ബറാക്ക ആണവോർജ നിലയത്തിൽ വാണിജ്യ ഉൽപാദനം ആരംഭിച്ചു
text_fieldsപശ്ചിമ അബൂദബിയിലെ ബറാക്ക ആണവോർജ നിലയം
അബൂദബി: പശ്ചിമ അബൂദബിയിലെ ബറാക്ക ആണവോർജ നിലയം വാണിജ്യ ഉൽപാദനം ആരംഭിച്ചതായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും അറിയിച്ചു. യു.എ.ഇയുടെ ചരിത്രത്തിൽ ആണവ നിലയത്തിെൻറ വാണിജ്യ പ്രവർത്തനം യാഥാർഥ്യമായത് 10 വർഷത്തെ ശ്രമത്തെ തുടർന്നാണ്. 2000 ഇമറാത്തി എൻജിനീയർമാരും യുവാക്കളും 80 അന്താരാഷ്ട്ര പങ്കാളികളും ചേർന്നാണ് അഭൂതപൂർവമായ വികസനത്തിനും ആദ്യത്തെ അറബ് ആണവ നിലയത്തിെൻറ പ്രവർത്തനത്തിനും പിന്നിൽ പ്രവർത്തിച്ചത്.
യു.എ.ഇ ഇലക്ട്രിക്കൽ ഗ്രിഡിലേക്ക് ആദ്യത്തെ മെഗാവാട്ട് ആണവോർജം എത്തിക്കാനായതിൽ എമിറേറ്റ്സ് ജനതക്ക് അഭിനന്ദനങ്ങൾ. എെൻറ സഹോദരൻ മുഹമ്മദ് ബിൻ സായിദിനും അഭിനന്ദനങ്ങൾ -ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ട്വിറ്ററിൽ കുറിച്ചു. ശൈഖ് മുഹമ്മദ് ബിൻ സായിദിെൻറ ട്വീറ്റിൽ പറഞ്ഞു- 'ദൈവത്തിന് നന്ദി. രാജ്യം അമ്പതാം വാർഷികം ആഘോഷിക്കുമ്പോൾ യു.എ.ഇയുടെ നേട്ടങ്ങൾ തുടരുന്നു. ആദ്യത്തെ സമാധാനപരമായ ആണവോർജ പ്ലാൻറുകൾ വാണിജ്യപ്രവർത്തനം ആരംഭിക്കുന്നു. ചരിത്രപരമായ ഒരു അറബ് നേട്ടമാണിത്. യുവാക്കളുടെ പങ്ക് ഞങ്ങൾ വിലമതിക്കുന്നു. സുപ്രധാന മേഖലകളിൽ മികച്ച ഭാവിയിലേക്ക് നയിക്കുന്ന രാജ്യമാണ് യു.എ.ഇ'. ആഴ്ചകൾക്ക് മുമ്പാണ് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ രണ്ട് ബറാക്ക ആണവോർജ നിലയങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

