ഷാർജ കുട്ടികളുടെ വായനോത്സവത്തിന് തുടക്കമായി
text_fieldsഷാർജ: കുട്ടികളിൽസാമൂഹിക–മാനുഷിക – ശാസ്ത്ര ചിന്തകളുടെ വിത്തുവിതക്കുകയും നാളെയുടെ വീഥികൾക്ക് തണൽപകരുന്ന സ്നേഹമരങ്ങളായി അവരെ വളർത്തിയെടുക്കുകയും ചെയ്യാൻ ലക്ഷ്യമിടുന്ന ഷാർജ കുട്ടികളുടെ വായനോത്സവത്തിെൻറ പത്താം അധ്യായത്തിന് അൽ താവൂനിലെ എക്സ്പോ സെൻററിൽ ഗംഭീര തുടക്കം. അക്ഷരങ്ങളുടെ സുൽത്താനും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജാ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഉദ്ഘാടന ശേഷം വായന നഗരി ചുറ്റി നടന്ന സുൽത്താൻ കുട്ടികളുമായി കുശലം പറയുകയും അവരുടെ പഠന പാഠ്യേതരമായ കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
മണിക്കൂറുകളോളം സുൽത്താൻ ഉത്സവ നഗരിയിൽ ഉണ്ടായിരുന്നു. കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ ഉണർത്തിയെടുക്കാനും ക്രിയാത്മകമായി ഇടപ്പെടുന്ന തരത്തിലേക്ക് അവരെ വളർത്തുവാനുമുള്ള പ്രദർശനങ്ങളാണ് ഓരോ ഹാളിലും തിളങ്ങുന്നത്. 1895 മുതൽ 2018 വരെയുള്ള ശാസ്ത്രത്തിെൻറ വളർച്ച കണ്ടറിയാൻ ഒരു ക്ലിക്ക് മതി, നിശ്ചല ചിത്രമായും ചലിക്കുന്ന രംഗങ്ങളായും ചരിത്രം മുന്നിൽ പീലിവിടർത്തുകയായി. വരക്കാനും പാടാനും ആടാനും അഭിനയിക്കാനും എന്തിനേറെ കാമറ വരെ കൈകാര്യം ചെയ്യുവാനുള്ള സൗഭാഗ്യമാണ് കുട്ടികളെ കാത്തിരിക്കുന്നത്. പുസ്തകപ്രദർശനത്തിനും വിൽപനയ്ക്കും പുറമേ, കുട്ടികൾക്ക് വേണ്ടി ഒട്ടേറെ കലാ ശാസ്ത്ര പരിപാടികളും മത്സരങ്ങളും വായനോത്സവത്തിൽ നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
