Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈ വിമാനത്താവളങ്ങളിൽ ‘ക്ലിക്ക് ആൻഡ് ട്രാവൽ’ സംവിധാനം ആരംഭിച്ചു

text_fields
bookmark_border
എമിഗ്രേഷൻ സേവനം യാത്രക്കാരെ തേടിയെത്തും
ദുബൈ വിമാനത്താവളങ്ങളിൽ ‘ക്ലിക്ക് ആൻഡ് ട്രാവൽ’ സംവിധാനം ആരംഭിച്ചു
cancel
camera_alt

ദുബൈ എയർപോർട്ടിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽനിന്ന്

ദുബൈ: സ്മാർട്ട് ഗേറ്റുകളിലോ, പാസ്‌പോർട്ട് കൗണ്ടറുകളിലോ ക്യൂ നിൽക്കാതെ എമിഗ്രേഷൻ യാത്രാനടപടികൾ പൂർത്തിയാക്കാൻ പുതിയ സംവിധാനവുമായി ദുബൈ. തിരക്കേറിയ സമയങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും എമിഗ്രേഷൻ ഉദ്യോഗസ്ഥർ യാത്രക്കാരുടെ അടുത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന ‘ക്ലിക്ക് ആൻഡ് ട്രാവൽ’ എന്ന മൊബൈൽ എമിഗ്രേഷൻ സേവനം ദുബൈ വിമാനത്താവളങ്ങളിൽ ഔദ്യോഗികമായി ആരംഭിച്ചു.

ദുബൈ രാജ്യാന്തര വിമാനത്താവളം ടെർമിനൽ 3-ൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയാണ് ആഗോളതലത്തിൽ തന്നെ ആദ്യത്തേതായ ഈ നൂതന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

സാധാരണയായി യാത്രക്കാരാണ് എമിഗ്രേഷൻ കൗണ്ടറുകളിലേക്കും സ്മാർട്ട് ഗേറ്റുകളിലേക്കും പോകുന്നത്. എന്നാൽ ‘ക്ലിക്ക് ആൻഡ് ട്രാവൽ’ യാഥാർഥ്യമായതോടെ സേവനം തേടി യാത്രക്കാർ പോകുന്നതിന് പകരം, പോക്കറ്റ് വലിപ്പത്തിലുള്ള മൊബൈൽ ഉപകരണങ്ങളുമായി പാസ്‌പോർട്ട് കൺട്രോൾ ഉദ്യോഗസ്ഥർ യാത്രക്കാരുടെ അടുക്കലേക്ക് എത്തും.

ജി.ഡി.ആർ.എഫ്.എയുടെ കേന്ദ്രീകൃത ഡാറ്റാബേസുമായി ബന്ധിപ്പിച്ച സുരക്ഷിതമായ മൊബൈൽ ഉപകരണങ്ങളാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്. അത്യാധുനിക ബയോമെട്രിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി യാത്രക്കാരന്‍റെ വിവരങ്ങളും തിരിച്ചറിയലും പരിശോധിച്ച് 12 മുതൽ 15 സെക്കൻഡിനുള്ളിൽ എൻട്രി-എക്സിറ്റ് നടപടികൾ പൂർത്തിയാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ഒഴുക്ക് പെട്ടെന്ന് വർധിക്കുന്ന സമയങ്ങളിൽ കൗണ്ടറുകളിൽ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാൻ ഇത് വലിയ സഹായമാകും. നിശ്ചിത കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരെ കാത്തുനിൽക്കാതെ, കൂടുതൽ ആളുകൾ തടങ്ങിനിൽക്കുന്ന സ്ഥലങ്ങളിലേക്ക് ഉദ്യോഗസ്ഥരെ നേരിട്ടെത്തിച്ച് യാത്രാനടപടികൾ വേഗത്തിലാക്കാം.

വിമാനത്താവള ടീമുകൾക്ക് പ്രവർത്തന സമ്മർദം ഫലപ്രദമായി നേരിടാനും യാത്രക്കാരുടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറക്കാനും ഇത് വഴിയൊരുക്കും. അടിയന്തര സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥരെയും സാങ്കേതിക വിഭവങ്ങളെയും വേഗത്തിൽ പുനർവിന്യസിക്കാനും ഈ മൊബൈൽ സംവിധാനം സൗകര്യമൊരുക്കുന്നു.

കഴിഞ്ഞ മേയിൽ പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിയിലൂടെ ആഗസ്റ്റ് 31 വരെ 31,373 ഇടപാടുകൾ വിജയകരമായി പൂർത്തിയാക്കി. വിമാനത്താവളത്തിന്‍റെ യഥാർഥ പ്രവർത്തന സാഹചര്യങ്ങളിൽ പദ്ധതി നൂറുശതമാനം കാര്യക്ഷമമാണെന്ന് തെളിയിക്കുന്നതാണ് ഈ നേട്ടമെന്ന് ജി.ഡി.ആർ.എഫ്.എ വ്യക്തമാക്കി.

ദുബൈയിൽ നിന്ന് പുറപ്പെടുന്ന എല്ലാവർക്കും നിലവിൽ ഈ സേവനം ലഭ്യമാണ്. എന്നാൽ, ദുബായിൽ എത്തിച്ചേരുന്ന യാത്രക്കാരിൽ ആദ്യഘട്ടത്തിൽ യു.എ.ഇ പൗരന്മാരെയും താമസക്കാരെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രവർത്തന ആവശ്യകത അനുസരിച്ച് ഭാവിയിൽ സർവീസ് കൂടുതൽ യാത്രക്കാരിലേക്ക് വ്യാപിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Click and Travel system launched at Dubai airports
Next Story