സി.ജെ. റോയ്: പാതിയിൽ നിലച്ചത് ആത്മവിശ്വാസത്തിന്റെ മുഖം
text_fieldsദുബൈയിൽ ആരംഭിച്ച കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മകൻ രോഹിത്തിനൊപ്പം സി.ജെ. റോയ്
ദുബൈ: പ്രമുഖ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് ഡവലപ്പറായ കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ അപ്രതീക്ഷിത മരണം പ്രവാസി ബിസിനസ് ലോകത്തും ഞെട്ടലുണ്ടാക്കി. കോൺഫിഡന്‍റ് ഗ്രൂപ്പ് ദുബൈയിൽ തുടക്കമിട്ട ഫ്ലാഗ്ഷിപ്പ് റിയൽ എസ്റ്റേറ്റ് പദ്ധതി പൂർത്തീകരിക്കാതെ പാതിവഴിയിലാണ് ഇദ്ദേഹത്തിന്‍റെ മടക്കം.
യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ ഏറെ പരിചിതമായ ബിസിനസ് മുഖമായിരുന്നു സി.ജെ. റോയിയുടേത്. ആസ്ഥാനം ബംഗളുരുവിലാണെങ്കിലും കോൺഫിഡൻഡ് ഗ്രൂപ്പ് ദുബൈയിലെ റിയൽ എസ്റ്റേറ്റ് രംഗത്തും ശക്തമായ സാന്നിധ്യമാണ്. 2024ൽ ആണ് ആദ്യ പദ്ധതിക്ക് ദുബൈയിൽ തുടക്കമിടുന്നത്. കോൺഫിഡന്‍റ് ലാൻകാസ്റ്റർ എന്ന പേരിലുള്ള പദ്ധതിയുടെ നിർമാണം പൂർത്തിയാക്കിയത് വെറും 16 മാസം കൊണ്ടാണ്. ഇതിന്‍റെ മുഴുവൻ യൂനിറ്റുകളും ഉടമകൾക്ക് കൈമാറുകയും ചെയ്തിരുന്നു.
തുടർന്ന് 2025 സെപ്റ്റംബറിലാണ് ദുബൈയിലെ ലിവാനിൽ പുതിയ ആഢംബര താമസ സമുച്ചയത്തിന് കോൺഫിഡൻസ് ഗ്രൂപ്പ് തുടക്കമിട്ടത്. കോൺഫിഡൻസ് പ്രസ്റ്റൻ എന്ന പേരിലാണ് ദുബൈ ലിവാനിൽ 99 സ്മാർട്ട് ഹോം യൂണിറ്റ് ഉൾപ്പെടുന്ന ബഹുനില സമുച്ചയത്തിന് തറക്കല്ലിട്ടത്. ഈ ചടങ്ങിൽ മകനോടൊപ്പം സി.ജെ. റോയിയും പങ്കെടുത്തിരുന്നു. ഈ പദ്ധതി അതിവേഗത്തിൽ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത മടക്കം.
ബാങ്ക് വായ്പയില്ലാതെയാണ് കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പുതിയ പദ്ധതികളെല്ലാം മുന്നോട്ടു കൊണ്ടു പോകുന്നതെന്ന് അദ്ദേഹം ചടങ്ങിൽ വ്യക്തമാക്കിയിരുന്നത്. സീറോ ഡബ്റ്റ് എന്നതാണ് കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ നയമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദുബൈ എമിറേറ്റ്സ് ഹിൽസിലായിരുന്നു താമസം. ആഡംബര കാറുകളുടെ പ്രേമി കൂടിയായ ഇദ്ദേഹം പലപ്പോഴും മാധ്യമങ്ങളിൽ വാർത്തയാകാറുമുണ്ട്.
ബിസിനസ് മേഖലകൾക്കപ്പുറം സാംസ്കാരിക നേതാക്കളുമായും മാധ്യമങ്ങളുമായും അടുത്ത സൗഹൃദബദ്ധം കാത്തു സൂക്ഷിച്ചിരുന്നു. ജീവകാരുണ്യ രംഗത്തു സജീവമായിരുന്നു. കേരളത്തിലെ ഗ്രാമങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിന് കെ.എം.സി.സിയുമായി കൈകോർത്ത് പുതിയ പദ്ധതി നടപ്പിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

