കുട്ടികൾക്ക് ഇനി ഹോംവർക്ക് വേണ്ട; യു.എ.ഇയിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരം
text_fieldsഅബൂദബി: വരാനിരിക്കുന്ന 2026-2027 അധ്യയന വർഷത്തിൽ യു.എ.ഇയിലെ വിദ്യാലയങ്ങളിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ആഗസ്റ്റ് 31ന് ആരംഭിക്കുന്ന പുതിയ അധ്യയന വർഷം മുതൽ കെ.ജി 1 മുതൽ ഗ്രേഡ് 2 വരെയുള്ള വിദ്യാർഥികൾക്ക് ഹോംവർക്കുകൾ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സാറ യൂസുഫ് ആൽ അമീരി അറിയിച്ചു. പൊതുവിദ്യാലയങ്ങൾക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വകാര്യ സ്കൂളുകൾക്കും പുതിയ തീരുമാനം ബാധകമാണ്.
വീട്ടുജോലികളുടെയും വർക്ഷീറ്റുകളുടെയും ഭാരമില്ലാതെ കുട്ടികളിൽ വായനാശീലം വളർത്താനും ചിന്താശേഷിയും ഭാഷാപരിജ്ഞാനവും വർധിപ്പിക്കാനുമാണ് ഹോംവർക്കുകൾ ഒഴിവാക്കുന്നത്. ചെറിയ കുട്ടികളിൽ മാനസിക സമ്മർദം കുറച്ച് കളിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ഇത് അവസരമൊരുക്കും. പാഠപുസ്തക പഠനത്തേക്കാൾ വായനക്കും കുട്ടികളുടെ സ്വാഭാവികമായ മാനസിക വളർച്ചക്കുമാണ് മന്ത്രാലയം പ്രാധാന്യം നൽകുന്നത്.
ഹോംവർക്കുകൾ ഒഴിവാക്കുന്നതോടൊപ്പം സ്കൂളുകളിലെ സ്ക്രീൻ സമയത്തിനും മന്ത്രാലയം നിയന്ത്രണമേർപ്പെടുത്തുന്നുണ്ട്. ഗ്രേഡ് 6 വരെയുള്ള വിദ്യാർഥികൾക്ക് അറബിക്, ഇംഗ്ലീഷ്, ഗണിതം, സയൻസ് എന്നീ പ്രധാന വിഷയങ്ങൾക്ക് ക്ലാസ് മുറികളിലെ ടാബ്, ടാപ്ടോപ് തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുറക്കും. ഡിജിറ്റൽ പഠനത്തേക്കാൾ പുസ്തകങ്ങളും പേനയും ഉപയോഗിച്ചുള്ള പരമ്പരാഗത രീതി കുട്ടികളുടെ ശ്രദ്ധ വർദ്ധിപ്പിക്കാനും പഠന നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
എന്നാൽ സാങ്കേതികവിദ്യയെ പൂർണമായി ഒഴിവാക്കില്ലെന്നും കമ്പ്യൂട്ടർ സയൻസ്, എ.ഐ തുടങ്ങിയ വിഷയങ്ങൾക്ക് സ്ക്രീൻ ഉപയോഗം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. കുട്ടികളുടെ പഠനത്തോടൊപ്പം പെരുമാറ്റ രീതിയും ശ്രദ്ധയും മെച്ചപ്പെടുത്താൻ ഡിജിറ്റൽ നിയന്ത്രണങ്ങൾ സഹായിക്കും. പ്രായോഗിക അറിവുകൾക്കും നൈപുണ്യ വികസനത്തിനും മുൻഗണന നൽകുന്ന വിദ്യാഭ്യാസ രീതിയിലേക്ക് മാറുക എന്നതാണ് ഈ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

