മുഖ്യമന്ത്രിയുടെ സന്ദർശനം സമ്മാനിച്ചത് നിരാശ മാത്രം -ദുബൈ കെ.എം.സി.സി
text_fieldsദുബൈ: മുഖ്യമന്ത്രി പിണറായി വിജയൻ പരിവാരസമേതം നടത്തിയ യു.എ.ഇ സന്ദർശനം സാധാരണക്കാരായ ലക്ഷക്കണക്കിന് പ്രവാസികൾക്ക് നിരാശ മാത്രമാണ് സമ്മാനിച്ചതെന്ന് ദുബൈ കെ.എം.സി.സി കുറ്റപ്പെടുത്തി.
2016ൽ നടത്തിയ സന്ദർശനത്തിൽ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഖ്യാപനങ്ങളിൽ ഒന്നുപോലും പ്രാവർത്തികമാക്കാൻ കഴിയാതെയാണ് ഇപ്പോൾ വീണ്ടും മുഖ്യമന്ത്രി വന്നുപോയിട്ടുള്ളത്.
പ്രവാസി സംഘടനകളുമായി ആശയവിനിമയം നടത്താനോ പ്രശ്നങ്ങളും പരാതികളും കേൾക്കാനോ തയാറാകാതെയാണ് മുഖ്യമന്ത്രി മടങ്ങിയത്.
സാമ്പത്തികശേഷിയുള്ളവരെ നേരിൽ കാണാനും അവർക്ക് അവാർഡ് നൽകി പാർട്ടി ചാനലിന് പണം സമാഹരിക്കാനും മാത്രമായി ഒരു മുഖ്യമന്ത്രി വന്നുപോയതിൽ കെ.എം.സി.സിക്ക് കടുത്ത പ്രതിഷേധമുണ്ടെന്ന് ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആക്ടിങ് പ്രസിഡന്‍റ് ഹുസൈനാർ ഹാജി എടച്ചാക്കൈ, ആക്ടിങ് ജനറൽ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കർ, ട്രഷറർ പി.കെ. ഇസ്മായിൽ എന്നിവർ അറിയിച്ചു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗൾഫ് സന്ദർശനം നടത്തിയപ്പോൾ ലേബർ ക്യാമ്പുകളിലെ സാധാരണ പ്രവാസികളെ പോയി കാണാനും അവരുടെ പ്രശ്നങ്ങൾ പഠിക്കാനും ശ്രമിച്ചിരുന്നു.
എന്നാൽ, പിണറായി വിജയൻ വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുക മാത്രമാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് വാർത്താക്കുറിപ്പിൽ വിമർശനം ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

