Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ ഇന്നു മുതൽ...

ഷാർജയിൽ ഇന്നു മുതൽ കുട്ടികളുടെ വായനോത്സവം

text_fields
bookmark_border
ഷാർജയിൽ ഇന്നു മുതൽ കുട്ടികളുടെ വായനോത്സവം
cancel
camera_alt

ഷാർജയിലെ കുട്ടികളുടെ വായനോത്സവം (ഫയൽ ചിത്രം)

ഷാർജ: കുട്ടികൾക്കായുള്ള ഉത്സവം എന്നതിലുപരി ആഘോഷമാണ് ഷാർജയിലെ കുട്ടികളുടെ വായനോത്സവം. കുട്ടികൾ കേൾക്കാൻ കാതോർത്തിരിക്കുന്ന കുട്ടിക്കഥകളുടെയും കവിതകളുടെയും വിസ്മയ ലോകമാണ് ഷാർജയിൽ 12 വർഷമായി നടന്നു പോരുന്നത്. ഇത്തവണ വ്യത്യസ്ത പരിപാടികൾകൂടി ഉൾപ്പെടുത്തി ആകർഷകമാക്കിയാണ് 13ാമത് കുട്ടികൾക്കായുള്ള വായനോത്സവം ഷാർജ എക്സ്പോ സെൻററിൽ ബുധനാഴ്ച തുടക്കം കുറിക്കും. ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഇന്ന് വായനോത്സവം ഉദ്ഘാടനം ചെയ്യും.

12 ദിവസം നീളുന്ന മേളയിലേക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ രാത്രി എട്ട് വരെയും വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതു വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയുമാണ് പ്രവേശനം. പുസ്തകങ്ങളുടെയും കുട്ടിക്കഥകളുടെയും വിസ്മയങ്ങളുടെയും കലവറതന്നെയാണ് ഇവിടെ ഒരുക്കിയത്. 'സർഗാത്മകത സൃഷ്ടിക്കുക'എന്ന പ്രമേയത്തിലാണ് ഷാർജ അൽ താവൂനിലെ എക്സ്പോസെന്‍ററിൽ ഇത്തവണത്തെ മേള. വായനോത്സവത്തോടനുബന്ധിച്ച് സാഹിത്യ, വിജ്ഞാന, കല, വിനോദ, സാംസ്കാരിക മേഖലകളിലായി വിദ്യാർഥികളുടെയും അവർക്കുവേണ്ടിയുള്ള രചനകളും പുസ്തകങ്ങളും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്.

വരും ദിവസങ്ങളിൽ സ്കൂളുകളിൽനിന്ന് ഒരുമിച്ചും അല്ലാതെയും വിദ്യാർഥികൾ വായനോത്സവത്തിൽ പങ്കെടുക്കാനെത്തും. കുട്ടികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വെബ്സൈറ്റ് വഴിയും നേരിട്ടെത്തിയും സൗജന്യ രജിസ്ട്രേഷൻ നടത്താം. പ്രവാസി മലയാളികളടക്കമുള്ള കുട്ടികളുടെ പരിപാടികളും മേളയിലെ സജീവ കാഴ്ചയാണ്. ഇന്ത്യൻ രചയിതാക്കളായ വിഭാബത്രയും കുട്ടിക്കഥകളുടെ എഴുത്തുകാരി അനിത വച്ചരഞ്ചിനിയും മേളയിൽ സാന്നിധ്യമറിയിക്കും. 2021ലെ സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം നേടിയ അമൃത ഷേർഗിൽ എന്ന പുസ്തകത്തിന്‍റെ രചയിതാവാണ് അനിത. വായനക്കാരെ ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന എഴുത്തുകാരി പ്രിയ കുര്യൻ മേളയിലെ മലയാളിത്തിളക്കമാവും. 'അമ്മച്ചിയുടെ കണ്ണട'എന്ന പുസ്തകത്തിന്‍റെ രചയിതാവാണ് പ്രിയ കുര്യൻ.

22 വരെ നടക്കുന്ന വായനോത്സവത്തിൽ ഇന്ത്യയിൽനിന്നടക്കം 12 രാജ്യങ്ങളിൽനിന്നുള്ള 139 പ്രസാധകർ തങ്ങളുടെ ഏറ്റവും പുതിയ പുസ്തകങ്ങളുമായി പങ്കെടുക്കും. 750 ശിൽപശാലകളാണ് മേളയുടെ മറ്റൊരു പ്രത്യേകത. കൂടാതെ, 130 കലാപരിപാടികളുമുണ്ടാകും. പാചക പ്രദർശനം, മത്സരങ്ങൾ, നാടകം, കായിക പരിപാടികൾ എന്നിവയും വായനോത്സവത്തിന്‍റെ ഭാഗമാണ്. 76 പ്രസാധകരുമായി യു.എ.ഇയാണ് പട്ടികയിൽ ഒന്നാമത്. ലബനാൻ, ഈജിപ്ത്, സിറിയ, ജോർദാൻ, യു.എസ്, കുവൈത്ത്, ഖത്തർ, സുഡാൻ, മൊറോക്കോ, ഇന്ത്യ, കനഡ, സൗദി അറേബ്യ, ഇറാഖ് എന്നിവയാണ് പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങൾ.

വായനോത്സവത്തിൽ കുട്ടികളെ രസിപ്പിക്കാൻ പ്രശസ്തരായ 25 ലോകോത്തര എഴുത്തുകാർ പങ്കെടുക്കുന്നുണ്ട്. നിരവധി അന്താരാഷ്ട്ര എഴുത്തുകാർ വായനോത്സവത്തിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. യുവതലമുറയെ അവരുടെ സർഗാത്മകതയുടെ ലോകത്തേക്ക് തുറന്ന് വിടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും അറിവ് മെച്ചപ്പെടുത്താനുമാണ് വായനോത്സവം ലക്ഷ്യമിടുന്നത്.

റോബോട്ട് മൃഗശാലയടക്കം മേളയിൽ വ്യത്യസ്ത പരിപാടികൾ

റോബോട്ടുകൾകൊണ്ടൊരു മ്യഗശാലയും മേളയിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പഠിക്കാൻ എട്ട് അനിമൽ റോബോട്ടുകളും 15ഓളം പരിപാടികളും സൂവിലുണ്ട്. ചെറിയ ജീവികളെ വലിയ റോബോട്ടിക് ജീവികളായി അവതരിപ്പിക്കുന്നതാണ് റോബോട്ട് മൃഗശാലയുടെ സവിശേഷത. ഏറ്റവും ചെറിയ ജീവിവർഗങ്ങളെപ്പോലും ആകർഷകമായും യഥാർഥ ജീവിത സവിശേഷതകളോടെയുമാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഇത് ചെറിയ കുട്ടികളെ മൃഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് രസകരമായി പഠിക്കാൻ സഹായിക്കും. മാജിക് സ്കൂൾ ബസ്, മാജിക് ലാബ്, ദി മിസ്റ്റിക്കൽ ഗാർഡൻ, ഐസ് സ്കേറ്റിങ്, ബ്രിക് പീപ്ൾ, അക്ബർ ദി ഗ്രേറ്റ് നഹി രഹേ, സെതുറ എന്നിവ ശ്രദ്ധ പിടിച്ചുപറ്റും.

കിഡ്‌സ് ഇൻ ആക്ഷൻ വിഭാഗം 3-5 വയസ്സുള്ള കുട്ടികൾക്കായി തുറന്നിരിക്കുന്നു. അവിടെ 264 സർഗാത്മക പ്രവർത്തനങ്ങളാണ് ഒരുക്കിയത്. ലോകമെമ്പാടുമുള്ള നിരവധി കലാകാരന്മാരുടെ നേതൃത്വത്തിൽ 100ലധികം പ്രവർത്തനങ്ങളിലൂടെ കോമിക്സ് രചനകളുടെ ലോകവും മേളയിൽ ഒരുക്കിയിട്ടുണ്ട്. ഏഴ് രാജ്യങ്ങളിലെ പ്രശസ്തരായ എട്ട് ഷെഫുകൾ അവതരിപ്പിക്കുന്ന 30ലധികം പാചക പ്രവർത്തനങ്ങളുമായി ജനപ്രിയ കുക്കറി കോർണർ മേളയിലെ മറ്റൊരു പ്രത്യേകതയാണ്. യു.കെയിൽനിന്നുള്ള സിയാര ആറ്റ്‌വെൽ, സാലി ബീ, യു.എസിൽനിന്നുള്ള ഡാരിയോ സ്റ്റീഫൻ, സിറിയയിൽനിന്നുള്ള താബെറ്റ് ഷാം അൽ അസിൽ, ഈജിപ്തിൽനിന്നുള്ള നജ്‌ല ഷെർഷാബി, മലേഷ്യയിൽനിന്നുള്ള അനിസ് നബീല, ഫാറ്റിന ദാഹർ (ലബനാൻ), നിദാൽ അൽ ബ്രൈഹി ജോർദാൻ എന്നിവരാണ് ഷെഫുകൾ.

'പോയട്രി നൈറ്റ്'സാഹിത്യ മത്സരവും മേളയിലുണ്ട്. യുവ പ്രതിഭകളെ അവരുടെ പാരായണവും പൊതു പ്രകടന കഴിവുകളും വികസിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്ന മത്സരമാണിത്. പോയട്രി നൈറ്റ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 3000, ദിർഹം 2000, 1000 ദിർഹം എന്നിവ സമ്മാനമായി ലഭിക്കും.

ദേ​വി വൈ​ഷ്ണ​വി

എഴുത്തനുഭവം പങ്കിടാൻ മലയാളി വിദ്യാർഥിനി

അജ്മാൻ ഇന്‍റർനാഷനല്‍ ഇന്ത്യൻ സ്കൂളിലെ ദേവി വൈഷ്ണവി എന്ന 11 വയസ്സുകാരി മലയാളി വിദ്യാർഥിനി തന്‍റെ എഴുത്തനുഭവങ്ങൾ പങ്കുവെക്കും. ആറാം നമ്പർ ഹാളിലെ കിഡ്സ് ക്രിയേറ്റിവ് കഫെ എന്ന വേദിയിൽ മറ്റു പ്രതിഭകളായ കുട്ടികളോടൊപ്പം 'ദ വോയിസ്'എന്ന വൈഷ്ണവിയുടെ മൂന്നാമത്തെ പുസ്തകം മേളയിൽ പരിചയപ്പെടുത്തും. ഇത്രയും ചെറിയ പ്രായത്തിൽതന്നെ മൂന്ന് പുസ്തകങ്ങൾ എഴുതിയ ദേവി നേരത്തേ വാംപിഡ് ദി വാംപെയർ വൈറസ്, ദ സ്കൈ സ്പീക്സ് എന്നീ പുസ്തകങ്ങൾക്ക് പുറമെ, ദ പ്രോമിസ് എന്ന കവിതാസമാഹാരവും എഴുതിയിട്ടുണ്ട്.

മേളയിലെ കുട്ടി എഴുത്തുകാർ

എഴുത്തുകാരായ സ്വദേശി ബാലിക അൽ റീം ഹമ്മാദി (9), സൗദി അറേബ്യയിൽനിന്നുള്ള തായിഫ് അൽ ദുഫൈരി (8), കായികതാരം ഫറ മുസ്തഫ (ഈജിപ്ത്), അഹ്സാൻ റംസാൻ (പാക്കിസ്താൻ), ദുബൈയിൽ താമസിക്കുന്ന ബംഗ്ലാദേശിൽനിന്നുള്ള 12 വയസ്സുകാരി അമീന ഹൊസൈൻ, പാട്രിക് ഞൊറോഗ് വാചിറ (12-കെനിയ) എന്നിവരും വിവിധ ദിവസങ്ങളിലായി കിഡ്സ് ക്രിയേറ്റിവ് കഫെയിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SharjahChildren's reading festivalRobot Zoo
News Summary - Children's reading festival starts today in Sharjah
Next Story