കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടം; ദുബൈ ഉപഗ്രഹ വിവരങ്ങൾ പങ്കുവെക്കും
text_fieldsദുബൈ: കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ ആഗോള ബഹിരാകാശ സംഘടനകളുമായി ദുബൈ യോജിച്ച് പ്രവർത്തിക്കും. ഇതിന്‍റെ ഭാഗമായി യു.എ.ഇയുടെ പരിസ്ഥിതി ഉപഗ്രഹമായ ഡി.എം സാറ്റ്-വണ്ണിൽനിന്നുള്ള വിവരങ്ങൾ കൈമാറും. സ്പേസ് ക്ലൈമറ്റ് ഒബ്‌സർവേറ്ററി (എസ്.സി.ഒ) ഇന്‍റർനാഷനലുമായി ചേർന്നാണ് ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്‍റർ (എം.ബി.ആർ.എസ്.സി) പ്രവർത്തിക്കുക. ഇതുസംബന്ധിച്ച ധാരണപത്രത്തിൽ എം.ബി.ആർ.എസ്.സി ഡയറക്ടർ ജനറൽ സലേം അൽ മർറി ഒപ്പുവെച്ചു. ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജൻസികളുമായും സ്വകാര്യ കമ്പനികളുമായും ചേർന്ന് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംaഘടനയാണ് എസ്.സി.ഒ ഫ്രഞ്ച് ബഹിരാകാശ ഏജൻസിയാണ് ഇതിന് നേതൃത്വം നൽകുന്നത്.
കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ നിരീക്ഷിക്കാൻ ഉപഗ്രഹ വിവരങ്ങൾ സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഡി.എം സാറ്റ്-വൺ വിക്ഷേപിച്ചത്. അന്തരീക്ഷത്തിലെ ചിത്രങ്ങൾ പകർത്തുന്നതോടൊപ്പം വായുമലിനീകരണത്തിന്‍റെയും ഹരിതഗൃഹ വാതകങ്ങളുടെയും അളവ് മനസ്സിലാക്കാനും ഡി.എം സാറ്റ്-വൺ നൽകുന്ന വിവരങ്ങൾ സഹായിക്കും. ഉപഗ്രഹത്തിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി ദുബൈ മുനിസിപ്പാലിറ്റി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനവും ആഘാതവും നിരീക്ഷിക്കുന്നതിനുള്ള ആഗോള നടപടികളെ പിന്തുണക്കുന്നതിനുള്ള ദുബൈയുടെ ശ്രമങ്ങൾക്ക് ഡി.എം സാറ്റ്-വൺ നൽകുന്ന വിവരങ്ങൾ ബലമേകുമെന്നാണ് കരുതപ്പെടുന്നത്.
മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്‍ററും ഫ്രഞ്ച് നാഷനൽ സ്പേസ് ആൻഡ് റിസർച്ച് സെന്‍ററും തമ്മിൽ നേരത്തേ സഹകരണമുണ്ട്. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അടുത്തിടെ നടത്തിയ ഫ്രാൻസ് സന്ദർശനവേളയിൽ ബഹിരാകാശ രംഗത്തെ പുതിയ സംരംഭങ്ങളിൽ സംയുക്തമായി നീങ്ങുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

