ആഘോഷം നിറച്ച രാപ്പകലുകളിലേക്ക്...
text_fieldsഷാർജ: യു.എ.ഇയിലെ പ്രവാസി മലയാളികൾ കാത്തിരിക്കുന്ന മഹാമേളയായ ഗൾഫ് മാധ്യമം ‘കമോൺ കേരള’ ആറാം എഡിഷന് ഇനി ദിവസങ്ങൾ മാത്രം. ജൂൺ 7,8,9 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറുന്ന മേളയിൽ രാവും പകലും വിനോദവും വിജ്ഞാവും വാണിജ്യവും സംയോജിപ്പിച്ച പ്രദർശനങ്ങളും, കുട്ടികൾക്കും കുടുംബങ്ങൾക്കും പങ്കെടുക്കാവുന്ന മൽസരങ്ങളും, പ്രഗൽഭ ഗായകരും സിനിമ താരങ്ങളും പങ്കെടുക്കുന്ന സംഗീത വിരുന്നുമടക്കം വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ജനപ്രിയ സിനിമകളിലൂടെ മലയാള പ്രേക്ഷകരുടെ ഹൃദയംകവർന്ന് വെള്ളിത്തിരയിൽ നിറഞ്ഞുനിലക്കുന്ന നിവിൻ പോളിയും പാർവതി തിരുവോത്തും വ്യത്യസ്ത ദിവസങ്ങളിലായി മേളയുടെ വേദിയിലെത്തുന്നുണ്ട്. മൂന്നുദിവസവും കുട്ടികൾക്കായി വൻ സന്നാഹത്തോടെ ‘ലിറ്റിൽ ആർടിസ്റ്റ്’ ചിത്രരചനാ മൽസരം ഒരുക്കിയിട്ടുണ്ട്.
ജൂനിയർ സീനിയർ വിഭാഗങ്ങളിൽ നടക്കുന്ന മൽസരത്തിലേക്ക് രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. മലയാളത്തിലെ പ്രഗൽഭ സംവിധായകരായ ബ്ലെസിയും സലീം അഹമ്മദും പങ്കെടുക്കുന്ന ‘ലൈറ്റ്സ്, കാമറ, ആക്ഷൻ’ എന്ന സിനിമാ തൽപരരായവർക്ക് വേണ്ടി ഒരുക്കിയ സെഷൻ ഇത്തവണത്തെ പുതുമയാണ്. പാട്ടുപാടി സമ്മാനം വാങ്ങാൻ അവസരമൊരുക്കുന്ന ‘സിങ് ആൻഡ് വിൻ’, പാചകകലയിലെ മിടുക്ക് തെളിയിക്കാൻ അവസരമൊരുക്കുന്ന ഡസർട് മാസ്റ്റർ മൽസരം, സ്റ്റെഫി സേവ്യർ നേതൃത്വം നൽകുന്ന ഫാഷൻ മേഖലയെ അടയാളപ്പെടുത്തുന്ന ‘ഫാഷൻ ഫ്യൂഷൻ’ സെഷൻ, ഷെഫ് പിള്ള നേതൃത്വം നൽകുന്ന ‘ഷെഫ് മാസ്റ്റർ’, സ്ത്രീകൾക്ക് പ്രവാസലോകത്ത് പരീക്ഷിക്കാവുന്ന സംരംഭങ്ങൾ പരിചയപ്പെടുത്തുന്ന ‘ഷീ വെൻച്വർസ്’ എന്നിങ്ങനെ വിവിധ പരിപാടികൾ പകൽ സമയങ്ങളിൽ അരങ്ങേറും. അതോടൊപ്പം 150ലേറെ സ്റ്റാളുകളിൽ വിവിധ സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും ഒരുക്കും.
അനുദിനം കുതിച്ചുയരുന്ന പ്രോപ്പർട്ടി മേഖലയിലെ ശ്രസ്തർ പങ്കെടുക്കുന്ന പ്രോപ്പർട്ടി ഷോ, യാത്രാമേഖലയിലെ സംരംഭകർ ആകർഷമായ ഓഫറുകളുമായി പങ്കെടുക്കുന്ന ‘ഡ്രീം ഡെസ്റ്റിനേഷൻ’, രുചി വൈവിധ്യങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ‘ടേസ്റ്റി ഇന്ത്യ’ എന്നിങ്ങനെ പ്രദർശകരുടെ നിര നീണ്ടതാണ്. നാട്ടിൻ പുറത്തെ രുചി വിഭവങ്ങൾ മുതൽ അറബ് വിഭവങ്ങൾ വരെ ഒരുക്കുന്ന ഫുഡ് കോർട്ടും ഇത്തവണയുമുണ്ട്.
ആദ്യദിനത്തിലെ പ്രധാനവേദിയിലെ ചടങ്ങിൽ ജലീൽ ക്യാഷ് ആൻഡ് കാരി ‘ദ പയനീയർസ് അവാർഡ്’, രണ്ടാം ദിനത്തിൽ ഇന്ത്യൻ-അറബ് വനിത പ്രതിഭകൾക്ക് ആദരമൊരുക്കുന്ന ഇന്തോ-അറബ് വിമൻ എക്സലൻസ് പുരസ്കാര ദാനം, മൂന്നാം ദിനത്തിൽ ‘അറേബ്യൻ ലജൻഡറി അചീവ്മെന്റ് അവാർഡ്’ വിതരണം എന്നിവ നടക്കും. ആദ്യദിനത്തിലെ സംഗീതരാവിൽ ഇതിഹസ സംഗീതജ്ഞൻ എ.ആർ റഹ്മാന്റെ ഗാനങ്ങൾ വേദിയിൽ അവതരിപ്പിക്കുന്ന ‘റഹ്മാനിയ’ അരങ്ങേറും. രണ്ടാംദിനത്തിലാണ് പാർവതി തിരുവോത്ത് ‘കമോൺ കേരള’ വേദിയിലെത്തുന്നത്. മലയാളി എക്കാലവും താലോലിക്കുന്ന മെലഡികൾ കോർത്തിണക്കിയ ‘വേവ്സ് ഓഫ് മെമ്മറീസ്’ രണ്ടാം ദിനത്തിലെ സംഗീത നിശയെ അവിസ്മരണീയമാക്കും. നിവിൻ പോളി വേദിയിലെത്തുന്ന മൂന്നാം ദിനത്തിൽ എക്കാലത്തെയും മധുരഗാനങ്ങൾ പെയ്തിറങ്ങുന്ന ‘ബീറ്റ്സ് ഓഫ് കേരള’ പെയ്തിറങ്ങും. മേളയുടെ സമാപന ദിവസമായ ജൂൺ 9ന് പ്രമുഖർ പങ്കെടുക്കുന്ന വേദിയിൽ ‘ഗൾഫ് മാധ്യമം’ രജതജൂബിലി ആഘോഷവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

