വേനല്‍ ചൂട് സഹിക്കാനാവാതെ മൃഗങ്ങൾ
text_fieldsഷാര്‍ജ: യു.എ.ഇയുടെ മലയോര മേഖലകളില്‍ ജീവിക്കുന്ന നിരവധി മൃഗങ്ങളുണ്ട്. ആടും കഴുതയുമാണ് ഇവയില്‍ പ്രധാനപ്പെട്ടവ. ആളനക്കം കുറയുമ്പോള്‍ കുറുക്കനും ചെന്നായയും മലയിറങ്ങി വരാറുണ്ട്. ചൂട് കനത്തതോടെ വലിയ തോതില്‍ ഭക്ഷ്യക്ഷാമം ഇവ നേരിടുന്നുണ്ട്. മലകളെല്ലാം തന്നെ കരിമ്പാറകള്‍ നിറഞ്ഞതായതിനാല്‍ ഇവക്ക് ഏറെ അലയണം ഭക്ഷണത്തിനായി. കുറ്റിച്ചെടികളാണ് ഇവയുടെ പ്രധാന ആഹാരം. വേനല്‍ കാലത്ത് ജലാശയങ്ങള്‍ വറ്റുന്നതോടെ ഇവരുടെ ദുരിതം ഇരട്ടിക്കുന്നു.
ചില വഴിയോര കച്ചവട മേഖലകളുടെ സമീപത്ത് വസിക്കുന്ന മൃഗങ്ങള്‍ വലിയ ബുദ്ധിമുട്ടില്ലാതെയാണ് കഴിയുന്നത്. കച്ചവടക്കാര്‍ ആഹാരം നല്‍കുന്നത് കൊണ്ട് അവ അല്ലലില്ലാതെ കഴിയുന്നു. തോട്ടം മേഖലകളും ഇവയുടെ വിശപ്പ് മാറ്റുന്നു. അതിക്രമിച്ച് കയറുന്ന സ്വഭാവം പൊതുവെ കഴുതകള്‍ക്കില്ല എന്നാണ് ഫുജൈറ ദിബ്ബ മേഖലയിലെ തോട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ലോകമാകെ പാലിനായി കഴുതകളെ വളർത്തുന്നത് വർധിച്ചുവരികയാണത്രെ. എന്നാല്‍ യു.എ.ഇയില്‍ ഇത് വ്യാപകമായിട്ടില്ല. മുമ്പ് ഈജിപ്തില്‍ നിന്ന് നിരവധി കഴുതകളെ ഇവിടെ എത്തിച്ചതായി പഴമക്കാര്‍ പറയുന്നു. അതിന് ശേഷമാണത്രെ ഇത്രക്കധികം കഴുതകള്‍ മലയോരങ്ങളില്‍ ഉണ്ടായത്.
ഒരു കാലത്ത് ബുദ്ധിയില്ലാത്ത മൃഗമെന്ന ആക്ഷേപം ഏറെ സഹിച്ചവരാണ് കഴുതകള്‍. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറി. കഴുത പാല്‍ ഇന്ന് ലോകത്തെ ഏറ്റവും വില കൂടിയതാണ്. ഒരു ടീസ്പൂണ്‍ പാലിന് 100 രുപയാണ് ഇന്ത്യയില്‍. സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉണ്ടാക്കാന്‍ ലോകം പ്രധാനമായും ആശ്രയിക്കുന്നത് കഴുത പാലാണ്. മലയാളികള്‍ കഴുത പാല്‍ കുടിയന്‍മാര്‍ എന്ന് പറഞ്ഞ് തമിഴരെ ആക്ഷേപിക്കാറുണ്ട്. എന്നാല്‍ ശാസ്ത്രം വളരുന്നതിന് മുമ്പ് തന്നെ കേരളം ഒഴിച്ചുള്ള ദക്ഷിണേന്ത്യേന്‍ സംസ്ഥാനങ്ങള്‍ ഇതിന്‍െറ മഹത്വം മനസിലാക്കിയിട്ടുണ്ടെന്ന് വേണം കരുതാന്‍. ജനിച്ച കുട്ടികള്‍ക്ക് കഴുതപാല്‍ കൊടുക്കുന്ന സ്വഭാവം ഈ സംസ്ഥാനങ്ങള്‍ക്കുണ്ട്.
2015ല്‍ അമേരിക്ക കഴുതപ്പാലിനെ ഒൗദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. പ്രാധാനമായും പാണ്ടുപോലെയുള്ള രോഗങ്ങള്‍ക്ക് കഴുതപ്പാല് ഉപയോഗിച്ച് വരുന്ന രാജ്യങ്ങളുണ്ട്. ഓട്ടിസം പോലുള്ള അസുഖങ്ങള്‍ക്കും വൈറ്റമിന്‍ കുറവിനും കഴുതപ്പാൽ ഉപയോഗിക്കുന്നു. പശുവിന്‍ പാല്‍ അലര്‍ജിയായിട്ടുളവര്‍ക്ക് ഒട്ടകപ്പാല് പോലെ തന്നെ കഴുതപ്പാലും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ഒരു സാധാരണ കഴുതയുടെ കുറഞ്ഞ വില 25,000 രൂപയാണ്. കര്‍ണാടകയില്‍ അരലക്ഷത്തിന് പുറത്താണ് സാധാരണ വില. അമേരിക്കയില്‍ 1500 ഡോളറാണ് കുറഞ്ഞ വിലയെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വിവര സാങ്കേതിക മേഖലയിലെ ജോലി വലിച്ചെറിഞ്ഞ് കഴുതയെ വളര്‍ത്താനിറങ്ങിയ എറണാകുളം രാമമംഗലം സ്വദേശി എബി ബേബിയിലൂടെ കേരളം കഴുത വിപണിയിലേക്ക് നീങ്ങിയിട്ടുണ്ട്.
ഇമാറാത്തിലും ഇതിന്‍െറ വന്‍ വിപണി സാധ്യത ഉടനെ തെളിയുമെന്നാണ് കണക്കാക്കുന്നത്. ഭക്ഷ്യക്ഷാമം കഴുതകളുടെ അകാല മരണത്തിന് വരെ കാരണമാകുന്നുണ്ടെന്നാണ് മലയോര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഭാരം വലിക്കാന്‍ ആണ്‍ കഴുതകളെ ഉപയോഗിക്കുന്ന നിരവധി രാജ്യങ്ങള്‍ ഇന്നുമുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളാണ് ഇതില്‍ മുന്നില്‍. തങ്ങളുടെ കുടുംബത്തിന്‍െറ രക്ഷകരായ കഴുതകളെ അറബികള്‍ ആഹാരമാക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
.png)