സുൽത്താൻ നിയാദിയുടെ ചരിത്ര നടത്തത്തിന് അഭിനന്ദന പ്രവാഹം
text_fieldsസുൽത്താൻ അൽ നിയാദി ബഹിരാകാശ നടത്തത്തിൽ
ദുബൈ: അറബ് ലോകത്തിന്റെ അഭിമാനമുയർത്തി ബഹിരാകാശത്ത് ആദ്യമായി നടന്ന സുൽത്താൻ അൽ നിയാദിക്ക് അഭിനന്ദനപ്രവാഹം. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയവർ നിയാദിയെ അഭിനന്ദിച്ചു.
യു.എ.ഇയുടെ ചൊവ്വാ ദൗത്യമായ ഹോപ്പ് പ്രോബിന്റെ പുതിയ കണ്ടെത്തലുകൾ, ചാന്ദ്ര ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച റാശിദ് റോവറിന്റെ നേട്ടങ്ങൾ, സുൽത്താൻ അൽ നിയാദിയുടെ ആദ്യ ബഹിരാകാശ നടത്തം എന്നിവയിലൂടെ ബഹിരാകാശ പര്യവേക്ഷണത്തിനും ശാസ്ത്ര പുരോഗതിക്കും യു.എ.ഇ അർഥവത്തായ സംഭാവനകൾ നൽകുന്നത് തുടരുന്നുവെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.
മൂന്നുവർഷത്തെ തീവ്ര പരിശീലനത്തിനുശേഷം ബഹിരാകാശത്ത് നടന്ന സുൽത്താൻ അൽ നിയാദിയെ അഭിനന്ദിക്കുന്നതായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു. ബഹിരാകാശത്ത് നടന്ന ആദ്യത്തെ ഇമാറാത്തി, ആദ്യത്തെ അറബ് പൗരൻ, ആദ്യത്തെ മുസ്ലിം എന്നിവ സ്വന്തമാക്കിയത് അഭിമാനകരമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. യു.എ.ഇയുടെ ബഹിരാകാശ പദ്ധതി പുതിയ ചരിത്ര നാഴികക്കല്ല് കൈവരിച്ചുവെന്നും സുൽത്താൻ അൽ നിയാദിക്കും യു.എ.ഇ നേതൃത്വത്തിനും ജനങ്ങൾക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും ശൈഖ് ഹംദാൻ പറഞ്ഞു. ഈ നേട്ടത്തിൽ അഭിമാനിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നുവെന്നും നിയാദിക്ക് വിജയാശംസ നേരുന്നുവെന്നും ഹംദാൻ ട്വിറ്ററിൽ കുറിച്ചു.
വെള്ളിയാഴ്ചയാണ് സുൽത്താൻ നിയാദി ഏഴ് മണിക്കൂറും ഒരു മിനിറ്റും നീണ്ടുനിന്ന ബഹിരാകാശ നടത്തം പൂർത്തിയാക്കിയത്. യു.എ.ഇ സമയം വൈകീട്ട് 5.15ന് തുടങ്ങിയ നടത്തം അർധരാത്രിയിലാണ് അവസാനിച്ചത്. നാസയുടെ ബഹിരാകാശ യാത്രികനായ സ്റ്റീഫൻ ബോവനൊപ്പമാണ് അൽ നിയാദി ബഹിരാകാശത്ത് ചരിത്ര നടത്തത്തിന് ഇറങ്ങിയത്. ഇരുവരും പുറത്തിറങ്ങിയശേഷം ബഹിരാകാശ നിലയത്തിന്റെ സയൻസ് ലബോറട്ടറിയുടെ പുറംഭാഗത്ത് സ്ഥാപിച്ചിട്ടുള്ള കമ്യൂണിക്കേഷൻ ഹാർഡ്വെയർ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാക്കി. ബഹിരാകാശ നടത്തത്തിൽ പരിചയസമ്പന്നനായ സ്റ്റീഫൻ ബോവനാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.
നാസയുടെ ബഹിരാകാശ യാത്രികരായ വുഡി ഹോബർഗും ഫ്രാങ്ക് റൂബിയോയും ഇരുവരെയും ബഹിരാകാശ സ്യൂട്ടുകളിൽ കയറുന്നതിനും ഇറങ്ങുന്നതിനും സഹായിക്കുകയും അവരുടെ ബഹിരാകാശ നടത്തം നിരീക്ഷിക്കുകയും ചെയ്തു. നാസ ടി.വിയും യു.എ.ഇയുടെ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രവും തൽസമയം സ്പേസ് വാക് പ്രക്ഷേപണം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

