ദുരിതപർവം താണ്ടി മക്കൾ നാടണഞ്ഞു; ആശ്വാസത്തോടെ രക്ഷിതാക്കൾ
text_fieldsഅബൂദബി: യുദ്ധമുഖത്തുനിന്ന് മക്കള്‍ വീടണഞ്ഞുതുടങ്ങിയതോടെ ആശ്വാസത്തിലാണ് പ്രവാസി രക്ഷിതാക്കള്‍. രണ്ട് ദിവസങ്ങളിലായി നിരവധി പ്രവാസി കുടുംബങ്ങളിലെ മക്കളാണ് യുക്രെയ്നില്‍നിന്ന് ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ വഴി നാട്ടിലേക്ക് എത്തിയത്. അബൂദബി മുറൂറിലെ അഷ്റഫിന്റെ മകള്‍ ആയിഷാ റെന്ന അടങ്ങുന്ന സംഘം ഞായറാഴ്ച പുലർച്ചെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയിരുന്നു. എട്ടു മണിക്കൂറുകളോളം വിമാനത്താവളത്തില്‍ തുടര്‍ന്ന കാത്തിരിപ്പ് വൈകീട്ടാണ് അവസാനിച്ചത്. രാത്രിയോടെയാണ് ഇവരെ അധികൃതര്‍ കേരളാ ഹൗസിലേക്ക് മാറ്റിയത്. പിന്നീട് മറ്റൊരു വിമാനത്തില്‍ കേരളത്തിലെത്താനുള്ള സജ്ജീകരണങ്ങള്‍ അധികൃതര്‍ ഒരുക്കി. ആയിഷാ റെന്ന അടക്കമുള്ളവര്‍ ഖാര്‍കിവിലെ ബങ്കറില്‍നിന്ന് ഭീകരമായ യുദ്ധസാഹചര്യങ്ങള്‍ താണ്ടിയാണ് റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയത്. തങ്ങിയിരുന്ന ബങ്കറിനുസമീപം ഷെല്ലാക്രമണമുണ്ടായതോടെ എങ്ങനെയെങ്കിലും രക്ഷപ്പെട്ടേ മതിയാവൂ എന്ന തീരുമാനമാനത്തിലാണ് പുറത്തിറങ്ങിയത്. ഭാഗ്യത്തിന് ലഭിച്ച വാനില്‍ കയറി റെയില്‍വേ സ്റ്റേഷനിലെത്തിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെവന്നത് സംഘത്തെ മാനസികമായും ശാരീരികമായും തളര്‍ത്തി. ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് കിട്ടിയ ട്രെയ്നില്‍ കയറി ലവീവില്‍ എത്തിയത്. അപ്പോഴേക്കും ബങ്കര്‍ വിട്ടിട്ട് രണ്ടു ദിവസത്തോളമായിരുന്നു. ബാത്ത്റൂമില്‍ പോകാനോ ഭക്ഷണം കഴിക്കാനോ കഴിഞ്ഞില്ലെന്ന് ആയിഷ പറയുന്നു. ജീവന് പണയം വെച്ചും സുരക്ഷിതമായ ഇടം കണ്ടെത്തുക മാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന ലക്ഷ്യം.
യുക്രെയ്ന് ഇന്ത്യന്‍ എംബസി നോട്ടീസിലൂടെ നല്കിയ നിര്‍ദേശം അവിടത്തെ സാഹചര്യത്തില്‍ ഒരു നിലയ്ക്കും പ്രായോഗികമായിരുന്നില്ലെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ലവീവില്നിന്ന് ഹംഗറി ബോര്‍ഡറിലേക്ക് 600 കിലോമീറ്ററോളം ബസില്‍ എത്തുകയായിരുന്നു. ഇവര്‍ക്ക് ഏജന്റ് ഉണ്ടായിരുന്നത് കൊണ്ടുമാത്രമാണ് ബസ് വേഗം കിട്ടിയത്. എന്നാല്‍, എങ്ങനെയൊക്കെയോ ലവീവില്‍ എത്തിയ നിരവധി കുട്ടികളാണ് ഹംഗറി, പോളണ്ട് അടക്കമുള്ള ബോര്‍ഡറുകളിലേക്ക് പോകാനാവാതെ കുടുങ്ങിക്കിടക്കുന്നത്. താരതമ്യേന പ്രശ്നബാധിത പ്രദേശമല്ലാത്ത ലവീവില്‍ എംബസി ഇടപെട്ട് ഹെല്പ് ഡെസ്കും ഭക്ഷണസാഹചര്യങ്ങളും ഒരുക്കിയാല്‍ ഏറെ ആശ്വാസമുണ്ടാവുമെന്ന് സംഘം പറയുന്നു.
ഹംഗറിയിലേക്ക് പ്രവേശിച്ചതോടെയാണ് ആശ്വാസമായത്. നാലു ദിവസത്തോളമായി ഭക്ഷണം കഴിക്കാതിരുന്ന ഇവര്‍ക്ക് ഹംഗറി അധികൃതര്‍ ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്. ഇവിടെയെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഹംഗേറിയന്‍ സര്‍ക്കാര്‍ ത്രീ സ്റ്റാര്‍ ഹോട്ടല്‍ അടക്കമുള്ള സംവിധാനങ്ങളാണ് ഒരുക്കിയത്. പിന്നീട് ഇവിടത്തെ വളന്റിയര്‍മാര്‍ എല്ലാ കാര്യങ്ങളും ഏറ്റെടുത്തു. ജര്‍മനിയില്‍നിന്ന് വളന്റിയറായി ഹംഗറിയില്‍ എത്തിയ മലയാളി ഐ.ടി പ്രഷനല്‍ രാജേഷ് ചെയ്ത സഹായം ഒരിക്കലും മറക്കാനാവില്ലെന്ന് ആയിഷ പറയുന്നു. ഒരാഴ്ചത്തെ വിസ ഹംഗറി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയിരുന്നു. അബൂദബി എംബസി അധികൃതര്‍ നല്കിയ ഹംഗറിയിലുള്ള നഹാസ് അലി എന്നയാളുടെ നമ്പർ ഏറെ ഗുണകരമായെന്നും എംബസി ഉദ്യോഗസ്ഥരോട് നന്ദിയും കടപ്പാടും അറിയിക്കുന്നതായും ആയിഷാ റെന്നയുടെ പിതാവ് അഷ്റഫ് പറഞ്ഞു. കുട്ടികള്‍ക്ക് വിമാനത്താവളത്തിലേക്ക് പോകാന്‍ നേരം ആവശ്യമായ ഭക്ഷണം ഒരുക്കിയത് നഹാസ് അലിയാണ്.
അബൂദബി മീഡിയയില്‍ ജോലിചെയ്യുന്ന നിസാറുദ്ദീന്റെ മകള്‍ ഫാത്വിമ നിസാറുദ്ദീന്‍, മുസഫയിലെ സൈദ് ഹുസൈന്റെ മകള്‍ ഫാത്വിമ ജസ്ന അടക്കമുള്ളരും നാടണഞ്ഞവരിലുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ സുരക്ഷിതരായി നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതരും രക്ഷിതാക്കളും. ഡല്‍ഹിയിലും മുംബൈയിലും എത്തുന്നവര്‍ക്ക് നാട്ടിലേക്കെത്താന്‍ നേരിടുന്ന കാലതാമസം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ചിലര്‍ സ്വന്തംനിലക്ക് ടിക്കറ്റ് എടുത്ത് നാട്ടിലെത്താന്‍ നിര്‍ബന്ധിതരാവുന്നതായും പറയുന്നു. യുക്രെയ്ന് യുദ്ധമേഖലയില്‍നിന്ന് സുരക്ഷിത ഇടങ്ങളിലേക്ക് മാറാനും നാട്ടിലേക്ക് എത്താനും കഴിയുന്നു എന്നത് ഏറെ ആശ്വാസമാണ് കുടുങ്ങിപ്പോയവര്‍ക്കും കുടുംബങ്ങള്‍ക്കും നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

