കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ വരുന്നു
text_fieldsദുബൈ: കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി, അവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ യു.എ.ഇ നാഷനൽ മീഡിയ അതോറിറ്റി പുതിയ നിയമ ചട്ടക്കൂട് തയാറാക്കുന്നു. കുട്ടികൾ ഡിജിറ്റൽ മാധ്യമങ്ങൾ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവിധ ഫെഡറൽ-പ്രാദേശിക സ്ഥാപനങ്ങളുമായും ടെലികമ്യൂണിക്കേഷൻ മേഖലയുമായും ചേർന്നാണ് അതോറിറ്റി പ്രവർത്തിക്കുന്നതെന്ന് നാഷനൽ മീഡിയ അതോറിറ്റിയിലെ മീഡിയ സ്ട്രാറ്റജി ആൻഡ് പോളിസി എക്സിക്യൂട്ടീവ് ഡയറക്ടർ മൈത അൽ സുവൈദി വ്യക്തമാക്കി.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള വ്യക്തമായ മാർഗരേഖ യു.എ.ഇയിലെ കുട്ടികളുടെ ഡിജിറ്റൽ സുരക്ഷാ നിയമം ഇതിനകം നൽകിയിട്ടുണ്ട്. കുട്ടികൾ ഉള്ളടക്കങ്ങൾ നിർമിക്കുന്നതിലും അതിൽ പങ്കെടുക്കുന്നതിലും കൃത്യമായ പ്രായപരിധിയും നിബന്ധനകളും 'അഡ്വർടൈസർ' പെർമിറ്റിലൂടെ നേരത്തെ തന്നെ നിശ്ചയിച്ചിട്ടുണ്ടെന്നും അവർ ഓർമിപ്പിച്ചു.
കുട്ടികൾ അവരുടെ കഴിവുകൾ ഉപയോഗിച്ച് വിദ്യാഭ്യാസം, സംസ്‌കാരം, സാമൂഹിക മൂല്യങ്ങൾ, ദേശീയ ഐഡന്‍റിറ്റി എന്നിവ ഉയർത്തിപ്പിടിക്കുന്നതും വിനോദം നൽകുന്നതുമായ നല്ല ഉള്ളടക്കങ്ങൾ നിർമിക്കുന്നതിനെ അതോറിറ്റി പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതേസമയം, അംഗീകൃത നിയമങ്ങളും പ്രായപരിധിയും ലംഘിച്ച് കുട്ടികളെ പരസ്യങ്ങളിൽ ചൂഷണം ചെയ്യുന്നതിനെയോ അവരെ മാധ്യമ സംബന്ധമായ ജോലികളിൽ ഏർപ്പെടുത്തുന്നതിനെയോ അതോറിറ്റി പിന്തുണക്കില്ല.
വരും ദിവസങ്ങളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സമൂഹ മാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് അവബോധം വളർത്താൻ വിപുലമായ പരിപാടികൾ ഫെഡറൽ-പ്രാദേശിക സ്ഥാപനങ്ങളുമായി സഹകരിച്ച് നാഷനൽ മീഡിയ അതോറിറ്റി ആരംഭിക്കും. ഇന്‍റർനെറ്റിലെ ഉള്ളടക്കങ്ങളെ കൃത്യമായി മനസ്സിലാക്കാനും, സുരക്ഷിതമായി അതിനോട് ഇടപഴകാനും കഴിവുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുകയാണ് ഈ പദ്ധതിയിലൂടെ യു.എ.ഇ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

