സ്വദേശികൾക്ക് ജോലി നൽകിയെന്ന് വ്യാജരേഖ; കമ്പനി ഡയറക്ടർ പിടിയിൽ
text_fieldsദുബൈ: 40ലേറെ യു.എ.ഇ പൗ രന്മാർക്ക് ജോലി നൽകിയതായി വ്യാജ രേഖയുണ്ടാക്കിയ സ്വകാര്യ കമ്പനി ഡയറക്ടറെ അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. മാനവവിഭശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം വ്യാജ നിയമനങ്ങളെക്കുറിച്ച് യു.എ.ഇ അറ്റോർണി ജനറലിന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് വിഷയത്തിൽ അന്വേഷണം നടന്നത്.
ചില തൊഴിലാളികളുടെ സഹായത്തോടെയാണ് ഡയറക്ടർ തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തിയത്. ഇമാറാത്തി സംരംഭങ്ങളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാറിന്റെ ‘നാഫിസ്’ പദ്ധതിയിൽനിന്ന് ആനുകൂല്യവും സാമ്പത്തിക പിന്തുണയും ലഭിക്കുന്നതിനാണ് തട്ടിപ്പ് നടത്തിയത്. കമ്പനിയിൽ യു.എ.ഇ പൗരന്മാരെ നിയമിച്ചതായി കാണിക്കുന്നതിനായി വ്യാജ ഇലക്ട്രോണിക് രേഖകളും തൊഴിൽ കരാറുകളും ഉണ്ടാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി.
രാജ്യത്തുടനീളം ഇത്തരത്തിൽ വ്യാജരേഖകൾ ചമക്കുന്നത് നിരീക്ഷിക്കാൻ മാനവവിഭശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം പരിശോധന ശക്തമാക്കിയിട്ടുണ്ട്. ‘നാഫിസ്’ പദ്ധതി ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന കമ്പനികൾക്കെതിരെ ഓരോ ഇമാറാത്തിക്കും 1 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. യു.എ.ഇയുടെ സ്വദേശിവത്കരണ നിയമങ്ങൾ ശരിയായ രീതിയിൽ പിന്തുടരുന്നുവെന്ന് ഉറപ്പാക്കാൻ സ്വകാര്യ മേഖലയിലെ കമ്പനികളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അറ്റോർണി ജനറൽ ആവശ്യപ്പെട്ടു.യു.എ.ഇ പൗരന്മാരുടെ മത്സരശേഷി വർധിപ്പിക്കുന്നതിനും സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നതിനുമുള്ള ഫെഡറൽ സർക്കാറിന്റെ പദ്ധതിയാണ് ‘നാഫിസ്’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

