യാത്രകളെ പ്രണയിക്കുന്നവർക്ക് ഊർജമായി ‘ഷീ ട്രാവലേഴ്സ്’
text_fieldsകമോൺ കേരള മിനി സ്റ്റേജിൽ നടന്ന ‘ഷീ ട്രാവലേഴ്സ്’ പരിപാടിയിൽ വര്‍ഷ വിശ്വനാഥ്, സഫീറ അബ്ദുറബ്ബ്, ആസിയത്ത് മസീന ജബിൻ, ഹിറ്റ് എഫ്.എം ആർജെ മായ കർത്ത എന്നിവർ
ഷാര്‍ജ: ‘നമ്മള് സന്തോഷത്തോടെ ഇരിക്കുമ്പോള്‍ മാത്രമാണ് നമുക്ക് ചുറ്റുമുള്ളവരിലേക്ക് ആ സന്തോഷം പകര്‍ന്നു നല്‍കാനാവുക. നാം സന്തോഷത്തിലാവുക എന്നത് നമ്മുടെ മാത്രം ആവശ്യമാണ്. എന്റെ സന്തോഷം, യാത്രയാണ്. അതില്‍ ഞാന്‍ ആനന്ദം കണ്ടെത്തുന്നു. എന്റെ ചുറ്റുമുള്ളവരിലേക്കും അതിനെ എത്തിച്ചുകൊടുക്കുന്നു’ - വര്‍ഷ വിശ്വനാഥ് ഇത് പറയുമ്പോള്‍, കേള്‍വിക്കാരുടെ മുഖങ്ങളില്‍ മിന്നിത്തെളിഞ്ഞ വ്യത്യസ്ത ഭാവങ്ങളുണ്ട്. ജീവിതത്തില്‍ വര്‍ഷ കണ്ടെത്തിയ സന്തോഷത്തിലേക്ക് എത്തിപ്പെടാന്‍ എത്ര കാലമിനിയും കാത്തിരിക്കണമെന്ന് ആകുലപ്പെടുന്നവര്‍.
ആ തിരിച്ചറിവിലേക്കെത്തിയവര്. വികാരങ്ങളുടെ സമ്മിശ്ര പ്രതികരണങ്ങള്‍ നിറഞ്ഞതായിരുന്നു ഗള്‍ഫ് മാധ്യമം കമോണ്‍ കേരള ‘ഷീ ട്രാവലേഴ്സ്’ ചര്‍ച്ച. യാത്രകളെ പ്രണയിക്കുന്നവരുടെ, അത് സാക്ഷാത്കരിച്ചവരുടെ അനുഭവങ്ങളിലൂടെ യാത്ര ചെയ്തങ്ങനെ വേദിയും.
ഏഴ് ലോകാത്ഭുതങ്ങളില്‍ ആറും സന്ദര്‍ശിച്ച് ശ്രദ്ധ നേടിയ യാത്രികയാണ് വര്‍ഷ വിശ്വനാഥ്. കിളിമാഞ്ചാരോ കൊടുമുടി കീഴടക്കിയ വര്‍ഷക്ക് ഇഷ്ടം സോളോ ട്രിപ്പുകളാണ്. 50ലേറെ രാജ്യങ്ങളും ഇന്ത്യയിലെ 23ലേറെ സംസ്ഥാനങ്ങളും സന്ദര്‍ശിച്ച വര്‍ഷ, തന്റെ യാത്രകളിലേക്ക് കേള്‍വിക്കാരെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
13 ലേറെ രാജ്യങ്ങളിലെ കാഴ്ചകളുടെ ഹൃദ്യാനുഭവങ്ങളാണ് സഫീറ പങ്കുവെച്ചത്. സാഹസിക യാത്രകളോടാണ് സഫീറ അബ്ദുറബ്ബിന്റെ പ്രണയം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പത്താമത്തെ കൊടുമുടിയായ അന്നപൂര്‍ണ കീഴടക്കിയ സഫീറക്ക്, ഏഴു ഭൂഖണ്ഡങ്ങളിലെ ഏഴു കൊടുമുടികള്‍ കീഴടക്കണമെന്നതാണ് മോഹം. പൂവണിയുമെന്ന പ്രതീക്ഷയോടെ യാത്രകള്‍ തുടരുകയാണ്.
ആസിയത്ത് മസീന ജബിന്റെ യാത്രകള്‍ക്ക് എന്തൊരു ചന്തമാണെന്ന് തോന്നും ആ കഥകള്‍ കേള്‍ക്കുമ്പോള്‍. ദുബൈയിലെ അല്‍ താഹിര്‍ കുടുംബത്തിലെ ജോലിക്കിടെയാണ് യാത്രകളിലേക്ക് വഴി തിരിയുന്നത്. 2021 ലാണ് തുടക്കം. ഇതുവരെ കടന്നുചെന്നത് 24 രാജ്യങ്ങളുടെ സുന്ദരാനുഭവങ്ങളിലേക്ക്. 25ാമത്തെ രാജ്യം കാണാനുള്ള ആവശേത്തിലാണിപ്പോള്.
ഓരോ യാത്രയും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഊര്‍ജമാണെന്നാണ് ആസിയത്തിന്റെ പക്ഷം. പ്രാഗിലേക്കും ലഡാക്കിലേക്കും സോളോ യാത്രകള്‍. റോമിലും മാള്‍ട്ടയിലും ഇസ്തംബൂളിലുമുള്ള ചരിത്രാന്വേഷണം. മക്കയിലേക്കുള്ള തീര്‍ഥയാത്ര. കൈറോ, വെയ്ല്‍സ്, സ്കോട്ട്ലൻഡ്, ഉസ്ബകിസ്താന്‍, കിര്ഗിസ്താന്, ഹംഗറി, റുമേനിയ... അങ്ങനെ യാത്രകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
ആരുടെയും ആഗ്രഹങ്ങളില്‍ മുന്നില്‍ നില്ക്കുന്നതില് ഒന്ന് എപ്പോഴും യാത്രകള്‍ തന്നെയായിരിക്കും. ചിലര്‍ സാക്ഷാത്കരിക്കുന്നു. ചിലര്‍ കാത്തിരിപ്പ് തുടരുന്നു. കമോണ്‍ കേരള വേദിയില്‍ കണ്ടതും കേട്ടതും ആ അനുഭവങ്ങള്‍ തന്നെയാണ്. ചര്‍ച്ചയില്‍ ഹിറ്റ് എഫ്.എം ആര്‍ജെ മായ കര്‍ത്തയായിരുന്നു അവതാരക. തികച്ചും വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് ഏറെപ്പേരുടെ ഹൃദയം കവര്‍ന്നാണ് ‘ഷീ ട്രാവലേഴ്സ്’ സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

