വരൂ, നമുക്ക് സൈക്കിൾ ചവിട്ടാം
text_fieldsസൈക്കിൾ ചവിട്ടി 'ഫിറ്റാ'വാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ് ദുബൈ മുഷ്രിഫ് പാർക്ക്. കൊച്ചു കുട്ടികൾ മുതൽ അതി സാഹസികർക്ക് വരെ മലകൾ കയറിയിറങ്ങാനും സൈക്ലിങ് നടത്താനുമുള്ള കേന്ദ്രമാണ് മുഷ്രിഫ് പാർക്കിലെ മൗണ്ടയ്ൻ ബൈക്ക് ട്രയൽ. സ്വന്തമായി സൈക്കിളില്ലെങ്കിലും വിഷമിക്കേണ്ട, ഇവിടെയെത്തിയാൽ വാടകക്ക് സൈക്കിളും കിട്ടും.
മുഷ്രിഫ് പാർക്കിലെത്തുന്നവരെ സ്വീകരിക്കുന്നത് തന്നെ സൈക്കിളുകളുടെ വലിയൊരു കൂട്ടമാണ്. പാർക്കിങ് ഏരിയകൾ സൈക്കിളുകളാൽ നിറഞ്ഞിരിക്കുന്നു. നിർത്തിയിട്ടിരിക്കുന്ന കാറുകളിൽ സൈക്കിൾ റാക്കില്ലാത്തവ അപൂർവം. കഫ്റ്റീരിയയിൽ കയറിയാലും സൈക്ലിസ്റ്റുകളുടെ സൊറ പറച്ചിൽ മാത്രം. നൂറും ഇരുന്നൂറും കിലോമീറ്റർ താണ്ടിയ കഥകളാണ് ഇവിടെ മുഴങ്ങിക്കേൾക്കുന്നത്. സൈക്കിൾ മാത്രമല്ല, ഹെൽമറ്റ് മുതൽ എല്ലാ സുരക്ഷ ഉപകരണങ്ങളും ഇവിടെ വാടകക്ക് ലഭിക്കും. 55-65 ദിർഹമാണ് സൈക്കിളിന്‍റെ വാടക. എന്നാൽ, വിവിധ സൈക്കിളുകൾക്ക് ഈ നിരക്ക് കൂടിയും കുറഞ്ഞുമിരിക്കും.
സന്ദർശകർക്ക് മൂന്ന് ട്രാക്കുകൾ തെരഞ്ഞെടുക്കാം. റെഡ്, ഗ്രീൻ, ബ്ലൂ. സാഹസികരാണെങ്കിൽ റെഡ് ട്രാക്കാണ് ഉചിതം. തുടക്കക്കാർക്ക് ഗ്രീൻ ട്രാക്കാണ് നല്ലത്. ഇതിന് രണ്ടിനും ഇടയിലുള്ളവർക്ക് ബ്ലൂ ട്രാക്കും തെരഞ്ഞെടുക്കാം. മണ്ണും കല്ലും മണലും നിറഞ്ഞതാണ് വഴികൾ. റെഡ് ട്രാക്കിലാണെങ്കിൽ കല്ലുകൾക്ക് പകരം പാറക്കെട്ടുകൾ വരും. സൈക്കിളുകൾ ഉയർന്നുപൊങ്ങുന്നതും കാണാം.
പരിസ്ഥിതി സൗന്ദര്യം ആസ്വദിച്ച് സൈക്കിൾ ചവിട്ടാമെന്നതാണ് മറ്റൊരു പ്രത്യേകത. 70,000 മരങ്ങൾ ഇവിടെയുണ്ടെന്നാണ് കണക്ക്. കിളികളുടെ കളകള നാദവും കേട്ട് സൈക്കിൾ ചവിട്ടാം.ഓരോ ട്രാക്കിലും കൃത്യമായ സൂചന ബോർഡുകളുണ്ട്. ഗൈഡുകൾ സൈക്കിളിൽ ചുറ്റിക്കറങ്ങുന്നുമുണ്ട്. വാരാന്ത്യങ്ങളിലാണ് കൂടുതൽ സൈക്ലിസ്റ്റുകൾ ഇവിടേക്ക് ഒഴുകുന്നത്. ഒറ്റക്കും സംഘങ്ങളായും എത്തുന്നവരുണ്ട്. രാവിലെ ആറ് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് ട്രാക്കിലേക്ക് പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

