കുട്ടികളുടെ വായനോത്സവത്തിന് ഇന്ന് തിരിതെളിയും
text_fieldsകഴിഞ്ഞ വർഷം ഷാർജ എക്സ്പോ സെന്ററിൽ നടന്ന കുട്ടികളുടെ വായനോത്സവം (ഫയൽ ചിത്രം)
ഷാർജ: കുട്ടികളെ അറിവിന്റെ പുതുലോകത്തേക്ക് നയിക്കുന്നതിന് ഷാർജ ബുക് അതോറിറ്റി സംഘടിപ്പിക്കുന്ന 16ാമത് ഷാർജ അന്താരാഷ്ട്ര കുട്ടികളുടെ വായനോത്സവത്തിന് ബുധനാഴ്ച തിരിതെളിയും. ‘പുസ്തകങ്ങളിലേക്ക് മുങ്ങാംകുഴിയിടാം’ എന്ന പ്രമേയത്തിൽ നടക്കുന്ന മേളക്ക് ഷാർജ എക്സ്പോ സെന്ററാണ് വേദി.
സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെയും സുപ്രീംകൗൺസിൽ ഫോർ ഫാമിലി അഫയേഴ്സ് ചെയർപേഴ്സൺ ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെയും രക്ഷാകർതൃത്വത്തിലാണ് കുട്ടികളുടെ വായനോത്സവം സംഘടിപ്പിക്കുന്നത്.
12 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 600ൽ ഏറെ ശിൽപശാലകളും സാംസ്കാരിക പരിപാടികളും അരങ്ങേറും. അറബ്, രാജ്യാന്തര എഴുത്തുകാരും ചിന്തകരും ഉൾപ്പെടെ 50ൽ ഏറെ പ്രഗല്ഭർ നയിക്കുന്ന 50ൽ അധികം ശിൽപശാലകളുമുണ്ടാകും. ഇന്ന് നടന്ന കൾചറൽ ഫോറത്തിൽ ‘നിർമിതബുദ്ധിയും പുതിയ എഴുത്തുകാരുടെ ഉദയവും’ എന്ന സെഷനിൽ ഡോ. സുമയ അൽ മദീദ്, അസ്മ സെയ്നൽ, താലിഖ് ഗുലൂം എന്നിവർ പങ്കെടുക്കും. ‘വലിയ ആശയങ്ങൾ ലളിതമാക്കൽ’ എന്ന രണ്ടാമത്തെ സെഷനിൽ ലിൻഡ ബൂത്ത് സ്വീനി, ഫാത്തിമ അൽ മസ്റൂഇ എന്നിവരും സംവദിക്കും.
കൂടാതെ നാടകങ്ങൾ, വിവിധ ഷോകൾ, തത്സമയ പരിപാടികൾ, എഴുത്തുകാരുമായുള്ള അഭിമുഖങ്ങൾ തുടങ്ങിയ കുട്ടികളുടെ മനംനിറക്കുന്ന പരിപാടികൾ 12 ദിവസവും അരങ്ങേറും. അനിമേഷൻ, ത്രീഡി മോഡലിങ്, കാക്ടർ ക്രിയേഷൻ, കോമിക്സ് പോപ് ആർട്ട്, കോസ്പ്ലേ ഹെൽമറ്റ്സ് എന്നിവയിൽ പങ്കുചേരാൻ കുട്ടികൾക്കും അവസരമുണ്ട്. കുക്കറി ഷോ, കോമിക്സ് കോർണർ എന്നിവയും ഒരുക്കുന്നുണ്ട്. പുസ്തകമേളയിലെ ഏറ്റവും വലിയ ആകർഷകമായ ശിൽപശാലകളിലൊന്നാണ് ‘ത്രെഡ് ആർട്ട്’. ‘മാംഗ ഡ്രോയിങ് ടെക്നിക്സിൽ’ കഥാപാത്രങ്ങളെ എങ്ങനെ വരക്കാമെന്നും വികാരങ്ങൾ രൂപപ്പെടുത്താമെന്നും പഠിപ്പിക്കും.
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുവരെയും വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതുവരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെയുമാണ് സന്ദർശനസമയം. സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും https://www.scrf.ae സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

