നവകേരള നിർമാണം വിദേശ സഹായം അടഞ്ഞ അധ്യായം; നാം നമ്മുടെ ശക്തി തെളിയിക്കണം –മുഖ്യമന്ത്രി
text_fieldsപുനർനിർമാണമല്ല, ദുരന്തങ്ങൾ ബാധിക്കാത്ത വിധം നവകേരളം സൃഷ്ടിക്കലാണ് ലക്ഷ്യം
അബൂദബി: പ്രളയം ബാധിച്ച കേരളത്തെ സഹായിക്കാൻ ചില വിദേശ രാജ്യങ്ങൾ മുന്നോട്ട് വന്നെങ്കിലും കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട് കാരണം ആ വാതിൽ അടഞ്ഞുപോയെന്നും കേരളീയർ സ്വന്തം ശക്തി മുഴുവനായി ഉപയോഗിക്കേണ്ട സന്ദർഭമാണ് ഇതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അബൂദബി ദൂസിത്താനി ഹോട്ടലിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ ഗ്രൂപ്പ് (െഎ.ബി.പി.ജി) സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളടക്കം വിദേശ രാജ്യത്തുള്ള മലയാളികൾ നവകേരള നിർമാണത്തിൽ അവരവരുടേതായ പങ്ക് വഹിക്കണം. ഒരു മാസത്തെ ശമ്പളം പത്ത് ഗഡുക്കളായി നൽകുകയെന്നത് ഒരു പൊതു അഭ്യർഥനയായി നിലനിൽക്കുേമ്പാഴും അതിന് കഴിയാത്തവർ കഴിവിനൊത്ത് സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശ സഹായം സ്വീകരിക്കേണ്ട എന്ന കേന്ദ്ര നിലപാട് തിരുത്തപ്പെടുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്. ഏറ്റവും ഒടുവിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ കണ്ടപ്പോഴും ആ പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ, ആ തുക ലഭ്യമാകാൻ വഴിയില്ലെന്ന് ഉറപ്പായിട്ടുണ്ട്. ആ തുക നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.
പ്രളയത്തിൽ കേരളത്തിന് തുണയായത് സംസ്ഥാനത്തിെൻറ മതേതര മനസ്സാണെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടു. വ്യത്യസ്ത മതസ്ഥരുടെ ആരാധനാലയങ്ങൾ, അവിടെ അഭയം തേടിയവർ ഏത് മതത്തിൽപ്പെട്ടവരായിരുന്നാലും അവർക്കെല്ലാം അഭയമൊരുക്കി. യുവതലമുറ പ്രതിബദ്ധതയോടെ മുന്നോട്ട് വന്നത് നാം കണ്ടു. കേരളത്തിേൻറതായ സൈന്യത്തെയും നാം രംഗത്തിറക്കി. മത്സ്യത്തൊഴിലാളികളായിരുന്നു ആ സൈന്യം.
ഇൗ ഘടകങ്ങളെല്ലാമാണ് പ്രളയത്തിൽനിന്ന് നമ്മെ ൈകപിടിച്ചുയർത്തിയത്. ഇപ്പോൾ പുനരധിവാസ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു. എന്നാൽ, പുനർനിർമാണമല്ല, ദുരന്തങ്ങൾ ബാധിക്കാത്ത വിധം നവകേരളം സൃഷ്ടിക്കലാണ് നമ്മുടെ ലക്ഷ്യം.
കേന്ദ്ര സർക്കാറാണ് നമ്മെ പ്രധാനമായും സഹായിക്കേണ്ടത്. ആ സഹായം മാനദണ്ഡമനുസരിച്ച് നൽകിയാൽ അതിന് പരിമിതിയുണ്ടാകും. അതിനാൽ മൊത്തം നഷ്ടത്തിെൻറ ചെറിയ ഒരു ഭാഗം മാത്രമാണ് കിട്ടുക. അതുകൊണ്ട് എവിടെയും എത്തില്ല. ബാക്കി തുക മുഴുവനും വായ്പയെടുക്കാനുമാകില്ല.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി സുഹൃത്തുക്കൾ കേരളത്തെ സഹായിക്കാനായി മുന്നോട്ട് വന്നു. പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള സഹായമായിരുന്നു അത്. അത് ഫലപ്രദമായി നടക്കുകയും ചെയ്തു. എന്നാൽ, നവകേരള സൃഷ്ടിക്കായി കൂടുതൽ തുക ആവശ്യമാണ്. ഇതിനുള്ള സഹായം നൽകാൻ ജനങ്ങളെ പ്രചോദിപ്പിക്കാൻ പ്രവാസി സംഘടനകൾക്ക് സാധിക്കും.
പ്രവാസ ലോകത്ത് സ്ഥാപനങ്ങൾ നടത്തുന്നവർ നിരവധിയുണ്ട്. തങ്ങളുടെ സ്ഥാപനങ്ങളിലെ ജീവനക്കാരെ അധികാര പ്രയോഗത്തോടെയല്ലാതെ വേതനത്തിൽനിന്ന് ഒരു ഭാഗം നൽകുന്നതിന് പ്രചോദിപ്പിക്കാൻ അവർക്ക് സാധിക്കും.
ഇത്തരത്തിൽ നേരത്തെ മാതൃകകളുണ്ടായിട്ടുണ്ട്. നിക്ഷേപരംഗത്തേക്ക് ഇറങ്ങാത്ത നിരവധി പണക്കാരും പ്രവാസലോകത്തുണ്ട്. അവരും കേരളത്തിെൻറ പദ്ധതികളിൽ നിക്ഷേപം നടത്തി നവ കേരള സൃഷ്ടിയിൽ പങ്ക് വഹിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സ്വീകരണ യോഗത്തിൽ യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡൻറ് സുധീർകുമാർ ഷെട്ടി സ്വാഗതം പറഞ്ഞു. െഎ.ബി.പി.ജി ചെയർമാൻ ഡോ. ബി.ആർ. ഷെട്ടി, വൈസ് ചെയർമാൻ എം.എ. യൂസുഫലി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
