വിസ്മയത്തിന്റെ മായാജാലകം തുറന്ന് രാജമൂർത്തി
text_fieldsമജീഷ്യൻ രാജമൂർത്തി അവതരിപ്പിച്ച മാജിക് വർക്ഷോപ്
ഷാർജ: മനസ്സിനെ മായികലോകത്തേക്ക് ആനയിക്കുന്ന ഇന്ദ്രജാലത്തിലൂടെ സന്ദർശകരുടെ കൈയടി നേടി മജീഷ്യൻ രാജമൂർത്തി. മാജിക്കിന്റെ നുറുങ്ങുവിദ്യകൾ കാഴ്ചക്കാർക്ക് പകർന്നുനൽകിയും പുതിയ മാന്ത്രികവിദ്യകളിലൂടെ അവരെ വിസ്മയിപ്പിച്ചും സമ്മാനങ്ങൾ നൽകിയുമാണ് കമോൺ കേരളയുടെ രണ്ടാം ദിനത്തിൽ രാജമൂർത്തി സദസ്സിനെ കൈയിലെടുത്തത്. ശനിയാഴ്ച കമോൺ കേരള വേദിയിൽ ഏറ്റവും കൂടുതൽ സന്ദർശകർ പങ്കെടുത്ത വേറിട്ട പ്രോഗ്രാമുകളിൽ ഒന്നായിരുന്നു മജീഷ്യൻ രാജമൂർത്തിയുടെ മാജിക് വർക്ഷോപ്.
നിറഞ്ഞുകവിഞ്ഞ സദസ്സിന് മുന്നിൽ ഉച്ചയോടെയാണ് മാജിക് വർക് ഷോപ്പിന്റെ തുടക്കം. സദസ്സിൽനിന്ന് സ്റ്റേജിലേക്ക് ക്ഷണിച്ച കുട്ടിയുടെ മുന്നിൽ പ്രദർശിപ്പിച്ച ചീട്ടുകളിൽനിന്ന് ഒന്ന് തെരഞ്ഞെടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇതനുസരിച്ച് കുട്ടി തെരഞ്ഞെടുത്ത ചീട്ട് മറ്റു ചീട്ടുകൾക്കിടയിലേക്ക് തിരുകിയശേഷം അദ്ദേഹം വീണ്ടും ക്രമം തെറ്റിച്ചു. തുടർന്ന് വീണ്ടും അതിൽനിന്ന് ചീട്ട് എടുക്കാൻ ആവശ്യപ്പെട്ടു. എടുത്ത ചീട്ട് നോക്കിയ അവൻ കൗതുകം കൊണ്ട് ചിരിക്കുകയായിരുന്നു. നേരത്തേ താൻ എടുത്ത അതേ ചീട്ട് തന്നെയാണ് അവന് കിട്ടിയത്. ഇങ്ങനെ തുടക്കം മുതൽ ഒടുക്കം വരെ ഓരോ ഐറ്റങ്ങൾ സ്റ്റേജിൽ പ്രകടമാവുമ്പോഴും ആവേശഭരിതരായി കുട്ടികൾ എഴുന്നേറ്റുനിന്ന് കൈയടിച്ചു.
മാജികിന്റെ ഓരോ സെഷനിലും കാണികളെകൂടി പങ്കെടുപ്പിക്കാൻ രാജമൂർത്തി കാണിച്ച ശ്രദ്ധ ഇതിന് പിൻബലമേകി. മാജിക് അവതരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വിവിധ കാര്യങ്ങൾ കുട്ടികൾക്ക് അദ്ദേഹം മാജിക്കിലൂടെ പകർന്നുനൽകി. മികച്ച മാന്ത്രികന് വേണ്ട ഗുണങ്ങളെ കുറിച്ച് കൃത്യമായ അവബോധവും അദ്ദേഹം കാണികളുമായി പങ്കുവെച്ചു. മെയ്വഴക്കം, മനസ്സിന്റെ ഏകാഗ്രത, വേഗത എന്നിവ മാന്ത്രികന് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുന്നിലിരിക്കുന്ന കാണികളെ കൃത്യമായി മനസ്സിലാക്കി വേണം സ്റ്റേജിൽ മാജിക് അവതരിപ്പിക്കാൻ. മികച്ച ആസൂത്രണവും പഠനവും ഇതിന് ആവശ്യമാണ് എന്നു തുടങ്ങിയ ഉപദേശ, നിർദേശങ്ങളും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

