കുട്ടികളുടെ ഡിജിറ്റല് സുരക്ഷ ഉറപ്പാക്കണം; മാതാപിതാക്കള്ക്ക് ജാഗ്രതാനിര്ദേശവുമായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം
text_fieldsഅബൂദബി: ഇന്റര്നെറ്റ് ലോകത്തെ ചതിക്കുഴികളില്നിന്നും ഓണ്ലൈന് അപകടങ്ങളില്നിന്നും കുട്ടികളെ സംരക്ഷിക്കാന് മാതാപിതാക്കള് കൂടുതല് ജാഗ്രത പുലര്ത്തണമെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം അഭ്യര്ത്ഥിച്ചു. അപരിചിതരുമായുള്ള സമ്പര്ക്കം, ഓണ്ലൈന് തട്ടിപ്പുകള്, വ്യക്തിഗത വിവരങ്ങള് പങ്കുവെക്കല് എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകള് കുറക്കുന്നതിന് ലക്ഷ്യമിട്ട് മന്ത്രാലയം കുടുംബങ്ങള്ക്കായി സുരക്ഷാ നിര്ദേശങ്ങള് പുറപ്പെടുവിച്ചു. അപരിചിതരുമായി സംസാരിക്കുമ്പോള് ജാഗ്രത പാലിക്കാനും, തങ്ങള്ക്ക് നേരിട്ട് അറിയാവുന്നവരുമായി മാത്രം ഡിജിറ്റല് ഇടങ്ങളില് ഇടപഴകാനും കുട്ടികളെ പഠിപ്പിക്കണമെന്ന് നിര്ദേശത്തില് വ്യക്തമാക്കുന്നു.
ഇന്റര്നെറ്റില് തങ്ങള് നേരിടുന്ന കാര്യങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാന് സാധിക്കുന്ന സുരക്ഷിതമായ അന്തരീക്ഷം വീട്ടില് സൃഷ്ടിക്കാനും കുട്ടികളില് ആത്മവിശ്വാസവും വിശ്വാസ്യതയും വളര്ത്തിയെടുക്കാനും മാതാപിതാക്കളെ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നു. ഓണ്ലൈന് തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്ന നിര്ദേശങ്ങളില്, വരുന്ന ലിങ്കുകളിലും സന്ദേശങ്ങളിലും ക്ലിക്ക് ചെയ്യുന്നതിനോ മറുപടി നല്കുന്നതിനോ മുമ്പായി അവയുടെ സത്യാവസ്ഥ പരിശോധിച്ച് ഉറപ്പുവരുത്താന് കുട്ടികളെ ഉപദേശിക്കുന്നുമുണ്ട്. കൂടാതെ, ചിത്രങ്ങളോ വ്യക്തിഗത വിവരങ്ങളോ ഓണ്ലൈനില് പങ്കുവെക്കരുതെന്ന് കുട്ടികളെ പഠിപ്പിച്ചുകൊണ്ട് അവരുടെ സ്വകാര്യതയും സുരക്ഷയും കാത്തുസൂക്ഷിക്കാന് കുടുംബങ്ങള് ശ്രദ്ധിക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

