പാര്‍ക്കു ചെയ്തവാഹനങ്ങളില്‍ കുട്ടികളെ ഇരുത്തി പോകരുതെന്ന് മുന്നറിയിപ്പ്
text_fieldsദുബൈ: ചൂട് കടുത്ത സാഹചര്യത്തില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ കുട്ടികളെ ഒറ്റക്കിരുത്തി പുറത്തേക്ക് പോകരുതെന്ന് രക്ഷിതാക്കള്‍ക്ക് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ചൂട് സമയം കുട്ടികളെ കാറില്‍ ഒറ്റയ്ക്ക് ഇരുത്തുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ക്കും മരണത്തിനു പോലും ഇടയാക്കും. മുൻവര്‍ഷങ്ങളില്‍ യു.എ.ഇയില്‍ ഇത്തരം അപകടത്തില്‍ പെട്ട് നിരവധി കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് നിര്‍ദേശം. കുറഞ്ഞ സമയത്തേക്കാണെങ്കില്‍ പോലും കുട്ടികളെ വാഹനത്തിൽ തനിച്ചാക്കരുത്.
എ.സി ഓണ്‍ ചെയ്ത് കുട്ടികളെ കാറിലിരുത്തി പുറത്തേക്ക് പോകുന്നതും അപകടകരമാണ്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന സ്ഥലത്ത് പത്ത് മിനുട്ട് കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ കാറിനകത്തെ താപനില പത്ത് ഡിഗ്രി വര്‍ധിക്കും. ഈ സമയത്തെ താപനില അനുസരിച്ച് കാറിനകത്തുള്ള ചൂട് താങ്ങാനാവുന്നതിലും കൂടുതലായിരിക്കും. കുട്ടികള്‍ക്ക് വളരെ വേഗത്തില്‍ ആഘാതമേല്‍ക്കുകയും ചെയ്യും. എ.സി പ്രവര്‍ത്തിപ്പിച്ച് ചെറുതായി വിന്‍ഡോ ഗ്ലാസ് തുറന്നാലും കാറിനുള്ളില്‍ അതിവേഗം ഊഷ്മാവ് കൂടും. 45 മുതല്‍ 50 ഡിഗ്രി വരെയാണ് കഴിഞ്ഞ ദിവസങ്ങളിലെ ചൂട്. ഈ അവസ്ഥ അടുത്ത മാസവും തുടർന്നേക്കും.
നാല് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇപ്പോഴത്തെ താപനില വളരെ അപകടകരമാണ്.
15.5 ഡിഗ്രി ചൂടില്‍ പോലും കാറിനകത്ത് കുട്ടി മരിച്ച സംഭവമുണ്ട്. മുതിര്‍ന്ന കുട്ടികളെ അപേക്ഷിച്ച് ചെറിയ കുട്ടികളില്‍ മൂന്നു മുതല്‍ അഞ്ചു വരെ ഇരട്ടിയാണ് അമിതതാപം ഏല്‍ക്കാനുള്ള സാധ്യത. തലകറക്കം, ക്ഷീണം, പേശി വലിവ്,ശ്വാസ തടസം, ഹൃദയമിടിപ്പ് ഉയരൽ തുടങ്ങിയവ അപകട മുന്നറിയിപ്പുകളാണ്. ഇത്തരം എന്തെങ്കിലും അപകട മുന്നറിയിപ്പുകള്‍ കുട്ടികളില്‍ നിന്നും ലഭിക്കുകയാണെങ്കില്‍ ഉടനെ അവരെ ചൂടുള്ള സ്ഥലത്തു നിന്നും മാറ്റുകയും എയര്‍ കണ്ടീഷന്‍ ചെയ്ത സ്ഥലത്തെത്തിക്കുകയും വേണം. തണുത്ത ദ്രാവക രൂപത്തിലുള്ളവ നല്‍കുകയും ശരീരം തണുപ്പിക്കുകയും വേണം. കട്ടിയുള്ള വസ്ത്രങ്ങള്‍ മാറ്റിക്കൊടുകുന്നതും നല്ലതാണ് . നിര്‍ത്തിയിട്ട കാറുകളില്‍ വളരെ ചൂടുള്ള അവസ്ഥയില്‍ കുട്ടികളുമായി കയറുതെന്നും നിര്‍ദേശമുണ്ട്. അകത്ത് ചൂടുള്ള കാറില്‍ എ.സിയിട്ട് തണുപ്പിച്ച ശേഷമേ കുട്ടികളുമായി കയറാവൂ. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ മാത്രം കടുത്ത ചൂടില്‍ കാറില്‍ തനിച്ചിരുത്തി പോയ 177 കുട്ടികളെയാണ് ദുബൈ പോലീസിന്‍റെ റസ്ക്യു വിഭാഗം രക്ഷപ്പെടുത്തിയത്.
രക്ഷിതാക്കളുടെ മറവിയും അശ്രദ്ധയുമാണ് പലപ്പോഴും പ്രശ്നം സൃഷ്ടിക്കുന്നത്. കഴിഞ്ഞ വര്‍ഷം പിന്‍സീറ്റിലിരുന്ന് കുട്ടി ഉറങ്ങുന്ന വിവരം അറിയാെത പിതാവ് കാര്‍ ലോക് ചെയ്തു പോയി തിരിച്ചെത്തിയപ്പോള്‍ പിന്‍സീറ്റില്‍ കുട്ടി മരിച്ചു കിടക്കുന്നതാണ് കണ്ടത്. മാതാപിതാക്കൾക്കിടയിലെ ആശയ വിനിമയ കുറവും കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാക്കിയേക്കാം.
ഈയിടെ, ഒരു കുഞ്ഞിനെ കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കുഞ്ഞിനെ ഭാര്യ കൈയിലേറ്റിയിരിക്കുമെന്ന് ഭര്‍ത്താവും ഭര്‍ത്താവ് കൊണ്ടുപോയിയെന്ന് ഭാര്യയും കരുതി. ഇരുവരും വെവ്വേറെ വഴികളിലാണ് ഷോപ്പിംഗിന് പോയത്. കുഞ്ഞ് ദുരിതപ്പെടുന്നതു കണ്ടവർ കാറിെൻറ ചില്ല് തകര്‍ത്ത് രക്ഷപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
