തട്ടിപ്പുകളിൽ നിന്ന് ജാഗ്രത– പ്രവാസികളോട് കെ.എം. ബഷീറിന് പറയാനുള്ളത്
text_fieldsദുബൈ: 32 വർഷം യു.എ.ഇയിൽ ജീവിച്ചപ്പോഴും അതിനു ശേഷവും പ്രവാസികളുടെ യാത്രാ പ്രശ്നങ്ങളിലും കരിപ്പൂർ വിമാനത്താവളത്തിെൻറ വികസനത്തിനുമായി സജീവമായി ഇടപെട്ടുപോരുന്ന മലബാർ ഡവലപ്മെൻറ് ഫോറം സ്ഥാപകൻ കെ.എം. ബഷീർ രണ്ടാഴ്ച മുൻപ് ദുബൈ വിമാനത്താവളത്തിൽ തടഞ്ഞുവെക്കപ്പെട്ടു. കുടുംബത്തോടൊപ്പം കരിപ്പൂരിൽ നിന്ന് വന്നിറങ്ങിയ ബഷീറിെൻറ ഇമിഗ്രേഷൻ നടപടിക്രമങ്ങൾക്ക് ശേഷമാണ് തടയപ്പെട്ടത്. എതിരെ കേസുള്ളതിനാൽ പുറത്തിറങ്ങാനാവില്ല എന്നായിരുന്നു എമിഗ്രേഷൻ ഓഫീസർ അറിയിച്ചത്.
പ്രവാസി വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകളെ തുടർന്ന് വന്ന കേസ് ആണെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നെയാണറിയുന്നത് 16000 ദിർഹമിെൻറ ചെക്ക് കേസാണെന്ന്. തെൻറ ചെക്കുകൾ മടങ്ങിയ ചരിത്രമില്ലെന്നും സാമ്പത്തിക തിരിമറികൾ നടത്തിയിട്ടില്ല എന്നുമൊക്കെ വിശദീകരിച്ചെങ്കിലും കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയ വിവരങ്ങൾ ബഷീറിനെക്കുറിച്ചു തന്നെ. 32 വർഷക്കാലം പ്രവർത്തിച്ച സ്വന്തം തട്ടകമായ ഷാർജയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഷാർജയിലെ ശൈഖ് അബ്ദുല്ലാ മുഹമ്മദ് അൽ ഖാസിമിയുടെ പബ്ലിക് അഫയേഴ്സ് മാനേജറായിരുന്ന ബഷീർ ഉന്നത മേധാവികളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധ്യമായില്ല. അങ്ങിനെ ജയിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞയുടൻ സഅ്ബീൽ പാലസിലെ എ.പി.ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ ഷാർജ ബുഹൈറ പോലിസുമായി ബന്ധപ്പെട്ടത് രക്ഷയായി.
സഹോദരി കെ.എം. റസിയ പണം സ്റ്റേഷനിൽ കെട്ടിവെച്ചതോടെ പത്തു മണിക്കൂറിനകം മോചനവും ലഭിച്ചു. തുടർന്ന് നടത്തിയ ഫയൽ പരിശോധനയിലാണ് പ്രശ്നത്തിെൻറ യാഥാർഥ്യം വ്യക്തമായത്. 2008 ൽ റദ്ദാക്കിയ ബാങ്ക് ചെക്കിൽ കള്ളയൊപ്പിട്ട് ജെ ആൻറ് െജ എന്ന കമ്പനിയിൽ സമർപ്പിച്ച് സാധനങ്ങൾ വാങ്ങിയ തട്ടിപ്പുസംഘമാണ് ബഷീറിനെ ചെയ്യാകുറ്റത്തിെൻറ പേരിൽ തീ തീറ്റിച്ചത്. ചെക്ക് മോഷണ വിവരം ബോധ്യമായതോടെ ഷാർജാ പോലിസ് ഉപമേധാവി ഡോ. കലീഫ കലന്തർ കമ്പനി നടത്തിപ്പുകാരനായ മലയാളിയെ വിളിച്ചുവരുത്തി. തന്നെ അറിയില്ല എന്നും മലയാളികളായ മറ്റു രണ്ടു പേരാണ് ചെക്ക് നൽകിയതെന്നുമായിരുന്നു അദ്ദേഹത്തിെൻറ മറുപടി. ചെക്ക് മോഷണം നടത്തി വ്യാജ ഒപ്പിട്ട് ദുരുപയോഗം ചെയ്തതാണെന്ന് വ്യക്തമായി തെളിഞ്ഞതോടെ കെട്ടിവെച്ച 16000 ദിർഹം മടക്കി നൽകി.
അക്കൗണ്ട് രേഖകൾ പൊലീസിന് കൈമാറുമ്പോൾ പാലിക്കേണ്ട സൂക്ഷ്മത ബാങ്ക് അധികൃതർ കാണിച്ചില്ലെന്നും ഫയലിലെ ഒപ്പും, ചെക്കിലെ ഒപ്പും താരതമ്യപ്പെടുത്തി നോക്കിയിരുന്നെങ്കിൽ ഇൗ പ്രശ്നങ്ങളുണ്ടാവില്ലായിരുന്നുവെന്നും ബഷീർ പറയുന്നു.ചെക്ക് മോഷ്ടാക്കൾക്കെതിരെയും വീഴ്ച വരുത്തി തന്നെയും കുടുംബത്തെയും മനോവിഷമത്തിലാക്കിയ ബാങ്ക് അധികൃതർക്കെതിരെയും നിയമനടപടി സ്വീകരിക്കാനാണ് ബഷീറിെൻറ തീരുമാനം.
തെൻറ ഭാഗത്ത് തെറ്റുകളില്ലെന്ന പൂർണബോധ്യമുള്ളതിനാൽ ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ നടത്തിയ ഇടപെടലും ഉന്നത പൊലീസ് അധികാരികളുടെ കാര്യബോധവും കാരണമാണ് തനിക്ക് മണിക്കൂറുകൾക്കകം പുറത്തിറങ്ങാനായതെന്നും ചെക്കുകൾ, ടെലിഫോൺ സിം കാർഡുകൾ, ഡ്രൈവിങ്ങ് ലൈസൻസ് തുടങ്ങിയ മറ്റു രേഖകളും ഭദ്രമായി സൂക്ഷിച്ചില്ലെങ്കിൽ ഏതു പ്രവാസിയും ഏതു സമയവും ഇത്തരം കുരുക്കുകളിൽ പെട്ട് മേനാവിഷമം അനുഭവിക്കേണ്ടി വന്നേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.
വിമാനത്താവളത്തിൽ തടഞ്ഞുവെക്കപ്പെട്ട സമയത്തും ഒരു പ്രവാസിയുടെ യാത്രാ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണാനായത് പൊതുജീവിതത്തിലെ സുന്ദര നിമിഷമാണെന്ന് ബഷീർ ഒാർക്കുന്നു. അബൂദബി വിമാനത്താവളത്തിലെ വിമാന കമ്പനി ജീവനക്കാരിയുടെ കൈപ്പിഴ മൂലം പാസ്പോർട്ട് നഷ്ടമായി ഇംഗ്ലണ്ട് യാത്ര മുടങ്ങിയേക്കുമായിരുന്ന കൊയിലാണ്ടി സ്വദേശി ബിജേഷ് ബാലകൃഷ്ണന് പുതിയ പാസ്പോർട്ടിന് സൗകര്യങ്ങളൊരുക്കാൻ എം.കെ. രാഘവൻ എം.പിയുമായി ബഷീർ ആശയവിനിമയം നടത്തിയത് തടവിലാക്കപ്പെടുന്നതിന് തൊട്ടുമുൻപായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
