ഷാർജ: കലയും സംസ്കാരവും ശാസ്ത്രവും ഒരുമിക്കുന്ന ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ സാംസ്കാരിക പരിപാടികൾ ഇന്നുമുതൽ വീണ്ടും തുടങ്ങും. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മൂന്നുദിവസം വായനോത്സത്തിൽ സാംസ്കാരിക പരിപാടികൾ നിർത്തിവെച്ചിരുന്നു.
'സർഗാത്മകത സൃഷ്ടിക്കുക' എന്ന ആശയത്തിൽ ഷാർജ എക്സ്പോ സെന്ററിൽ മേയ് 11ന് തുടങ്ങിയ വായനോത്സവം മേയ് 22 വരെയാണ് നടക്കുക. നിരവധി കുട്ടികൾ, പ്രസാധകർ, ബാലസാഹിത്യ രചയിതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടിയിൽ കുട്ടികൾക്കായി നിരവധി സാംസ്കാരിക പരിപാടികളും ഒരുക്കിയിരുന്നു. മൂന്നുദിവസത്തെ ഇടവേളക്കുശേഷം സാംസ്കാരിക പരിപാടികൾ വീണ്ടും തുടരുന്നതിന്റെ ആവേശത്തിലാണ് കുരുന്നുകൾ.
ലോകമെമ്പാടുമുള്ള നിരവധി എഴുത്തുകാർ സമ്മേളിക്കുന്ന വായനോത്സവത്തിൽ 43 അന്താരാഷ്ട്ര എഴുത്തുകാരുടെ നേതൃത്വത്തിൽ 120ലധികം സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കലയും സംസ്കാരവും ശാസ്ത്രവും ഒരുമിക്കുന്ന വായനോത്സവം കാണാനായി നിരവധി കുട്ടികൾ ഇവിടെ എത്തിയിരുന്നു