കിരീടാവകാശിയുടെ കോടതി ചെയർമാനും ഇത്തിഹാദ് റെയിൽ ചെയർമാനുമായ ശൈഖ് ത്വയ്യിബ് ബിൻ മുഹമ്മദും സംയുക്തമായാണ് പദ്ധതി പൂർത്തീകരണ പ്രഖ്യാപനം നടത്തിയത്.
ദേശീയ റെയിൽ ശൃംഖലയുടെ സുപ്രധാനഘട്ടമാണ് ഇതിലൂടെ പൂർത്തിയായതെന്ന് ശൈഖ് മഖ്തൂം പ്രതികരിച്ചു. യു.എ.ഇയുടെ സുസ്ഥിര വികസനത്തെ പിന്തുണക്കുന്നതിന് ഏറെ സംഭാവനകൾ നൽകുന്നതാണ് ഇതെന്ന് ശൈഖ് ത്വയ്യിബും കൂട്ടിച്ചേർത്തു. മണിക്കൂറിൽ 200 കി.മീ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിൽ 400 പേർക്കാണ് സഞ്ചരിക്കാൻ കഴിയുക. അൽ സിലയിൽ നിന്ന് ഫുജൈറ വരെ നീളുന്ന റെയിൽ ശൃംഖല പൂർത്തിയാവുന്നതോടെ യു.എ.ഇയുടെ 11 നഗരങ്ങളെയാണ് ഇതു ബന്ധിപ്പിക്കുക. പദ്ധതി നിർമാണം ഉടൻ പൂർത്തിയാക്കാനും 2030 ഓടെ പ്രതിവർഷം മൂന്നരക്കോടി ആളുകൾക്ക് സഞ്ചാര അവസരം നൽകാനുമാണ് അധികൃതരുടെ തീരുമാനം.
256 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. 29 പാലങ്ങളും 60 ക്രോസിങ്ങുകളും 137 മലിനജല സംവിധാനങ്ങളും പാതയിൽ ഒരുക്കിയിട്ടുണ്ട്. 13,300 തൊഴിലാളികൾ 47 ദശലക്ഷം മണിക്കൂറുകൾ ജോലി ചെയ്താണ് റെയിൽവേ ശൃംഖല പൂർത്തിയാക്കിയതെന്ന് അബൂദബി മീഡിയ ഓഫിസ് അറിയിച്ചു.
റെയിൽ ശൃംഖലയുടെ സുപ്രധാനഭാഗമാണ് ഈ പാത. എമിറേറ്റുകൾ തമ്മിലും രാജ്യത്തുടനീളവുമായി യാത്രികരെയും ചരക്കുഗതാഗതവും സാധ്യമാക്കുന്നതാണ് ഇത്തിഹാദ് റെയിലിൽ.
നിർമാണം പൂർത്തിയായ അബൂദബി-ദുബൈ റെയിൽപാതയിലൂടെ എന്നാണ് സർവിസ് തുടങ്ങുകയെന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

