Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിക്ക് നോർക്ക വകുപ്പും; പ്രത്യാശയോടെ ഗൾഫ് മലയാളികൾ

text_fields
bookmark_border
വർഷങ്ങളായി നേരിടുന്ന പ്രശ്നങ്ങൾക്ക്​ പരിഹാരമുണ്ടാകുമെന്നാണ്​ കരുതുന്നത്​
മുഖ്യമന്ത്രിക്ക് നോർക്ക വകുപ്പും; പ്രത്യാശയോടെ ഗൾഫ് മലയാളികൾ
cancel

​ദുബൈ: പ്രവാസികാര്യ വകുപ്പ് കൂടി​ മുഖ്യമന്ത്രി വി.ഡി. സതീശൻ ഏറ്റെടുത്തതോടെ വർഷങ്ങളായി നേരിടുന്ന അവഗണനക്ക്​ അറുതി വരു​മെന്ന പ്രതീക്ഷയിലാണ്​ പ്രവാസി മലയാളികൾ. പ്രവാസികളുടെ സ്പന്ദനങ്ങൾ കൃത്യമായി മനസ്സിലാക്കിയ മുഖ്യമന്ത്രി തന്നെ നോർക്കയുടെ അമരത്തേക്ക് വരുന്നത് ഔദ്യോഗിക പദവിക്കപ്പുറം, പ്രവാസികളോടുള്ള ഭരണകൂടത്തിന്‍റെ കരുതലായി മാറുമോയെന്ന പ്രത്യാശയിലാണ്.

പ്രവാസികാര്യ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നത് വഴി ഫയൽ നീക്കങ്ങൾ വേഗത്തിലാകുമെന്നും മറ്റ് വകുപ്പുകളുമായുള്ള ഏകോപനം എളുപ്പമാകുമെന്നാണ്​ പ്രതീക്ഷ. പ്രവാസികളുടെ പരിഹരിക്കപ്പെടാതെ കിടക്കുന്ന ഒട്ടേറെ വിഷയങ്ങളിൽ പുതിയ സർക്കാർ പ്രായോഗികവും വേഗതയേറിയതുമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നാണ് സാമൂഹിക-സാംസ്കാരിക പ്രവർത്തകരുടെ വിലയിരുത്തൽ.

അതേസമയം, കഴിഞ്ഞ സർക്കാർ പ്രവാസികൾക്കായി പ്രഖ്യാപിച്ച പല പദ്ധതികളും വാഗ്ദാനങ്ങളും പൂർണമായി ലക്ഷ്യത്തിലെത്തിയില്ലെന്ന സമ്മിശ്ര പ്രതികരണവും ഉയരുന്നുണ്ട്. വർഷങ്ങളായി ഗൾഫ് മലയാളികൾ ഉന്നയിക്കുന്ന പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ് സീസൺ സമയങ്ങളിൽ വിമാനക്കമ്പനികളുടെ ടിക്കറ്റ് കൊള്ള. ഇതിന്​ അറുതിവരുത്താൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുണമെന്നാണ് പ്രധാന ആവശ്യം. പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിസന്ധികൾക്ക് സർക്കാരിൽ നിന്ന് അടിയന്തര പരിഹാരമുണ്ടാകേണ്ടതുണ്ട്. നിലവിൽ ഈ വിഷയത്തിൽ പ്രവാസികൾ നേരിടുന്നത്​ വലിയ ചൂഷണമാണ്.

നോർക്ക പദ്ധതികൾ വഴി മൃതദേഹം നാട്ടിലെത്തിക്കാൻ സാമ്പത്തിക സഹായം നൽകുന്നുണ്ടെങ്കിലും, അപേക്ഷാ നടപടികളിലെ സങ്കീർണതയും കാലതാമസവും കാരണം അർഹരായ സാധാരണക്കാർക്ക് യഥാസമയം പ്രയോജനപ്പെടുന്നില്ല.

മൃതദേഹങ്ങൾ സൗജന്യമായും തടസ്സങ്ങളുമില്ലാതെയും നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികളുമായി ചേർന്ന് നോർക്കയുടെ കീഴിൽ സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നാണ്​ ആവശ്യം. ഗൾഫിലെ പ്രതിസന്ധി ഘട്ടങ്ങളിൽ ചാർട്ടർ വിമാന സർവീസുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടലുണ്ടാവണം.

നാട്ടിലെ തിരഞ്ഞെടുപ്പുകളിൽ ഓൺലൈൻ വഴിയോ എംബസികൾ വഴിയോ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുക, ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായുള്ള സാമ്പത്തിക സഹായങ്ങൾ കാര്യക്ഷമമാക്കുക, പ്രവാസി പെൻഷൻ കാലാനുസൃതമായി വർധിപ്പിക്കുക, പ്രവാസി വിദ്യാർഥികൾക്ക് നാട്ടിലെ പ്രൊഫഷണൽ കോളജുകളിൽ കുറഞ്ഞ ഫീസിൽ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുക , നാട്ടിലെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനുള്ള കർശനമായ നിയമനടപടികളുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളും പുതിയ സർക്കാരിന് മുന്നിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chief Minister to get Norka portfolio; Gulf Malayalis hopeful
Next Story