അതിരുകളില്ലാ ആഘോഷം...
text_fieldsഷാർജ: രാജ്യാതിർത്തികൾ കടന്ന് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വർണ നൂലുകളിൽ കോർത്തിണക്കിയ വൈവിധ്യമാർന്ന അനേകം വിഭവങ്ങളുമായി പ്രവാസ ലോകത്തിന്റെ മനസ് കീഴക്കിയ കമോൺ കേരള ജൈത്രയാത്ര തുടരുകയാണ്. ഷാർജ എക്സ്പോ സെന്ററിൽ ആരംഭിച്ച ഏഴാമത് എഡിഷന്റെ ആദ്യ രണ്ട് ദിനങ്ങളിലും ദേശ, ഭാഷാ വിത്യാസമില്ലാതെ ഏഴു എമിറേറ്റുകളിൽ നിന്നും പ്രവാസ ലോകം ഒഴുകിയെത്തി. വാണിജ്യ പ്രദർശനത്തിനൊപ്പം സംസ്കാരവും വിനോദവും വിജ്ഞാനവും ഒത്തുചേർന്ന നിരവധി പ്രോഗ്രാമുകളാണ് സന്ദർശകർക്കായി ഒരുക്കിയിരുന്നത്. ആദ്യ ദിനം അരങ്ങേറിയ സൽമാൻ അലി ലൈവ് ഇൻ യു.എ.ഇ ആസ്വദിക്കാൻ വിവിധ ഭാഷക്കാരും ദേശക്കാരുമായ പ്രേക്ഷരെത്തിയിരുന്നു.

രണ്ടാം ദിനത്തിൽ മാപ്പിളപ്പാട്ടുകൾ കോർത്തിണക്കി നടന്ന ‘ഇഷ്ഖ്’ മലയാളിയെ ഗൃഹാതുര ഓർമകളിലേക്ക് നയിക്കുന്നതായിരുന്നു. ആറു പതിപ്പുകളിലും സൂപ്പർ ഹിറ്റായി മാറിയ എല്ലാ വിഭവങ്ങളും ഏഴാം പതിപ്പിലും നിലനിർത്തിയിരുന്നു.
കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന വിഭവങ്ങൾ ഒരുക്കിയ കമോൺ കേരള, ബിസിനസ് സമൂഹത്തിനും പുതിയ സാധ്യതകൾ തുറന്നിട്ടിരുന്നു. പ്രോപ്പർട്ടി ഷോ, ഡ്രീം ഡെസ്റ്റിനേഷൻ മേഖലകളിൽ ഒരുക്കിയ പവലിയനുകളിലും ആദ്യ ദിവസങ്ങളിലും ജന ബാഹുല്യം പ്രകടമായിരുന്നു. സ്വന്തം ഭവനം സ്വപ്നം കാണുന്നവർക്കും നിക്ഷേപം ആഗ്രഹിക്കുന്നവർക്കും പ്രോപ്പർട്ടി ഷോ ഏറെ സഹായകരമായിരുന്നു. അവസാന ദിനമായ ഞായറാഴ്ചയും വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
നടൻ മോഹൻ ലാൽ പങ്കെടുക്കുന്ന ബിയോണ്ട് ദി ബൗണ്ടറീസ് പരിപാടിയിൽ യു.എ.ഇയിലേയും ഇന്ത്യയിലേയും പ്രമുഖ വ്യക്തിത്വങ്ങളും സാന്നിധ്യമറിയിക്കും. തുടർന്ന് നടക്കുന്ന പരിപാടിയിൽ മോഹൻലാലിന്റെ സിനിമ ജീവിതത്തെ അടയാളപ്പെടുത്തുന്ന സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

