പൗരാവകാശങ്ങള്‍ പ്രവാസിക്ക് കൂടിയുള്ളതാണ്
text_fieldsഷാര്‍ജ: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പാണ് വിളിപ്പാടകലെ നിൽക്കുന്നത്. പാരമ്പര്യ മൂല്യങ്ങള്‍ക്കുമേല്‍ കടന്നു കയറി രാജ്യത്തെ അ തിവേഗം പ്രാകൃതയുഗത്തിലേക്ക് പിന്നോട്ട് വലിക്കുന്ന ശക്തികളെ പ്രതിരോധിക്കേണ്ട പ്രാഥമിക മാര്‍ഗ്ഗം ജനാധിപത്യ രീതിയില്‍ വോട്ട് വിനിയോഗിക്കുക തന്നെയാണ്. പിറന്ന നാടിെൻറ നാഡീമിടിപ്പുകള്‍ ഉള്‍കൊള്ളാനും ക്രിയാത്മമായി ഇടപെടുവാനുമുള്ള പ്രവാസി മലയാളിയുടെ പ്രത്യേകത തെരഞ്ഞെടുപ്പിെൻറ കാര്യത്തിലും പ്രകടമാണ്. വിദ്യാഭ്യാസം മാനദണ്ഡമായി സ്വീകരിച്ച് പാസ്പോര്‍ട്ടിെൻറ നിറം മാറ്റാനും അതുവഴി പ്രവാസി ഭാരതീയര്ക്കിടയില് വിവേചനം സൃഷ്ടിക്കാനും ശ്രമമുണ്ടായത് അടുത്ത കാലത്താണ്. മൃതദേഹം തൂക്കി വില നിശ്ചയിക്കുന്ന ദയാരഹിത രീതിയും വിമാനക്കമ്പനികളുടെ ഭാഗത്തു നിന്നുണ്ടായി.
ഇത്തരം നീക്കങ്ങൾ പ്രവാസികൾ ചെറുത്ത് തോൽപ്പിച്ചത് പ്രവാസി പ്രശ്നങ്ങളില്‍ അലംഭാവം കാണിക്കുന്ന സര്‍ക്കാറുകള്‍ക്ക് ശക്തമായ താക്കീതാണ്. പ്രവാസികളിലെ അടിസ്ഥാന വര്‍ഗ്ഗം എന്നത് റസ്റ്റോറൻറ്, കഫ്റ്റീരിയ, ഗ്രോസറി, സൂപ്പര്‍ മാര്‍ക്കറ്റ് മേഖലയിലും, നിര്‍മ്മാണ ശുചീകരണ രംഗങ്ങളിലും കുറഞ്ഞ വേതനത്തിന് തൊഴിലെടുക്കുന്നവര്‍ തന്നെയാണ്. അവരുടെ ശബ്ദത്തിന് ആരും ചെവികൊടുക്കാറില്ല. സര്‍ക്കാര്‍ ചിലവില്‍ കാലാകാലങ്ങളില്‍ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നത് കൊണ്ട് സ്വന്തം കക്ഷിയുടെ ‘മാര്‍ക്കറ്റിംഗ് തന്ത്ര’ത്തിനപ്പുറത്ത് എന്താണ് തങ്ങള്‍ക്കുണ്ടായ നേട്ടമെന്ന് പ്രവാസികള്‍ ആലോചിക്കണം. തെരഞ്ഞെടുപ്പ് കാലത്ത് ‘വോട്ടു വിമാനങ്ങള്‍’ അയച്ചത് കൊണ്ട് മാത്രം തീരുന്നതല്ല പ്രവാസിയുടെ പ്രശ്നങ്ങള്‍. ഗള്‍ഫ് മേഖലയില്‍ സ്വദേശിവത്കരണം ഭയപ്പെടുത്തുന്ന കാര്‍മേഘമായി പ്രവാസികള്‍ക്കു മുകളില്‍ പടരുന്നുണ്ട്.അത്ഭുതങ്ങൾ സംഭവിക്കാത്ത പക്ഷം ചരിത്രത്തിലില്ലാത്ത വിധമുള്ള തിരിച്ചൊഴുക്കിന് നമ്മുടെ രാജ്യം സാക്ഷ്യം വഹിക്കുമെന്ന് തീര്‍ച്ചയാണ്. അത് ഏറ്റവുമധികം ബാധിക്കുക താഴെക്കിടയിലുള്ള പ്രവാസികളെയാണ്.
ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍ കാണാനും, മറികടക്കാനുള്ള പോംവഴികൾക്കാണ് പുതുതായി അധികാരമേൽക്കുന്ന സര്‍ക്കാര്‍ മുഖ്യ പരിഗണന നൽകേണ്ടത്. പുനരധിവാസ പാക്കേജുകള്‍, പെന്ഷന് പദ്ധതികള്‍, എംബസി തലത്തില്‍ നിയമസഹായം എന്നിവയൊക്കെ അതീവ പരിഗണന അര്‍ഹിക്കുന്ന വിഷയങ്ങളാണ്. പൗരാവകാശം തന്നെയാണ് ജനാധിപത്യമെന്നും, അത് പ്രവാസികൾക്കും കൂടിയുള്ളതാണെന്ന തിരിച്ചറിവ് ഭരണാധികാരികള്‍ക്ക് മാത്രമല്ല പ്രവാസികൾക്കും ഉണ്ടാവണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
