സമുദ്ര ആവാസ വ്യവസ്ഥയുടെ സംരക്ഷണം; അബൂദബിയിൽ ആകാശ സർവേ പൂർത്തിയായി
text_fieldsഅബൂദബി: 8000 ചതുരശ്ര കിലോമീറ്ററിലധികം ഉള്‍ക്കൊള്ളുന്ന സമുദ്ര ആവാസ വ്യവസ്ഥയുടെ ഏറ്റവും പുതിയ ആകാശ സര്‍വേ പൂര്‍ത്തിയാക്കി അബൂദബി പരിസ്ഥിതി ഏജന്‍സി. സമുദ്ര ജീവജാലങ്ങളെയും അവയുടെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വ്യോമ സര്‍വേ നടത്തിയത്.
ആറ് ഗവേഷകരടങ്ങുന്ന സംഘം സര്‍വേ പൂര്‍ത്തിയാക്കിയത്. സുപ്രധാന വിവരങ്ങൾ ശേഖരിക്കുന്നതിനായി 26 മണിക്കൂറിനുള്ളിൽ 1,630 കിലോമീറ്റർ ദൂരമാണ് ഇവർ സഞ്ചരിച്ചത്. കടല്‍പശുക്കള്‍, കടലാമകള്‍ എന്നിവയുടെ എണ്ണവും നീക്കവും കുടിയേറ്റവുമൊക്കെ സര്‍വേയുടെ ഭാഗമായി നിരീക്ഷിച്ചു. ഇതിനു പുറമേ ഡോള്‍ഫിനുകള്‍, തിമിംഗലങ്ങള്‍, സ്രാവുകള്‍, തിരണ്ടികള്‍ മുതലായവയെയും സര്‍വേയില്‍ നിരീക്ഷിച്ചു. 2004 മുതല്‍ അബൂദബി പരിസ്ഥിതി ഏജന്‍സി ഇത്തരം സര്‍വേ നടത്തിവരുന്നുണ്ട്. സമുദ്ര വിഭവങ്ങളുടെ സുസ്ഥിര കൈകാര്യം ഉറപ്പുവരുത്തുന്നതിനും സംരക്ഷണ തന്ത്രങ്ങളെ പിന്തുണയ്ക്കുന്നതിനുമായി പാരിസ്ഥിതിക ഡാറ്റാബേസ് തയ്യാറാക്കുന്നതിനാണ് പരിസ്ഥിതി ഏജന്‍സി ഇത്തരമൊരു വ്യോമ സര്‍വേക്ക് 2004ല്‍ തുടക്കം കുറിച്ചത്.
കടല്‍പശുക്കളുടെ എണ്ണം 20 ശതമാനത്തിലേറെയും കടലാമകളുടെ എണ്ണം 30 ശതമാനത്തിലേറെയും വര്‍ധിച്ചത് തങ്ങളുടെ ശാസ്ത്രീയമായ തന്ത്രങ്ങളുടെ വിജയമാണെന്നതിന്റെ തെളിവാണെന്ന് പരിസ്ഥിതി ഏജന്‍സിക്കു കീഴിലുള്ള ഭൗമ, സമുദ്ര ജൈവൈവിധ്യ വകുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ അഹമ്മദ് അല്‍ ഹാഷ്മി പറഞ്ഞു. സമുദ്ര -വന്യ ജീവിതത്തെക്കുറിച്ചും ആവാസ വ്യവസ്ഥയെക്കുറിച്ചും പരിസ്ഥിതി വ്യവസ്ഥയെക്കുറിച്ചുമെല്ലാം പൊതുജനങ്ങളെ ഉത്ബോധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2023ൽ യാസ് സീവേള്‍ഡ് റിസര്‍ച് ആന്‍ഡ് റെസ്ക്യു അബൂദബി എന്ന കേന്ദ്രവും പ്രവർത്തനം ആരംഭിച്ചിരുന്നു. വിദഗ്ധരായ സമുദ്ര ശാസ്ത്രജ്ഞരും വെറ്ററിനേറിയന്മാരും അനിമല്‍ കെയര്‍ പ്രഫഷനല്‍സും മറൈന്‍ അനിമല്‍ റെസ്ക്യൂ വിദഗ്ധരുമൊക്കെ അടങ്ങുന്ന സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് കേന്ദ്രം.
8602 ചതുരശ്ര മീറ്ററിലാണ് ഈ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. മൂന്ന് ഡ്രൈ ലാബുകളും ഒരു പരീക്ഷണ വെറ്റ് ലാബും, കൂടാതെ സമുദ്ര സംസ്കാര കേന്ദ്രവും, ഗവേഷണ ലാബുകളും ഓഡിറ്റോറിയവും ക്ലാസ്റൂമുകളും ഈ കേന്ദ്രത്തിലുണ്ട്. കടല്‍ പാമ്പുകള്‍ മുതല്‍ വലിയ സമുദ്ര ജീവികളും കടല്‍ പക്ഷികളും അടങ്ങുന്ന പ്രാദേശിക സമുദ്ര വന്യ ജീവികളെ ഈ കേന്ദ്രത്തില്‍ പരിപാലിക്കും. ഇവയെ കൈകാര്യം ചെയ്യാന്‍ അത്യാധുനിക ഉപകരണങ്ങളും റെസ്ക്യൂ ബോട്ടുകളും വെറ്ററിനറി ആശുപത്രിയുമൊക്കെ കേന്ദ്രത്തിലുണ്ട്. അറേബ്യന്‍ ഗള്‍ഫിലെ പരിക്കേറ്റതും സുഖമില്ലാത്തതും അനാഥരായതുമായ സമുദ്രജീവികളെയാണ് ഇവര്‍ റെസ്ക്യൂ ചെയ്യുക. ഇവയെ പുനരധിവസിപ്പിച്ച് ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിച്ച ശേഷം അവയുടെ യഥാര്‍ഥ ആവാസവ്യവസ്ഥയിലേക്ക് മടക്കി അയയ്ക്കുകയും ചെയ്യും. ഏഴും എട്ടും മീറ്റര്‍ നീളമുള്ള രണ്ട് കസ്റ്റം മെയിഡ് റെസ്ക്യൂ ബോട്ടുകള്‍, വഞ്ചികള്‍, 4x4 ട്രക്കുകള്‍, 25 റെസ്ക്യൂ കുളങ്ങള്‍, പതോളജി ലാബ് എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

