കമോൺ കേരള ആറാം പതിപ്പ്: ആഘോഷം കൊട്ടിക്കലാശത്തിലേക്ക്...
text_fieldsഷാർജ എക്സ്പോ സെന്ററിൽ ‘കമോൺ കേരള’ക്ക് എത്തിച്ചേർന്ന സന്ദർശകരുടെ തിരക്ക്
ഷാർജ: ജൂണിലെ ചൂടിലും ഉള്ളംകുളിർക്കുന്ന അനുഭൂതിയായി ഗൾഫ് മാധ്യമം ‘കമോൺ കേരള’ സമാപനത്തിലേക്ക്. അണമുറിയാത്ത ജനപ്രവാഹം ചരിത്ര സംഭവമാക്കി മാറ്റിയ മഹാമേള ഞയറാഴ്ച രാത്രി സംഗീത വിരുന്നോടെ സമാപിക്കും. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക, വിനോദ, വൈജ്ഞാനിക മേള ഷാർജ എക്സ്പോ സെന്ററിൽ വെള്ളിയാഴ്ച രാവിലെയാണ് ആരംഭിച്ചത്. ദുബൈ, അബൂദബി, റാസൽഖൈമ, അജ്മാൻ, അൽ ഐൻ തുടങ്ങി യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകളെത്തി. വലിയ ജനക്കൂട്ടത്തെ ഉൾക്കൊള്ളാനുള്ള വിശാലത ഷാർജ എക്സ്പോ സെന്ററിന് ഉണ്ടായിരുന്നത് അനുഗ്രഹമായി. ആയിരക്കണക്കിന് കുട്ടികൾ നിരന്നിരുന്ന് വരക്കുന്ന ‘ലിറ്റിൽ ആർട്ടിസ്റ്റി’ൽ പ്രതിഭയുടെ മിന്നലാട്ടങ്ങൾ കണ്ടു. ഓരോ വർഷവും എന്തെങ്കിലും സർപ്രൈസുകൾ സമ്മാനിക്കുന്ന പതിവ് മേളയുടെ ആറാം പതിപ്പിലും തെറ്റിച്ചില്ല. ആദ്യകാല പ്രവാസത്തെ അനുസ്മരിപ്പിക്കുന്ന പത്തേമാരിയാണ് ഇത്തവണത്തെ അത്ഭുതം. അറബ് ലോകവും ഇന്ത്യയും തമ്മിലുള്ള ഇഴമുറിയാത്ത പാരസ്പര്യത്തിന്റെ പതിറ്റാണ്ടുകൾക്കപ്പുറത്തെ ചരിത്രമാണ് പത്തേമാരി ഓർമിപ്പിക്കുന്നത്. കൂറ്റൻ പത്തേമാരിയുടെ മുകളിൽ കയറി പടമെടുക്കാൻ അവസരമുണ്ട്. കൊമേഴ്സ്യൽ സ്റ്റാളുകൾ പോലും കൺകുളിർക്കുന്ന കൗതുകക്കാഴ്ചകൾ സമ്മാനിക്കുന്നു. ടി.വി താരങ്ങളായ കല്ലുവും മാത്തുവും ഇൻസ്റ്റഗ്രാം താരങ്ങളായ ‘കൊമ്പൻകാട് കോയയും കുഞ്ഞാപ്പുവും’ നുറുങ്ങുരസങ്ങൾ വിതറി മേളയെ ഹൃദ്യമാക്കി. നാട്ടിലും യു.എ.ഇയിലും മികച്ച താമസയിടം അന്വേഷിക്കുന്നവർക്ക് വെളിച്ചം വീശാൻ പ്രമുഖ ബിൾഡർമാരെയും മേഖലയിലെ വിദഗ്ധരെയും അണിനിരത്തി പ്രോപ്പർട്ടി ഷോയും മേളയുടെ ഭാഗമാണ്. മലയാള സിനിമയിലെ ഹിറ്റ് കഥാപാത്രങ്ങളുടെ ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച ഫുഡ് കോർട്ട് ഭക്ഷണ വൈവിധ്യത്തിനപ്പുറം സൗഹൃദം പുതുക്കാനുള്ള വേദികൂടിയായി. ഭക്ഷണ വൈവിധ്യങ്ങൾ കൊണ്ട് ഇവിടുത്തെ ഓരോ കൗണ്ടറുകളും ആകർഷകമാണ്. വിവിധ കാരണങ്ങളാൽ ശ്രദ്ധിക്കപ്പെടാതെ പോയ പ്രതിഭകൾക്ക് പാട്ടുപാടി സമ്മാനം നേടാൻ അവസരമൊരുക്കിയ ‘സിങ് ആൻഡ് വിൻ’ പരിപാടി കാണികൾക്കും വിരുന്നായി. കരിയർ, വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറംപകരുന്ന സെഷനുകൾ മിനി സ്റ്റേജിനെ ധന്യമാക്കി.
വൈകീട്ടാണ് ജനപ്രവാഹം പാരമ്യത്തിലെത്തുന്നത്. സംസ്കാരത്തിന്റെയും വിജ്ഞാനത്തിന്റെയും സംഗമഭൂമിയായി ഷാർജയെ വളർത്തുകയും പ്രവാസി സമൂഹത്തെ എക്കാലവും ചേർത്തുനിർത്തുകയും ചെയ്യുന്ന സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വം മേളയുടെ പകിട്ട് വർധിപ്പിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. രണ്ടുതവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരത്തിൽ പ്രത്യേക പരാമർശവും നേടിയ പാർവതി തിരുവോത്ത്, ദേശീയ പുരസ്കാരം നേടിയ സംവിധായിക അഞ്ജലി മേനോൻ തുടങ്ങിയവരുടെ സാന്നിധ്യമായിരുന്നു രണ്ടാം ദിവസത്തെ ആകർഷണങ്ങളിലൊന്ന്. ഇത്രയേറെ സെലബ്രിറ്റികളും കലാകാരന്മാരും നാട്ടിൽനിന്ന് വരുന്ന മറ്റൊരു പരിപാടിയും ഒരു ഗൾഫ് രാജ്യത്തുമില്ല. അടുത്ത എഡിഷന് ജനം കാത്തുനിൽക്കുന്ന രീതിയിൽ പ്രവാസ ലോകത്തിന്റെ പെരുന്നാളായി ഇതിനകം ‘കമോൺ കേരള’ മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

