കാലാവസ്ഥ വ്യതിയാനം; ദൗത്യത്തില്‍ പങ്കാളിയാകാന്‍ ഇന്ത്യയും
text_fieldsഅബൂദബിയില്‍ നടന്ന ഐ2യു2 പ്രഥമ യോഗത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ദമ്മു രവിയടക്കമുള്ളവർ
അബൂദബി: കാലാവസ്ഥ വ്യതിയാനത്തിനെതിരെ ഭക്ഷ്യ മേഖലയെ സംരക്ഷിക്കുന്ന യു.എ.ഇ, യു.എസ്, ഇസ്രായേല്‍ ദൗത്യത്തില്‍ ഇന്ത്യയും പങ്കാളിയാകും. ബുധനാഴ്ച അബൂദബിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഐ2യു2(ഇസ്രായേല്‍, ഇന്ത്യ, യു.എസ്, യു.എ.ഇ) പ്രഥമ യോഗത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച വിശദാംശങ്ങൾ ചര്‍ച്ചചെയ്ത് തീരുമാനിച്ചു.
ഇന്ത്യയിലുടനീളം സംയോജിത കാര്‍ഷികകേന്ദ്രങ്ങള്‍ നിര്‍മിക്കുന്ന 200 കോടി ഡോളര്‍ നിക്ഷേപമുള്ള പദ്ധതി, ഗുജറാത്തില്‍ 300 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന കാറ്റാടി, സൗര ഹൈബ്രിഡ് ഊര്‍ജനിലയ പദ്ധതി എന്നിവ കൂടിക്കാഴ്ചയില്‍ അവതരിപ്പിച്ചു. ഭക്ഷ്യസുരക്ഷ, ജല, ഊര്‍ജ, ബഹിരാകാശ, ഗതാഗത, ആരോഗ്യ, സാങ്കേതികവിദ്യ മേഖലകളില്‍ സാമ്പത്തിക സഹകരണം എന്നിവ ലക്ഷ്യമാക്കിയാണ് കൂട്ടായ്മ പ്രവര്‍ത്തിക്കുക.
സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോവില്‍ ചേര്‍ന്ന കോപ്26ല്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന് മുന്നോട്ടുവെച്ചതാണ് പദ്ധതി. ആഗോളതാപനവും പാരിസ്ഥിതിക ദുരന്തങ്ങളും വ്യാപിക്കുന്നതിനിടെ ഭക്ഷ്യ ഉൽപാദനം ഉറപ്പാക്കുന്നതിന് നവീന രീതികള്‍ കണ്ടെത്തുകയെന്നതാണ് ലക്ഷ്യം. നവംബറില്‍ ദുബൈയില്‍ ചേരാനിരിക്കുന്ന കോപ്-28ന് മുന്നോടിയായാണ് ഐ2യു2 യോഗം അബൂദബിയില്‍ ചേര്‍ന്നത്.
800 കോടി ഡോളര്‍ നിക്ഷേപം ആവശ്യമായി വരുന്ന പദ്ധതിയില്‍ ഇതിനകം നാല്പതിലധികം രാജ്യങ്ങളുടെ സഖ്യം സന്നദ്ധരായിട്ടുണ്ട്. പദ്ധതിയില്‍ പങ്കുചേരാനുള്ള ഇന്ത്യയുടെ തീരുമാനത്തെ യു.എ.ഇ മന്ത്രി അഹമ്മദ് അല്‍ സയീഗ് സ്വാഗതംചെയ്തു. യു.എസിനുവേണ്ടി ജോസ് ഫെര്‍ണാണ്ടസ്, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ദമ്മു രവി, ഇസ്രായേലി വിദേശകാര്യമന്ത്രി റോനന് ലെവി എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

