നികുതിവെട്ടിപ്പ് തടയാൻ സിഗററ്റുകൾക്ക് ഡിജിറ്റൽ സ്റ്റാമ്പ്
text_fieldsഅബൂദബി: നികുതി വെട്ടിപ്പ് തടയാനുള്ള സർക്കാറിെൻറ പ്രവർത്തനങ്ങളുടെ ഭാഗമായി അടുത്ത വർഷം മുതൽ സിഗററ്റുകൾക്ക് ഡിജിറ്റൽ സ്റ്റാമ്പ് പതിക്കുന്നു. പുകയില ഉൽപന്നങ്ങളുടെ കള്ളക്കടത്ത് തടയുന്നതിനും ദശലക്ഷക്കണക്കിന് ദിർഹമിെൻറ വരുമാന നഷ്ടം ഇല്ലാതാക്കുന്നതിനും ഇൗ സംവിധാനം ഉപകരിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. രാജ്യത്ത് നടക്കുന്ന പുകയില ഉൽപന്നങ്ങളുടെ വിൽപനയിൽ 30 ശതമാനം അനധികൃതമായി ഇറക്കുമതി ചെയ്തവയുടേതാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം പുകയില ഉൽപന്നങ്ങളുടെ വില ഇരട്ടിപ്പിച്ചത് അനധികൃത ഇറക്കുമതി ശക്തമാക്കിയെന്നാണ് കരുതുന്നത്.
സിഗററ്റ് ബണ്ടിലുകൾക്കാണ് ഇപ്പോൾ ഡിജിറ്റൽ സ്റ്റാമ്പ് നിർബന്ധമാക്കുന്നത്. ഭാവിയിൽ യു.എ.ഇയിൽ വിൽക്കുന്ന ഒാരോ ഉൽപന്നത്തിലും ബാധകമാക്കും. ഇറക്കുമതി ചെയ്യുന്ന വ്യക്തി, ഉൽപാദകൻ തുടങ്ങിയവരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്നതാകണം സ്റ്റാമ്പ്. ഇങ്ങനെ സ്റ്റാമ്പ് പതിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് കസ്റ്റംസ് ജീവനക്കാർക്ക് പ്രത്യേക സ്കാനറുകൾ ലഭ്യമാക്കും. സ്റ്റാമ്പില്ലാത്ത ഉൽപന്നങ്ങൾ ൈകവശം വെക്കുന്നവരും വിൽക്കാൻ തങ്ങളുടെ സംവിധാനം അനുവദിക്കുന്നവരും ശിക്ഷക്ക് വിധേയരാകും. സ്റ്റാമ്പ് കേടുവരുത്തിയതായി ബോധ്യപ്പെട്ടാലും പിഴ വിധിക്കും. പിഴ തുക എത്രയെന്ന് നിശ്ചയിച്ചിട്ടില്ല. പുകയില ഉൽപന്നങ്ങളിൽ ഡിജിറ്റൽ സ്റ്റാമ്പ് ഏർപ്പെടുത്തുന്ന മേഖലയിലെ ആദ്യ രാജ്യമാണ് യു.എ.ഇയെന്ന് എഫ്.ടി.എ ഡയറക്ടർ ജനറൽ ഖാലിദ് അലി ആൽ ബുസ്താനി പറഞ്ഞു.
ഉദ്യോഗസ്ഥർക്ക് കാര്യക്ഷമമായി നികുതി സമാഹരിക്കാനും സുതാര്യത ഉറപ്പ് വരുത്താനും നികുതിവെട്ടിപ്പിന് എതിരെ നടപടി സ്വീകരിക്കാനും ഡിജിറ്റൽ സ്റ്റാമ്പ് വഴി സാധിക്കുമെന്ന് ഫെഡറൽ നികുതി അതോറിറ്റി (എഫ്.ടി.എ) അധികൃതർ വ്യക്തമാക്കി. സിഗററ്റ് നിർമാതാക്കൾ പദ്ധതിക്ക് അനുസൃതമായി കാര്യങ്ങൾ ചെയ്യണം. അനധികൃത പ്രവർത്തനത്തിന് ആരെങ്കിലും പിടിക്കപ്പെട്ടാൽ അവർ സമ്പൂർണമായി നിയമത്തിന് വിധേയരാകുന്നത് വരെ വാണിജ്യ പ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്തുമെന്നും അധികൃതർ പറഞ്ഞു. ഇറാഖ്, സിറിയ, ഇറാൻ രാജ്യങ്ങളിൽനിന്നാണ് കൂടുതലും പുകയില ഉൽപന്നങ്ങളുടെ അനധികൃത ഇറക്കുമതി നടത്തുന്നത്.
ഡിജിറ്റൽ സ്റ്റാമ്പ് ബാധകമാക്കുന്നതുമായി ബന്ധപ്പെട്ട് ഇൗ വർഷം മേയ് ആദ്യത്തിൽ എഫ്.ടി.എ ഡയറക്ടർ ജനറൽ ഖാലിദ് അലി ആൽ ബുസ്താനിയുടെ നേതൃത്വത്തിൽ യോഗം നടത്തിയിരുന്നു. പുകയില ഉൽപാദകർ, കയറ്റുമതിക്കാർ, എഫ്.ടി.എ പ്രതിനിധികൾ, ബാങ്ക് നോട്ടുകളുടെയും പുകയില ഉൽപന്നങ്ങൾക്കുള്ള ഡിജിറ്റൽ സ്റ്റാമ്പുകളുടെയും നിർമാണത്തിൽ വിദഗ്ധരായ ഗ്ലോബൽ കമ്പനി അധികൃതർ തുടങ്ങിയവരാണ് യോഗത്തിൽ പെങ്കടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
