രുചിയുടെ മഹാമേളക്ക് അജ്മാനിൽ കലാശക്കൊട്ട്
text_fieldsആബിദ റഷീദ്, ഷെഫ് പിള്ള, രാജ് കലേഷ്
ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ ബിരിയാണി പാചകമത്സരം ‘ദംദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റി’ന്റെ ഗ്രാൻഡ് ഫിനാലെ ഞായറാഴ്ച. അജ്മാനിലെ സഫീർ മാളിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് അവസാന റൗണ്ടിലെത്തിയ 30 പേർ രുചിയുടെ അരങ്ങിൽ മാറ്റുരക്കുക. സെലിബ്രിറ്റി ഷെഫുമാരായ ആബിദ റഷീദ്, ഷെഫ് പിള്ള, രാജ് കലേഷ് എന്നിവരാണ് ഗ്രാൻഡ് ഫിനാലെക്ക് ജഡ്ജിമാരായി എത്തുന്നത്. ഒരു ലക്ഷം ദിർഹം ആകെ സമ്മാനമുള്ള മത്സരത്തിന്റെ സെമിഫൈനൽ കഴിഞ്ഞ മാസം ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറിയ കമോൺ കേരള ഏഴാം എഡിഷൻ വേദിയിൽ നടന്നിരുന്നു.
സെമിഫൈനലിൽ മത്സരിച്ച 100 പേരിൽനിന്നാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ‘എമിറേറ്റ്സ് ബിരിയാണി ദം സ്റ്റാറി’നെ തിരഞ്ഞെടുക്കും. ഒന്നാം സ്ഥാനത്തിന് 25,000 ദിർഹമും രണ്ടാം സ്ഥാനത്തിന് 15,000 ദിർഹമും മൂന്നാം സ്ഥാനത്തിന് 8,000 ദിർഹമുമാണ് പ്രൈസായി നൽകുന്നത്. 2000ത്തോളം പേര് പങ്കാളികളായ വിഡിയോ എന്‍ട്രികളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 പേരാണ് സെമിഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ചത്.
സെമിഫൈനൽ മത്സരത്തിൽ കേരളത്തിലും യു.എ.ഇയിലും പ്രചാരത്തിലുള്ള തലശ്ശേരി, കോഴിക്കോടന്‍, മാഞ്ഞാലി, മലബാര്‍ തുടങ്ങിയ ബിരിയാണികള്‍ക്ക് പുറമെ പ്രത്യേക രുചിക്കൂട്ടുകളിലുള്ള ബിരിയാണികളും ഒരുക്കിയാണ് കുടുംബിനികളുള്പ്പെടെയുള്ളവര് പങ്കെടുത്തത്.
ഫാത്തിമ റസിയ, ജസീന വി.പി, സജ്ന സാലി, സലീന നൗഷാദ്, ആമിന ഫെബിൻ, അക്ഷര ബെൽബെറ്റ്, ഫർസാന അസീസ്, ഖദീജ, സഫ്ന റൂബി, വഫ ആസിഫ്, ബിന്ദു ശ്രീകുമാർ, നൗബിയ സുനിൽ, ജസീന ജാബിർ, ഫർഹാന, ജസീല സൈഫുദ്ദീൻ, നബീസത്ത്, ഹംസിയ, ബുഷ്റ മാലിക്, റസിയ സയീദ്, സൈബു ശഹബത്ത്, ഖമറുന്നിസ, ജസ്നി അർശദ്, സാജിത അസീസ്, നൗഷിബ, മൈമൂന അഷ്കർ, ശഹർഷാദ്, ഫസീല ഉസ്മാൻ, ഡോ. നസ്റത്ത് കെ.പി, നസീബ ഉണിക്കണ്ടത്ത്, ഷൈജ ആസിഫ് എന്നിവരാണ് അവസാന റൗണ്ടിലെത്തിയ മത്സരാർഥികൾ. മത്സരത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും സഫീർ മാളിലെ വേദിയിൽ ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

