സൈബറിടങ്ങളിൽ കുട്ടികൾക്ക് പീഡനം: 188 പേർ അറസ്റ്റിൽ
text_fieldsദുബൈ: ഓൺലൈനിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത 188 പേർ പിടിയിൽ. യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ രാജ്യാന്തര തലത്തിൽ നടന്ന നീക്കത്തിലാണ് 14 രാജ്യങ്ങളിൽ നിന്നായി 188 പ്രതികൾ അറസ്റ്റിലായത്. റഷ്യ, ഇന്തോനേഷ്യ, ബെലറൂസ്, സെർബിയ, കൊളംബിയ, തായിലാന്‍റ്, നേപ്പാൾ, പെറു, ബ്രസീൽ, ഫിലിപ്പൈൻസ്, കിർഗിസ്താൻ, ഇക്വഡോർ, മാൽഡീവ്സ്, ഉസ്ബെക്കിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പ്രതികൾ. ഓൺലൈൻ വഴി കുട്ടികളുടെ ദുരുപയോഗം തടയാൻ ലക്ഷ്യമിട്ട് അന്താരാഷ്ട്ര തലത്തിൽ നടന്ന നീക്കത്തിന് നേതൃത്വം നൽകിയത് യു.എ.ഇ ആഭ്യന്തര മന്ത്രാലയമാണ്. അതിസങ്കീർണമായ നീക്കത്തിലൂടെ വിത്യസ്ത രാജ്യങ്ങളിൽ നിന്നായി 165 കുട്ടികളെ സൈബർ കുറ്റവാളികളിൽ നിന്ന് രക്ഷപ്പെടുത്താനും 28 ക്രിമിനൽ ശൃംഖലകളെ തകർക്കാനും കഴിഞ്ഞു.
കുറ്റകൃത്യത്തിനായി ഉപയോഗിച്ചിരുന്ന നിരവധി ഇലക്ട്രോണിക് അകൗണ്ടുകളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനും വിത്യസ്ത രാജ്യങ്ങളിലായി ഓൺലൈൻ നിരീക്ഷണത്തിന് ഡിജിറ്റൽ സംഘത്തെ രൂപവത്കരിക്കാനും കഴിഞ്ഞതായി യു.എ.ഇ ആഭ്യന്തര മന്ത്രി സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. കൂടാതെ ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനായി പൊലീസ് ഏജൻസികൾ തമ്മിലുള്ള വൈദഗ്ധ്യങ്ങളുടെ കൈമാറ്റത്തിന് ഈ നീക്കം അവസരം നൽകി. ലോകമെമ്പാടുമുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനും സാമൂഹികമായ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി പ്രകടിപ്പിച്ച മാനുഷികമായ പ്രതിബദ്ധക്കും എല്ലാ പങ്കാളികൾക്കും നന്ദി അറിയിക്കുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

