മികവിന്റെ മഹാമേള നാളെ
text_fieldsഷാർജ: യു.എ.ഇയിലെ പ്രവാസലോകം ആകാംക്ഷയോടെ കാത്തിരുന്ന ‘കമോൺ കേരള’ മഹോത്സവത്തിന് നാളെ സംസ്കാരിക തലസ്ഥാനമായ ഷാർജയുടെ മണ്ണിൽ തിരിതെളിയും. വൈവിധ്യങ്ങളുടെ നിറപ്പകിട്ടാർന്ന ഒട്ടനവധി പ്രോഗ്രാമുകളുടെ സംഗമവേദിയിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തും. ഇവരെ വരവേൽക്കാൽ മൊഞ്ചുള്ള മണിയറപോലെ ഷാർജ എക്സ്പോ സെന്റർ ഒരുങ്ങിക്കഴിഞ്ഞു. ഇനിയുള്ള മൂന്നു ദിനം ആഘോഷങ്ങളുടെ പെരുമഴ. കഴിഞ്ഞ നാലു സീസണുകളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ രാവിലെ 10 മുതൽ രാത്രി 10വരെ നീളുന്ന ആഘോഷപരിപാടികളാണ് ‘ഗൾഫ് മാധ്യമം’ ആസൂത്രണം ചെയ്തിരിക്കുന്നത്. ടൊയോട്ടയുടെ കാംറി കാർ ഉൾപ്പെടെ ഒട്ടനവധി സമ്മാനങ്ങളും മേളയിലെത്തുന്നവരെ കാത്തിരിക്കുന്നുണ്ട്.
കുട്ടികൾക്കും മുതിർന്നവർക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വാദിക്കാനുള്ള അനവധി വിഭവങ്ങൾ ഇത്തവണയും തയാറായിക്കഴിഞ്ഞു. പുതുമയാർന്ന ടി.വി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ രാജ് കലേഷും മാത്തുക്കുട്ടിയും അവതരിപ്പിക്കുന്ന ‘മച്ചാൻസ് ഇൻ ഷാർജ’ മൂന്നു ദിനവും പകലിനെ ചിരിയുടെ വേദിയാക്കും. കുടുംബജീവിതം കൂടുതൽ സമാധനപൂർണവും ആഘോഷപൂർണവുമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സിമ്പിൾ ടിപ്സുമായി പ്രചോദക പ്രഭാഷകൻ മാണി പോളും മകളും നടിയും അവതാരകയുമായ പേളി മാണിയും ‘പോൾ ആൻഡ് പേളി’ ഷോയുമായി എത്തും.
കൊച്ചു കുട്ടികളുടെ മിഡിലീസ്റ്റിലെ ഏറ്റവും വലിയ ചിത്രരചന മത്സരത്തിനും കമോൺ കേരള വേദിയാകും. സൗന്ദര്യപാഠങ്ങൾ പകരുന്ന ‘ദ ആർട്ട് ഓഫ് ഗ്രൂമിങ്’, പാട്ടിന് സമ്മാനവുമായി ‘സിങ് എൻ വിൻ’, മജീഷ്യൻ രാജമൂർത്തിയുടെ മാജിക് വർക് ഷോപ് എന്നിവ സന്ദർശകർക്ക് ആസ്വാദനവും അറിവും പകരുന്ന വിഭവങ്ങളാണ്. ഭക്ഷണ പ്രേമികൾക്ക് രുചിയുടെ വിരുന്നൊരുക്കി ‘ഡസർട്ട് മാസ്റ്റർ’, തത്സമയ പാചകമത്സരം, ഇന്ത്യൻ രുചിഭേദങ്ങളുടെ സംഗമമായ ടേസ്റ്റി ഇന്ത്യൻ സ്റ്റാളുകൾ, ഷെഫ് പിള്ളയുടെ പാചക വർക് ഷോപ് എന്നിവയും വേദിയെ സമ്പന്നമാക്കും.
ആരോഗ്യം, വിനോദ സഞ്ചാരം, വിദ്യാഭ്യാസം, ഷോപ്പിങ്, ഇന്റീരിയർ ഡിസൈൻ തുടങ്ങിയ മേഖലയിൽ സ്റ്റാളുകളുമായി ഇന്ത്യയിലെയും യു.എ.ഇയിലെയും സംരംഭകർ അണിനിരക്കും. നിരവധി ഉപഭോക്തൃ ഉൽപന്നങ്ങളുടെ ലോഞ്ചിങ്ങിനും കമോൺ കേരള വേദിയാവും. വീടുവാങ്ങാനും വിൽക്കാനും റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാനും ആഗ്രഹിക്കുന്നവർക്കായി പ്രോപർട്ടി ഷോ നടക്കും. പകലിനൊപ്പം രാവും ആഘോഷമാക്കാൻ മലയാളികളുടെ ഇഷ്ടതാരമായ കുഞ്ചാക്കോ ബോബനും ഭാവനയും ഉൾപ്പെടുന്ന വൻ താരനിര തന്നെ വിവിധ സമയങ്ങളിലായി വേദിയിലെത്തും. രണ്ടാം ദിനത്തിൽ നടി ഭാവന മുഖ്യാതിഥിയായി എത്തുന്ന മ്യൂസ് ഓഫ് മൈൻഡ് ഫുൾനെസ് ഇന്ത്യൻ സ്ത്രീത്വത്തിന്റെ ആഘോഷ വേദിയായിരിക്കും.
മേളയുടെ സമാപന ദിനത്തിൽ നടക്കുന്ന മാനവികതയുടെയും ഐക്യത്തിന്റെയും സന്ദേശം പകരുന്ന ‘ഹാർമോണിയസ് കേരള’ വേദിയിലാണ് പ്രിയതാരം കുഞ്ചാക്കോ ബോബൻ എത്തുക. കൂട്ടിന് പ്രമുഖ സംഗീത സംവിധായകൻ ഔസേപ്പച്ചനുമുണ്ടാകും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്കുള്ള ആദരമായി ഇന്തോ-അറബ് വിമൻ എക്സലൻസ് അവാർഡ് നൽകും. യു.എ.ഇയുടെ സുസ്ഥിരത വർഷത്തിന് പ്രവാസ ലോകത്തിന്റെ പിന്തുണ പ്രഖ്യാപിക്കുന്ന ചടങ്ങും വേദിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

