Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തടസ്സമില്ലാത്ത ആരോഗ്യ സേവനം, രോഗ നിരീക്ഷണം; ജനാരോഗ്യം സംരക്ഷിക്കാന്‍ സമഗ്ര പദ്ധതി

text_fields
bookmark_border
രോഗങ്ങൾക്കെതിരെ മുന്‍കരുതൽ എടുക്കാന്‍ സഹായിക്കുന്ന മുന്നറിയിപ്പ് സംവിധാനങ്ങള്‍ വികസിപ്പിക്കും
തടസ്സമില്ലാത്ത ആരോഗ്യ സേവനം, രോഗ നിരീക്ഷണം; ജനാരോഗ്യം സംരക്ഷിക്കാന്‍ സമഗ്ര പദ്ധതി
cancel

അബൂദബി: കഠിനമായ ചൂട്, അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍, മോശം വായുനിലവാരം, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ എന്നിവയില്‍നിന്ന് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി പ്രഖ്യാപിച്ച ആറുവര്‍ഷത്തെ സമഗ്ര ദേശീയ പദ്ധതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടു. ആരോഗ്യ പ്രശ്​നങ്ങള്‍ ഗുരുതരമാകുന്നതുവരെ കാത്തുനില്‍ക്കാതെ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയാണ് 'ഹെല്‍ത്ത് സെക്ടര്‍ ക്ലൈമറ്റ് അഡാപ്‌റ്റേഷന്‍ പ്ലാന്‍ 2026-2031' എന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം. അബൂദബിയില്‍ നടന്ന ഫ്യൂച്ചര്‍ ഹെല്‍ത്ത് ഉച്ചകോടിയില്‍ യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് പദ്ധതി വിശദാംശങ്ങള്‍ പ്രഖ്യാപിച്ചത്.

അന്തരീക്ഷ താപനില ഉയരുന്നതും ഈര്‍പ്പവും മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍, ഹൃദ്​രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, കൊതുകുജന്യ രോഗങ്ങള്‍, ജലജന്യ-ഭക്ഷ്യജന്യ രോഗങ്ങള്‍, മാനസികാരോഗ്യം എന്നിവ മുന്‍നിര്‍ത്തി ആറ് പ്രധാന മേഖലകളിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കടുത്ത ചൂടും ഈര്‍പ്പവും സൂര്യാഘാതത്തിനും നിര്‍ജലീകരണത്തിനും കാരണമാകുന്നതിനൊപ്പം ഹൃദ്​രോഗികളില്‍ കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. അന്തരീക്ഷത്തിലുണ്ടാകുന്ന പൊടിക്കാറ്റും വായുമലിനീകരണവും കുട്ടികള്‍, വയോധികര്‍, അനുബന്ധ രോഗമുള്ളവര്‍ എന്നിവരില്‍ ആസ്ത്മയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും വര്‍ധിപ്പിക്കുന്നു.

മാറിയ കാലാവസ്ഥയില്‍ കൊതുകുജന്യ രോഗങ്ങള്‍ പടരാനുള്ള സാധ്യതയും ഭക്ഷണത്തിന്‍റെയും കുടിവെള്ളത്തിന്‍റെയും സുരക്ഷിതത്വത്തെ ബാധിക്കുന്ന സാഹചര്യങ്ങളും പ്രതികൂല കാലാവസ്ഥ ജനങ്ങളുടെ മാനസികാരോഗ്യത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പദ്ധതി കൃത്യമായി വിശകലനം ചെയ്യുന്നുണ്ട്. തടസ്സമില്ലാത്ത ആരോഗ്യ സേവനം ഉറപ്പാക്കുക, രോഗനിരീക്ഷണം ശക്തമാക്കുക, മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

രാജ്യത്തെ ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഉന്നത ഗുണനിലവാരമുള്ള ജീവിതസാഹചര്യത്തിനുമാണ് ഭരണനേതൃത്വം പ്രഥമ പരിഗണന നല്‍കുന്നതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രി അഹമ്മദ് അലി അല്‍ സായെഗ് വ്യക്തമാക്കി. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ആരോഗ്യപരമായ വെല്ലുവിളികളും മാറുന്നുണ്ട്​. അതിതീവ്ര കാലാവസ്ഥയില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്‍റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ രോഗബാധിതരാകുന്നതിന് മുമ്പുതന്നെ മുന്‍കരുതലുകള്‍ എടുക്കാന്‍ സഹായിക്കുന്ന ഹീറ്റ്, എയര്‍-ക്വാളിറ്റി മുന്നറിയിപ്പ് സംവിധാനങ്ങള്‍ വികസിപ്പിക്കും. സാംക്രമിക രോഗങ്ങളുടെ തത്സമയ വിവരശേഖരണവും ആരോഗ്യ-പരിസ്ഥിതി മേഖലകളിലെ ഡാറ്റാ ഏകോപനവും വഴി വരാനിരിക്കുന്ന വെല്ലുവിളികള്‍ മുന്‍കൂട്ടി പ്രവചിക്കും.

പ്രതികൂല കാലാവസ്ഥ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനും മരുന്നുകളുടെയും വൈദ്യസഹായങ്ങളുടെയും ലഭ്യത ഉറപ്പാക്കാനും അടിയന്തര സഹായ ശൃംഖലകള്‍ സജ്ജമാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കല്‍, ഗവേഷണങ്ങള്‍ വിപുലീകരിക്കല്‍, ആശുപത്രികളുടെ സജ്ജീകരണം വര്‍ധിപ്പിക്കല്‍ എന്നിവയും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഘട്ടംഘട്ടമായി നടപ്പിലാക്കും.

കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവുമായും പ്രമുഖ പരിസ്ഥിതി-ആരോഗ്യ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കടുത്ത ചൂട്, വായുനിലവാരം, മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്ന സംവിധാനങ്ങള്‍, തടസ്സമില്ലാത്ത മെഡിക്കല്‍ സേവനങ്ങള്‍ എന്നിവക്കായിരിക്കും മുന്‍ഗണന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Comprehensive plan to protect public health
Next Story