മകന് ഇ.ഡി നോട്ടീസ് ലഭിച്ച വിവരം മുഖ്യമന്ത്രി മറച്ചുവെച്ചു -കെ.പി.സി.സി പ്രസിഡന്‍റ്
text_fieldsകെ.പി.സി.സി പ്രസിഡന്‍റ് അഡ്വ. സണ്ണി ജോസഫ് ദുബൈ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദുബൈ: മകൻ വിവേക് കിരണ് ഇ.ഡി നോട്ടീസ് അയച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ മറച്ചുവെച്ചെന്നും അദ്ദേഹം ഡല്‍ഹിയില്‍ പോയത് കേസുകള്‍ ഒതുക്കിത്തീര്‍ക്കാനാണെന്നും കെ.പി.സി.സി പ്രസിഡന്‍റ് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ആരോപിച്ചു. സമന്‍സിനെ തുടര്‍ന്ന് വിവേക് ഹാജരായോ, അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നീ വിവരങ്ങള്‍ ഇ.ഡി വ്യക്തമാക്കണം.
മുഖ്യമന്ത്രിയും ബി.ജെ.പിയും തമ്മിലുള്ള രഹസ്യബന്ധം പരസ്യമായിരിക്കുകയാണ്. വിഷയത്തില്‍ ഇ.ഡി നിലപാട് വ്യക്തമാക്കണം. വിവേക് സമന്‍സ് ലംഘിച്ചോ എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. നിലവില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ്. കേസില്‍ ഇ.ഡി എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കിയശേഷം തുടര്‍ സമരങ്ങളും നിയമനടപടികളും കോണ്‍ഗ്രസ് ശക്തമാക്കുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് ദുബൈയില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ രണ്ട് മക്കളും പ്രതിക്കൂട്ടിലാണ്. മകന് ഇ.ഡി നോട്ടീസ് അയച്ച കാര്യം എന്തിന് മറച്ചുവെച്ചുവെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അമിത് ഷായെ പിണറായി ഡല്‍ഹിയില്‍ സന്ദര്‍ശിച്ച വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദേഹം.
ശബരിമലയിലെ സ്വർണ മോഷണത്തില്‍ സര്‍ക്കാറിന്‍റെയും സി.പി.എമ്മിന്‍റെയും പങ്ക് വ്യക്തമാണ്. ഇതില്‍ ജനശ്രദ്ധ തിരിക്കാനാണ് ഷാഫി പറമ്പില്‍ എം.പിയെ പൊലീസ് മര്‍ദിച്ചത്. ഷാഫിയെ മര്‍ദിച്ച് വിഷയം മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ജനം ഇത് തിരിച്ചറിയുന്നു. സി.പി.എം ചോരക്കളി അവസാനിപ്പിക്കണം.
ശബരിമലയില്‍ കേരളത്തിന് പുറത്തുള്ള എജന്‍സി അന്വേഷണം നടത്തണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ഹൈബി ഈഡന്‍ എം.പി, അന്‍വര്‍ സാദത്ത് എം.എല്‍.എ, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.പി. സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറി എം.എം. നസീര്‍, ഇന്‍കാസ് യു.എ.ഇ പ്രസിഡന്‍റ് സുനില്‍ അസീസ്, ദുബൈ സ്‌റ്റേറ്റ് കമ്മിറ്റി പ്രസിഡന്‍റ് റഫീഖ് മട്ടന്നൂര്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

