കുട്ടികളെ മാനസികമായി കരുത്തരാക്കണം
text_fieldsദുബൈ: കോവിഡ് കാലത്തെ അസാധാരണമായ സാഹചര്യങ്ങൾ സൃഷ്ടിച്ച ആഘാതങ്ങളിൽനിന്ന് കുട്ടികളെ മോചിപ്പിക്കുന്നതിന് ഗൗരവകരമായ പരിഗണന നൽകണമെന്ന് പഠനം. അധ്യാപകരുടെയും വിദ്യഭ്യാസ വിദഗ്ധരുടെയും അഭിപ്രായം രേഖപ്പെടുത്തിയ 'എവർഫി മിഡിൽ ഈസ്റ്റി'െൻറ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
കൂട്ടുകാരോടും സമപ്രായക്കാരോടും അധ്യാപകരോടുമെല്ലാം സംവദിക്കുന്ന കഴിവിൽ യു.എ.ഇയിലെ കുട്ടികൾ കോവിഡ് കാലത്ത് ഏറെ പിന്നാക്കം പോയതായി മിക്ക അധ്യാപകരും അഭിപ്രായപ്പെടുന്നു. മാനസിക സമ്മർദത്തിൽനിന്ന് ഇത്തരം കുട്ടികളെ മോചിപ്പിക്കുന്നതിന് ക്ലാസ്മുറികളിൽ പ്രഥമ പരിഗണന നൽകണമെന്നും ഇവർ പറയുന്നു.
മഹാമാരിക്കാലത്ത് കുട്ടികളെ മാനസികമായി കരുത്തരാക്കാനാണ് ക്ലാസ്മുറികളിൽ ഏറ്റവും പരിഗണന നൽകേണ്ടതെന്നാണ് പഠനത്തിലെ സുപ്രധാന നിരീക്ഷണമെന്ന് 'എവർഫി' ജനറൽ മനേജർ ഷെഹർസാദ് കലീം പറഞ്ഞു. ആരോഗ്യകരമായ പരസ്പരബന്ധം, വൈകാരികമായ അടുപ്പം, ദയാവായ്പ്, കുടുംബ-സാമൂഹിക മൂല്യങ്ങൾ, ധാർമിക സമീപനം, ക്ഷമാശീലം എന്നിവ ശീലിപ്പിക്കണമെന്ന് സർവേയിൽ പങ്കെടുത്തവർ പറയുന്നു.
ആശയവിനമയ ശേഷിയും പ്രശ്നപരിഹാര കഴിവും വളർത്തിയെടുക്കലാണ് പ്രധാനമെന്ന് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.കോവിഡ് പൂർവകാലത്തിൽനിന്ന് വ്യത്യസ്തമായി ധാരാളം കാര്യങ്ങളിൽ കുട്ടികൾക്ക് മാനസികമായ മാറ്റമുണ്ടായിട്ടുണ്ടെന്ന് എല്ലാവരും പറയുന്നു. മികച്ച ശാരീരികാരോഗ്യത്തിന് നല്ല മാനസികാരോഗ്യം അനിവാര്യമായതിനാൽ ശാരീരിക ക്ഷമതക്ക് നൽകുന്നതിനേക്കാൾ പ്രധാന്യം മാനസികമായ കരുത്ത് പകരുവാൻ വിനിയോഗിക്കണമെന്ന് ദുബൈയിലെ പ്രമുഖ സ്കൂൾ അധ്യാപിക സർവേയിൽ പറഞ്ഞു.
നിലവിൽ യു.എ.ഇയിലെ നിരവധി സ്കൂളുകൾ ഇക്കാര്യം തിരിച്ചറിഞ്ഞ് അധ്യാപകർക്കും കുട്ടികൾക്കും വേണ്ടി കൗൺസലിങ് വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. മാനസിക സമ്മർദം അനുഭവിക്കുന്നവർക്ക് കൃത്യസമയത്ത് ആശ്വാസം പകരാനാണിത്. ഇത്തരത്തിൽ ഭാവിയിൽ സർക്കാർ സംവിധാനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും കുട്ടികളുടെയും മുതിർന്നവരുടെയും മാനസികാരോഗ്യം പരിഗണിച്ച് നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നാണ് പഠനം അടിവരയിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

