ദുബൈയിൽ കൂടുതൽ സ്കൂളുകളിൽ നേരിട്ട് ക്ലാസ്
text_fieldsദുബൈ: എമിറേറ്റിലെ കൂടുതൽ സ്കൂളുകൾ നേരിട്ട് ക്ലാസുകൾ പുനരാരംഭിച്ചു. ശൈത്യകാല അവധിക്ക് ശേഷം ഈ മാസം മൂന്നിന് അധ്യയനം ആരംഭിച്ചപ്പോൾ നേരിട്ട് ക്ലാസുകൾ തുടങ്ങാതിരുന്ന സ്കൂളുകളാണ് തിങ്കളാഴ്ച വിദ്യാർഥികൾക്ക് നേരിട്ട് ക്ലാസുകൾ നൽകിത്തുടങ്ങിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കുട്ടികൾ ക്ലാസുകളിലെത്തുന്നത്. കോവിഡ് രോഗികളും സമ്പർക്കമുള്ളവരുമായ കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യവും ഒരുക്കിയിട്ടുണ്ട്. നേരത്തെ വിദ്യാർഥികൾക്കും ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പല സ്കൂളുകളും നേരിട്ട് ക്ലാസുകൾ വേണ്ടെന്നു വെച്ചിരുന്നത്. മുപ്പതോളം സ്കൂളുകളാണ് ആദ്യ ആഴ്ചയിൽ ക്ലാസുകൾ ദുബൈ വിദ്യാഭ്യാസ വകുപ്പായ കെ.എച്ച്.ഡി.എയുടെ അനുമതിയോടെ ഓൺലൈനിലേക്ക് മാറിയത്. പിന്നീട് ഒരാഴ്ചക്ക് ശേഷം ചില സ്കൂളുകൾ നേരിട്ട് ക്ലാസുകൾ പുനരാരംഭിച്ചു. ബാക്കിയുണ്ടായിരുന്നു ജെംസ് അടക്കമുള്ള സ്കൂളുകളാണ് തിങ്കളാഴ്ച ക്ലാസുകൾ തുടങ്ങിയത്.
പല സ്കൂളുകളിലും മുഴുവൻ കുട്ടികളും ക്ലാസിൽ ഹാജരായതായും ആശങ്കയില്ലാതെ നേരിട്ട് ക്ലാസുകളിലെത്താനാവുന്നത് സന്തോഷകരമാണെന്നും അധ്യാപകർ പ്രതികരിച്ചു. എല്ലാവിധ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ സുരക്ഷക്കുതന്നെയാണ് മുൻഗണന നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കോവിഡ് പുതിയ വകഭേദത്തിെൻറ പശ്ചാത്തലത്തിൽ ശൈത്യകാല അവധിക്ക് ശേഷം വിവിധ എമിറേറ്റുകളിൽ ഓൺലൈനിലാണ് പഠനം നടക്കുന്നത്. ദുബൈ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ തുടക്കം മുതൽ നേരിട്ട് പഠനത്തിന് അനുമതി നൽകിയിരുന്നു. അബൂദബി, അജ്മാൻ, ഫുജൈറ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ ഓൺലൈൻ ക്ലാസുകൾ ഈ മാസം 21വരെ തുടരും. അതിനുശേഷം ഏത് രൂപത്തിൽ ക്ലാസുകൾ നടത്തണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. നിലവിൽ കോവിഡ് പുതിയ വകഭേദം വലിയ ഭീഷണി സൃഷ്ടിക്കാത്ത സാഹചര്യത്തിൽ എല്ലാ എമിറേറ്റുകളിലും നേരിട്ട് ക്ലാസുകൾ പുനരാരംഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

