ആഘോഷത്തിന്റെ കട തുറന്നു
text_fieldsകമോൺ കേരള വേദിയിലേക്ക് വിശിഷ്ടാതിഥികൾ എത്തുന്നു
ഷാർജ: പതിവിൽനിന്ന് വിപരീതമായി പകൽ മുഴുവൻ കുട്ടികൾക്കും കുടുംബങ്ങൾക്കും തകർത്താഘോഷിക്കാനുള്ള എല്ലാ വിഭവങ്ങളും ഒരുക്കിയ ‘കമോൺ കേരള’യിൽ ആദ്യ ദിനം സന്ദർശകരുടെ മഹാപ്രവാഹം. വെള്ളിയാഴ്ച രാവിലെ മുതൽ പ്രവാസി സമൂഹം ഷാർജ എക്സ്പോ സെന്ററിലേക്ക് ഒഴുകിയെത്തി. കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ലിറ്റിൽ ആർട്ടിസ്റ്റുമായാണ് മേളയുടെ ആദ്യ ദിനം ആരംഭിച്ചത്.
രാവിലെ 10ന് ആരംഭിച്ച രജിസ്ട്രേഷൻ മത്സരാർഥികളുടെ ബാഹുല്യം മൂലം നിർത്തിവെക്കേണ്ടിവന്നു. 5000ത്തിലധികം കുട്ടികൾ പങ്കെടുത്ത പരിപാടി ഷാർജയിൽ നടക്കുന്ന ഏറ്റവും വലിയ ചിത്രരചന മത്സരമായി മാറി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകിയാണ് ഭാവിയിലെ കലാകാരന്മാരെ കമോൺ കേരള യാത്രയാക്കിയത്. രാവിലെ 10.30ഓടെ സ്റ്റാളുകൾ സജീവമായതോടെ പകൽപൂരത്തിന് തുടക്കമായി. കേരളത്തനിമ വിളിച്ചോതുന്ന കവാടങ്ങളിലൂടെ കമോൺ കേരള സ്റ്റാളുകളിലേക്ക് പ്രവേശിക്കുന്ന സന്ദർശകരെ വരവേറ്റത് കോഴിക്കോട്ടെ മിഠായിത്തെരുവായിരുന്നു.
സഞ്ചാര സാഹിത്യകാരൻ എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രതിമക്ക് മുന്നിലൂടെ നടന്നാൽ മാനാഞ്ചിറയിലെ ഓട്ടോ സ്റ്റാൻഡിലെത്തും. ചുമരുകളിൽ പകർത്തിവെച്ച കഥാപാത്രങ്ങളുമായി മിഠായിത്തെരുവിനെ അതേപടി പകർത്താൻ കലാസംവിധായകൻ ബാവക്ക് കഴിഞ്ഞിട്ടുണ്ട്. കോഴിക്കോടിന്റെ ‘തെരുവിലൂടെ’ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്ന അനുഭവം സന്ദർശകർ ശരിക്കും ആസ്വദിച്ചു. മിഠായിത്തെരുവിലൂടെ നടന്നുനീങ്ങി വ്യത്യസ്ത കമ്പനികളുടെ ഉൽപന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന സ്റ്റാളുകളും കടന്ന് മേളയിലെ ഏറ്റവും വലിയ ആകർഷണമായ ഫുഡ് കോർട്ടിലുമെത്താം. വൈവിധ്യമാർന്ന രുചികളുടെ സംഗമഭൂമിയാണ് ഫുഡ് കോർട്ട്.
മണ്ണിൽ വേരുകൾ ആഴ്ത്തി പടർന്നുപന്തലിച്ചു നിൽക്കുന്ന ആൽമരച്ചുവട്ടിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള അവസരത്തിനായി സന്ദർശകരുടെ തിക്കും തിരക്കുമായിരുന്നു. ദക്ഷിണേന്ത്യയിലെ നാടൻ വിഭവങ്ങൾ മുതൽ ഉത്തരേന്ത്യൻ സ്ട്രീറ്റ് ഫുഡ് വരെ സ്റ്റാളുകളിൽ ഒരുക്കിയിരുന്നു. എരിവും പുളിയും മധുരവും കലർന്ന രുചിയുടെ വെടിക്കെട്ട് തീർക്കുന്നതിനൊപ്പം ‘മച്ചാൻസ് ഇൻ ഷാർജ’ പരിപാടിയിലൂടെ കല്ലു-മാത്തു ജോടി മേളനഗരിയിലുടനീളം കുടുംബ പ്രേക്ഷകരെ കൈയിലെടുത്തു. എക്സ്പോ സെന്ററിലെത്തുന്നവരെ സ്വീകരിച്ചും അവർക്കായി മത്സരങ്ങളൊരുക്കിയും സമ്മാനം വാരിവിതറിയും മച്ചാന്മാർ കളം നിറഞ്ഞു. ഇന്ത്യയുടെ വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ സംഗമിക്കുന്ന ടേസ്റ്റി ഇന്ത്യയിൽനിന്ന് പുതുരുചികൾ നുണഞ്ഞ്, കല്ലുവിന്റെയും മാത്തുവിന്റെയും ആഘോഷത്തിൽ പങ്കെടുത്ത്, കൈ നിറയെ സമ്മാനങ്ങളുമായി മടങ്ങാനുള്ള വേദിയാണ് അഞ്ചാം സീസണിൽ തുറന്നിട്ടത്.
കുട്ടികൾക്കുള്ള ചിത്രരചന മത്സരം ശനിയാഴ്ചയും തുടരും. ഡെസർട്ട് മാസ്റ്റർ തത്സമയ പാചക മത്സരം, മജീഷ്യൻ രാജമൂർത്തിയുടെ മാജിക് വർക്ഷോപ്, രസകരമായ നുറുങ്ങുകളുമായി ഷെഫ് പിള്ളയുടെ പാചക വർക്ഷോപ്, പ്രഗല്ഭരായ മേക്കപ് ആർട്ടിസ്റ്റുകളുടെ ആർട്ട് ഓഫ് ഗ്രൂമിങ്, പാചക വിദഗ്ധരെ കാത്ത് ഡെസർട്ട് മാസ്റ്റർ, പാട്ടുപാടി സമ്മാനം നേടാൻ സിങ് എൻ വിൻ, ജീവിതം ആനന്ദകരമാക്കാൻ പേളി മാണിയുടെയും മാണി പോളിന്റെയും പോൾ ആൻഡ് പേളി ഷോ, ഇന്റീരിയർ ഡിസൈനിൽ അഭിരുചി വളർത്താൻ സ്പേസ് ക്രാഫ്റ്റ് എന്നിവയും വരും ദിവസങ്ങളിൽ നടക്കും. മെഡിക്കൽ പരിശോധന, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, സ്വപ്നയാത്രകൾ യാഥാർഥ്യമാക്കുന്നതിന് ഡ്രീം ഡെസ്റ്റിനേഷൻ തുടങ്ങിയവയും കമോൺ കേരളയിൽ എത്തുന്നവരെ പകൽ സമയങ്ങളിലും കാത്തിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

