സ്നേഹത്തിന്‍െറ നക്ഷത്ര വെളിച്ചം പകര്‍ന്ന് ഇന്ന് ക്രിസ്മസ്
text_fieldsഅബൂദബി/ദുബൈ: ഇരുപത്തിയഞ്ച് ദിവസത്തെ വ്രതനാളുകളിലെ വിശുദ്ധി നേടി വിശ്വാസികള്‍ സുന്ദരമായ ക്രിസ്മസ് പുലരിയിലേക്ക് പ്രവേശിച്ചു. ‘നിങ്ങള്‍ക്ക് സമാധാനം’ എന്ന ക്രിസ്മസ് സന്ദേശമുച്ചരിച്ച് പരസ്പരം ആശംസകള്‍ കൈമാറിയാണ് ശനിയാഴ്ച രാത്രി ഉണ്ണിയേശുവിന്‍െറ ജനനപ്പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ശേഷം ചര്‍ച്ചുകളില്‍നിന്ന് വിശ്വാസികള്‍ പിരിഞ്ഞുപോയത്. വൈകുന്നേരം ആറ് മുതല്‍ രാത്രി പത്ത് വരെയുള്ള സമയങ്ങളിലായി നടന്ന ശുശ്രൂഷകള്‍ക്ക് നാട്ടില്‍നിന്നത്തെിയ പ്രമുഖ തിരുമേനിമാര്‍ കാര്‍മികത്വം വഹിച്ചു. എല്ലാ എമിറേറ്റുകളിലൂം ക്രൈസ്തവര്‍ ആഘോഷത്തിലാണ്. വിവിധ രാജ്യക്കാര്‍ വസിക്കുന്ന ഗള്‍ഫിലെ ക്രിസ്മസിന് ഭംഗി കൂടുതലാണ്. മതപരമായ ആഘോഷങ്ങള്‍ക്ക് പുറമെ അതാത് നാടുകളിലെ സംസ്കാരവും സാമൂഹ്യമായ അടയാളങ്ങളും ക്രിസ്മസ് ആഘോഷങ്ങളില്‍ കലര്‍ന്നിരിക്കും.
വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ക്രിസ്മസ് സന്ദേശം, കേക്ക് വിതരണം തുടങ്ങിയവയാണ് ചര്‍ച്ചുകളില്‍ ജനനപ്പെരുന്നാള്‍ ശുശ്രൂഷയുടെ ഭാഗമായി നടന്നത്. വിശുദ്ധ കുര്‍ബാനയില്‍ വിവിധ പള്ളികളിലായി ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. അബൂദബി സെന്‍റ് ജോസഫ് കാത്തലിക് കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാനക്ക് അപ്പസ്തോലിക് വികാര്‍ ഓഫ് സതേണ്‍ അറേബ്യ ബിഷപ് പോള്‍ ഹിന്‍ഡര്‍ നേതൃത്വം നല്‍കി.
ശനി, ഞായര്‍ ദിവസങ്ങളിലായി മലയാളം, ഫ്രഞ്ച്, ഫിലിപ്പീന്‍സ്, ഈജിപ്ഷ്യന്‍ അറബിക് തുടങ്ങി 30ലധികം ഭാഷകളില്‍ വിവിധ വികാരിമാരുടെ നേതൃത്വത്തില്‍ ഇവിടെ വിശുദ്ധ കുര്‍ബാന നടക്കുന്നുണ്ട്.
അബൂദബി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ബംഗലുരു ഇടവക മെത്രാപോലീത്ത ഡോ. എബ്രഹാം മാര്‍ സെറാഫീം ജനനപ്പെരുന്നാള്‍ ശുശ്രൂഷക്ക് നേതൃത്വം നല്‍കി. വൈകുന്നേരം ആറിന് ആരംഭിച്ച ശുശ്രൂഷകള്‍ ഏറെ വൈകിയാണ് അവസാനിച്ചത്. 25 ദിവസം നീണ്ട വ്രതത്തിന് വിരാമമിട്ട് ക്രിസ്മസ് കേക്ക് കഴിച്ചാണ് വിശ്വാസികള്‍ ഭവനങ്ങളിലേക്ക് മടങ്ങിയത്. അബൂദബി മാര്‍ത്തോമ ഇടവകയുടെ നേതൃത്വത്തില്‍ നടന്ന പരിപാടികള്‍ക്ക് ഫാ. പ്രകാശ് എബ്രഹാം നേതൃത്വം നല്‍കി.
അബൂദബി യാക്കോബായ സുറിയാനി പള്ളിയിലും അബൂദബി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലും ശനിയാഴ്ച രാത്രി തീജ്വാല ശുശ്രൂഷയും ഉണ്ടായിരുന്നു. കേക്ക് മുറിക്ക് പുറമെ ചില പള്ളികളില്‍ വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
ദുബൈ തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുറിയാക്കോസ് മാര്‍ ക്ളീമീസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ക്രിസ്മസ് ശുശ്രൂഷ. വി.ടി. തോമസ് കോര്‍ എപ്പിസ്കോപ്പ, വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. സജു തോമസ് എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു.
ക്രിസ്മസിന് ദിവസങ്ങള്‍ക്ക് മുമ്പു തന്നെ ആശംസാ സന്ദേശങ്ങള്‍ ഒഴുകിത്തുടങ്ങിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലും വാട്സാപ്പിലും ഹൃദയഹാരിയായ വാചകങ്ങളും കൗതുകമുള്ള വീഡിയോകളും വന്നു നിറഞ്ഞു. അതേസമയം, ക്രിസ്മസ് ആശംസാ കാര്‍ഡുകള്‍ക്കും ഒട്ടേറെ ആവശ്യക്കാരുണ്ടായിരുന്നുവെന്ന് വില്‍പനക്കാര്‍ പറയുന്നു. രണ്ട് ദിര്‍ഹം മുതല്‍ 200 ദിര്‍ഹം വരെ വിലയുള്ള ക്രിസ്മസ് കേക്കുകള്‍ വിപണിയില്‍ ലഭ്യമാണ്. എങ്കിലും നാട്ടില്‍നിന്നത്തെിക്കുന്ന പ്ളം കേക്കുകളാണ് കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്നത്.
മാളുകളും ഹോട്ടലുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളുമെല്ലാം നക്ഷത്രവെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുകയാണ്. ക്രിസ്മസ് ട്രീകളും സാന്താക്ളോസ് അപ്പൂപ്പന്‍െറ പ്രതിമകളും നിറഞ്ഞ വര്‍ണവിസ്മയമാണ് ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നത്.
അബൂദബി മാളില്‍ നാല് നിലയോളം ഉയരത്തിലുള്ള ക്രിസ്മസ് ട്രീയാണ് ‘വളര്‍ന്നു’ നില്‍ക്കുന്നത്. അബൂദബി എമിറേറ്റസ് പാലസ് ഹോട്ടലില്‍ ഒരുക്കിയ 40 അടി ഉയരമുള്ള ക്രിസ്മസ് ട്രീക്ക് നാല് കോടി ദിര്‍ഹം ചെലവ് വന്നതായി ഹോട്ടല്‍ അധികൃതര്‍ പറയുന്നു. അപൂര്‍വ രത്നങ്ങളും മുത്തുകളും ഈ ക്രിസ്മസ് ട്രീയെ അലങ്കരിക്കുന്നു. വിഭവസമൃദ്ധമായ ബ്രഞ്ചുകള്‍ ഒരുക്കിയാണ് റെസ്റ്റോറന്‍റുകള്‍ ക്രിസ്മസ് ദിനത്തില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. വിനോദങ്ങള്‍ ഉള്‍പ്പെടെയുള്ള പാക്കേജുകളും റെസ്റ്റോറന്‍റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.