ചൈനീസ് പ്രതിനിധി സംഘം ലുലു ഗ്രൂപ് ആസ്ഥാനം സന്ദർശിച്ചു
text_fieldsചൈനീസ് പ്രതിനിധി സംഘം ലുലു ഗ്രൂപ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തുന്നു
അബൂദബി: ചൈനീസ് ഉൽപന്നങ്ങൾക്ക് യു.എ.ഇയിലെ ഹൈപ്പർ മാർക്കറ്റുകളിൽ കൂടുതൽ വിപണി ലഭ്യമാക്കി ലുലു. ഇതിന്റെ ഭാഗമായി യിവു മുനിസിപ്പൽ പീപ്പിൾസ് ഗവണ്മെന്റ് വൈസ് മേയർ ഷാവോ ചുൻഹോങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ലുലു ഗ്രൂപ് ആസ്ഥാനവും ഹൈപ്പർ മാർക്കറ്റുകളും സന്ദർശിച്ചു. വ്യാപാര സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി യിവു വൈസ് മേയറിന്റെയും ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെയും സാന്നിധ്യത്തിൽ ലുലു സി.ഇ.ഒ സെയ്ഫി രൂപവാല, ഷെജിയങ് കമ്മോഡിറ്റി സിറ്റി ഗ്രൂപ് ജനറൽ മാനേജർ ഗോങ് ഷെങ്ഹാവോ എന്നിവർ ധാരണപത്രത്തിൽ ഒപ്പുവെച്ചു. രണ്ടര പതിറ്റാണ്ടോളമായി ചൈനീസ് ഉൽപന്നങ്ങൾക്ക് നല്ല വിപണി സാധ്യതയാണ് ലുലു നൽകിവരുന്നതെന്നും ഇത് വിപുലമാക്കുന്നതിന്റെ ഭാഗമാണ് പുതിയ ധാരണപത്രമെന്നും എം.എ. യൂസുഫലി വ്യക്തമാക്കി.
ചൈനീസ് ഉൽപന്നങ്ങൾക്ക് പ്രത്യേകിച്ച് യിവുവിൽ നിന്നുള്ളവക്ക് മികച്ച വിപണി ലഭ്യമാക്കുന്ന ലുലുവിന്റെ നീക്കം പ്രശംസനീയമെന്ന് ഷാവോ ചുൻഹോങ് പറഞ്ഞു. ഹോങ്കോങ്, ഗുവാങ്ഷോ, യിവു, ഫുജിയൻ എന്നിവിടങ്ങളിലായി 25 വർഷത്തിൽ അധികമായി ലുലു ഗ്രൂപ്പിന്റെ ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ഡയറക്ടർമാരായ മുഹമ്മദ് അൽത്താഫ്, എം.എ. സലീം, ബയിങ് ഡയറക്ടർ മുജീബ് റഹ്മാൻ, ലുലു ചൈന മാനേജർ പി.എം. നിറോസ് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

