കേരളം ഒഴുകിയെത്തി; റെക്കോഡ് തിരുത്തി 'കമോൺ കേരള'ക്ക് കൊടിയിറക്കം
text_fieldsഷാർജ: ഇന്ത്യ-യു.എ.ഇ വാണിജ്യ പങ്കാളിത്തത്തിന്‍റെ പുത്തൻ വാതായനങ്ങൾ തുറന്ന് ‘ഗൾഫ് മാധ്യമം കമോൺ കേരള’യുടെ അഞ്ചാം എഡിഷന് അവിസ്മരണീയ സമാപനം. രണ്ടര ലക്ഷം പേർ ഒഴുകിയെത്തിയ മുൻ സീസണുകളുടെ സ്വന്തം റെക്കോഡ് തിരുത്തിയെഴുതി ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ മേളയെന്ന പകിട്ടോടെയാണ് മഹാമേളക്ക് തിരശീല വീണത്. മൂന്ന് ദിനരാത്രങ്ങളിലായി മൂന്ന് ലക്ഷത്തോളം പേർ അലകടലായൊഴുകിയ മേള, ഇതിലേറെ പുതുമകളോടെ ആറാം എഡിഷനുമായി വീണ്ടുമെത്തുമെന്ന പ്രഖ്യാപനത്തോടെയാണ് കൊടിയിറങ്ങിയത്.
വാണിജ്യ ചർച്ചകളും പുതിയ കരാറുകളും സാംസ്കാരിക പരിപാടികളും സമ്പന്നമാക്കിയ മേള, ഇരുരാജ്യങ്ങളുടെയും സൗഹൃദം ഊട്ടിയുറപ്പിക്കുന്ന സദസായി മാറി. സമാപന ദിനം നടന്ന ‘ഹാർമോണിയസ് കേരള’ സാംസ്കാരിക പരിപാടിയിൽ നടൻ കുഞ്ചാക്കോ ബോബൻ മുഖ്യാതിഥിയായി. സാംസ്കാരിക പരിപാടികൾക്ക് മുമ്പായി യു.എ.ഇയുടെ സുസ്ഥിരത വർഷത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവാസലോകത്തിന്‍റെ പ്രതിനിധികൾ പ്രതിജ്ഞയെടുത്തു. എം.പിമാരായ കെ. മുരളീധരൻ, ജോൺ ബ്രിട്ടാസ് എന്നിവർ മുഖ്യാതിഥികളായി. ഇവർക്കൊപ്പം യു.എ.ഇയിലെ പ്രധാന സംഘടന നേതാക്കൾ അണിനിരന്നു.
ദുരിതകാലത്ത് മലയാളി പുലർത്തിയ ഐക്യം വികസനത്തിലും നിലനിർത്തണമെന്ന് കെ. മുരളീധരൻ പറഞ്ഞു. വികസനത്തിൽ പ്രവാസികളാണ് ഏറ്റവുമധികം സംഭാവന നൽകിയത്. പ്രതികൂല കാലാവസ്ഥകളെ മറികടന്നാണ് യു.എ.ഇ വികസനം കൊണ്ടുവരുന്നത്. അനുകൂല കാലാവസ്ഥയുള്ള കേരളവും ഈ മാതൃക പിൻപറ്റണമെന്നും ‘ഗൾഫ് മാധ്യമം’ നടത്തുന്ന സുസ്ഥിരത ഐക്യദാർഢ്യം ഇതിലേക്കുള്ള വഴികാട്ടിയാകണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
വികസന കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ പണ്ടത്തേക്കാൾ ഐക്യം കേരളത്തിൽ ഇപ്പോഴുണ്ടെന്ന് ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. റെയിൽവേയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ ഐക്യം ഉടൻ വ്യക്തമാകും. ഗൾഫിലേക്ക് വരുമ്പോഴാണ് നമുക്കും വികസനം വേണ്ടേ എന്ന് ആലോചിക്കുന്നത്. സുസ്ഥിരതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ‘മാധ്യമ’ത്തിന്‍റെ പരിപാടിയുടെ ലക്ഷ്യവും വികസനമാണെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിൽ തുടക്കം കുറിച്ച് വൻവിജയം നേടിയ സംരംഭങ്ങളെ ആദരിക്കുന്ന ‘ഗൾഫ് മാധ്യമം’-ജലീൽ കാഷ് ആൻഡ് കാരി ‘ദ പയനിയേഴ്സ് അവാർഡ്’ വിതരണ ചടങ്ങും നടന്നു. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, ജലീൽ ഹോൽഡിങ്സ് എം.ഡി സമീർ കെ. മുഹമ്മദ്, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, ഗൾഫ് മാധ്യമം-മീഡിയവൺ മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ, എക്സിക്യൂട്ടീവ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. അബ്ദുസ്സലാം ഒലയാട്ട് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

