ക്ലീൻ എനർജി സഹകരണം; യു.എ.ഇ-യു.കെ കരാർ ഒപ്പുവെച്ചു
text_fieldsദുബൈ: ആണവോർജം അടക്കമുള്ള പരിസ്ഥിതിസൗഹൃദ ഊർജോൽപാദനത്തിൽ സാങ്കേതിക വിജ്ഞാനം പങ്കുവെക്കുന്നതിന് യു.എ.ഇയും യു.കെയും കരാറിൽ ഒപ്പുവെച്ചു. ഊർജ മേഖലയിൽ രാജ്യങ്ങൾ തമ്മിൽ തന്ത്രപരമായ സഹകരണം മെച്ചപ്പെടുത്താനും പുനരുപയോഗ ഊർജ സാങ്കേതികവിദ്യ വികസിപ്പിക്കാനും സഹായിക്കുന്നതാണ് കരാർ. പാരിസ്ഥിതിക സുസ്ഥിരമായ ഗതാഗതം, വൈദ്യുതി വാഹനങ്ങൾ, സുസ്ഥിര ബദൽ ഗതാഗത ഇന്ധനങ്ങൾ, ബയോമാസ് പദ്ധതികൾ, മാലിന്യങ്ങളെ ഊർജമായും കാർബണായും പരിവർത്തിപ്പിക്കൽ, ഊർജ വിനിയോഗ, സംഭരണ പദ്ധതികൾ എന്നിവയിലെ സഹകരണവും കരാറിൽ ഉൾപ്പെടും.
സമാധാനപരമായ ആവശ്യങ്ങൾക്കുള്ള ആണവോർജത്തിലും അനുബന്ധ നയങ്ങളിലും സാങ്കേതികവിദ്യയിലും സഹകരണം കരാറിൽ ഉൾപ്പെടുന്നതാണ്. പരസ്പര പ്രയോജനമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഗണിക്കുന്നതിനുമായി ഉന്നതതല യോഗങ്ങൾ നടത്തുക, ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജത്തിൽ സഹകരണം ശക്തിപ്പെടുത്തുക, വ്യവസായവുമായി ബന്ധപ്പെട്ട പരിപാടികൾക്കായി വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുക എന്നിവയും ധാരണപ്രകാരം നടക്കും.
ഊർജ സ്രോതസ്സുകളുടെ സുസ്ഥിര വികസനത്തിന് പുറമെ ഊർജ മേഖലയിൽ നിക്ഷേപം, വ്യാപാരം, വിപണി പ്രവേശന അവസരങ്ങൾ എന്നിവയിലും ഇരു രാജ്യങ്ങളും സഹകരിക്കും. സുരക്ഷിതവും സുസ്ഥിരവുമായ ഊർജം ന്യായമായ വിലയിൽ ലഭ്യമാക്കുന്ന നയങ്ങൾ രൂപപ്പെടുത്താൻ കരാർ സഹായിക്കുമെന്ന് യു.എ.ഇ ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ അൽ മസ്റൂയി പറഞ്ഞു. യു.എ.ഇ ഊർജ, പെട്രോളിയം മന്ത്രാലയം അണ്ടർ സെക്രട്ടറി ഷരീഫ് അൽ ഉലാമയും യു.കെ ബിസിനസ് സെക്രട്ടറി ഗ്രാന്റ് ഷാപ്സുമാണ് കരാറിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

